ആറിടത്ത് അപകടം
1583735
Thursday, August 14, 2025 1:28 AM IST
കാര്‍ ഇടിച്ച്
വീട്ടുമതില്‍ തകര്‍ന്നു
വരന്തരപ്പിള്ളി: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് വീട്ടുമതില്‍ തകര്‍ന്നു. അപകടത്തില്‍പ്പെട്ട കാര്‍ കിണറില്‍ വീഴാതിരുന്നതു വലിയ അപകടം ഒഴിവായി. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന കോളജ് വിദ്യാര്‍ഥിയായ കല്ലൂര്‍ സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വരന്തരപ്പിള്ളി റൊട്ടിപ്പടിക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. പട്ടലപറമ്പില് രുഗ്മണിയുടെ വീട്ടുമതിലാണ് തകര്‍ന്നത്. മതില് ഇടിച്ചുതകര്‍ത്ത കാര്‍ കിണറിന്റെ കൈവരിയോടുചേര്‍ന്ന് തടഞ്ഞുനില്ക്കുകയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷൈജു പട്ടിക്കാട്ടുകാരന്, ബിന്ദു പ്രിയന് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ മതിൽ തകർത്തു. തൃശൂർ - ഷെർണൂർ സംസ്ഥാന പാതയിൽ പരുത്തിപ്രയിൽവച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഇടവഴിയിൽനിന്നും സംസ്ഥാന പാതയിലേക്കു കയറുന്നതിനിടെയാണ് നിയന്ത്രണംവിട്ട് കാർ സമീപത്തെ ചെമ്പത്തേതിൽ മുഹമ്മദ് ബഷീറിന്റെ മതിൽ തകർത്തത്. പരുത്തിപ്ര സ്വദേശി തച്ചടി ഹംസയുടെ മകൾ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന ചായക്കടയിൽ ജനങ്ങൾ ഇല്ലാത്തത് വൻ അപകടം ഒഴിവായി. ആർക്കും പരിക്കില്ല. ഇടിയിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
കാർ ടോറസിലും
ബൈക്കിലും ഇടിച്ചു
വടക്കാഞ്ചേരി: നിയന്ത്രണംവിട്ട കാർ ടോറസ് ലോറിയിലും പിന്നീട് ബൈക്കിലും ഇടിച്ച് അപകടം. വാഴക്കോട് വച്ചായിരുന്നു സംഭവം. അപകടത്തിൽ കാർയാത്രികർക്കും ബൈക്ക് യാത്രികനും നിസാരപരിക്കേറ്റു. ഗുരുവായൂരിൽനിന്നും വരികയായിരുന്ന പാലക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ക്ഷേത്രദർശനത്തിനു
വന്ന ഭക്തരുടെ
ഓട്ടോറിക്ഷ തീപിടിച്ചു
ഗുരുവായൂർ: ക്ഷേത്രദർശനത്തിന് എത്തിയ ഭക്തരുടെ ഓട്ടോറിക്ഷ തീപിടിച്ചു. മലപ്പുറം ആലത്തിയൂർ തൃപ്പംങ്ങോട്ട് എണ്ണാഴി വീട്ടിൽ പ്രദീപിന്റെ ഓട്ടോറിക്ഷയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെ ദേവസ്വത്തിന്റെ മൾട്ടിലെവൽ പാർക്കിംഗിലാണു സംഭവം. പ്രദീപും കുടുംബവും ഗുരുവായൂരിലെത്തി ഓട്ടോറിക്ഷ പാർക്കുചെയ്ത് ദർശനത്തിനുപോയിരുന്നു.
പാർക്ക് ചെയ്ത ഓട്ടോറിക്ഷയിൽനിന്ന് പുക ഉയരുന്നതുകണ്ട പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാർ ഉടൻതന്നെ തീകെടുത്തുന്ന ഉപകരണം ഉപയോഗിച്ച് തീകെടുത്തി. പിന്നീട് ദർശനത്തിനുപോയ ഓട്ടോയുടെ ഉടമയെ അനൗൺസ് ചെയ്ത് വിളിച്ചുവരുത്തി. ഓട്ടോറിക്ഷയുടെ കത്തിപ്പോയ മോട്ടോർ ശരിയാക്കിയശേഷം കുടുംബം തിരിച്ചുപോയി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു നിഗമനം.
