ട്രാഫിക് പരിഷ്കാരത്തിൽ വലഞ്ഞ് യാത്രക്കാർ
1583207
Tuesday, August 12, 2025 2:03 AM IST
തൃശൂർ: തിരക്കേറെയുള്ള സെന്റ് തോമസ് കോളജ് റോഡിലെ പോലീസിന്റെ പുതിയ ഗതാഗതപരിഷ്കാരം ജനങ്ങളെ വലയ്ക്കുന്നു. ആന്പക്കാടൻ ജംഗ്ഷനിൽ സ്ഥാപിച്ച ഡിവൈഡറാണു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. റോഡിന്റെ വീതികുറവും വാഹനപ്പെരുപ്പവും ഇടറോഡുകളിൽനിന്നുള്ള വാഹനങ്ങളുടെ കയറ്റിറക്കവുംമൂലം പൊതുവേ തിരക്കുള്ള ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഡിവൈഡറാണു പുതിയ പ്രശ്നങ്ങൾക്കു വഴിവച്ചത്.
അരിയങ്ങാടി ഭാഗത്തുനിന്നു വരുന്നവർക്കു കിഴക്കേകോട്ട ഭാഗത്തേക്കു പോകുന്നതിനും സെന്റ് തോമസ് കോളജ് റോഡിൽനിന്നു പള്ളിക്കുളം റോഡിലേക്കോ അരിയങ്ങാടി റോഡിലേക്കോ പോകുന്നതിനും ഇതോടെ കൂടുതൽ ദൂരം സഞ്ചരിച്ച് കറങ്ങിവരേണ്ട അവസ്ഥയാണ്.
പലരും പോലീസിന്റെ കണ്ണുവെട്ടിച്ച് ജംഗ്ഷനിൽ യുടേണ്‍ എടുക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. നേരത്തേ ഒരു ഹോംഗാർഡ് മാത്രം ഗതാഗതം നിയന്ത്രിച്ചിരുന്ന സ്ഥാനത്തു നിലവിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ സേവനമെങ്കിലും വേണമെന്ന അവസ്ഥയാണ്.