ടോറസ് ലോറി ഇടിച്ച്
ലോട്ടറി വിൽപ്പനക്കാരനു
പരിക്ക്
ചാവക്കാട്: ടോറസ് ലോറി ഇടിച്ച് സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. തെക്കഞ്ചേരി സ്വദേശി താഴിയകൊമ്പൻകട്ടി അസീസിനാ (62)ണു പരിക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചാവക്കാട് സെന്ററിൽ ട്രാഫിക് ഐലന്റിനു സമീപമാണ് അപകടം.
സൈക്കിളും ലോറിയും ചേറ്റുവ റോഡിൽനിന്നാണ് വന്നിരുന്നത്. സെന്ററിൽ എത്തിയ സൈക്കിൾ വടക്കോട്ടും ലോറി പടിഞ്ഞാറോട്ടും തിരിയുന്നതിനിടയിൽ ലോറി സൈക്കിളിൽ ഇടിച്ചു. അസീസും സൈക്കിളും ലോറിക്കടിയിൽ കുടുങ്ങുകയായിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ച അസീസിനെ പിന്നീട് അമല ആശുപത്രിയിലേക്കു മാറ്റി. ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചാവക്കാട് സെന്ററിൽ ഇത്തരത്തിലുള്ള അപകടം പലപ്പോഴും നടന്നിട്ടുണ്ട്. രണ്ടുപേർ മരിച്ചു. ഗതാഗത സംവിധാനത്തിലെ അപാകതയാണ് കാരണമെന്ന് ആരോപണമുണ്ട്.
ബസ് പിക്കപ്പ് വാനിൽ
ഇടിച്ച് അപകടം;
ബസിന്റെ പിൻചക്രങ്ങൾ ഊരിത്തെറിച്ചു
വാടാനപ്പിള്ളി: പിക്കപ്പ് വാനിൽ ഇടിച്ച സ്വകാര്യ ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ബസ് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാടാനപ്പിള്ളി ആൽമാവ് വളവിൽ ഇന്നലെ സന്ധ്യക്കായിരുന്നു അപകടം. തട്ടിൽ എന്ന സ്വകാര്യ ബസാണ് എതിരെ വന്നിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചത്. ഈ സമയം ബസിൽ യാത്രക്കാർ ഇല്ലായിരുന്നു.
കാറ്റുപോയ ബസിന്റെ ടയർ മാറ്റിയിട്ടശേഷം നിശ്ചിത സമയത്തിന് കാഞ്ഞാണിയിൽ നിന്ന് ട്രിപ്പ് ഓടാൻ അമിത വേഗതയിൽ പോകുമ്പോഴാണ് ബസ് കുപ്പിവെള്ളം നിറച്ചുവന്നിരുന്ന വാനുമായി കൂട്ടിയിടിച്ചത്. വാൻ ബസിന്റെ ടയർ ഭാഗത്താണ് ഇടിച്ചത്. ഇതോടെ വീൽ ഒടിഞ്ഞ് ടയർ വാതിലിനു പിന്നിലേക്ക് തള്ളിപ്പോയി. ബസ് മറിയുന്ന നിലയിൽ റോഡിന്റെ നടുഭാഗത്ത് ചെരിഞ്ഞുനിൽക്കുകയായിരുന്നു. വാനിന്റെ മുൻഭാഗവും തകർന്നു. ആർക്കും പരിക്കില്ല.
പൊലീസും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണു ഗതാഗതം നിയന്ത്രിച്ചത്. ക്രെയിനും എക്സ്കവേറ്ററും കൊണ്ടുവന്നാണ് മണിക്കൂറുകൾക്കുശേഷം ബസ് റോഡിന്റെ നടുവിൽനിന്നു മാറ്റിയത്.