ലോറിക്കു തീപിടിച്ച് കിടക്കനിര്‍മാണ സാമഗ്രികള്‍ കത്തിനശിച്ചു
1583966
Friday, August 15, 2025 1:17 AM IST
കൊടകര: കൊപ്രക്കളം - കല്ലേറ്റുങ്കര റോഡിലെ പാറേക്കാട്ടുകരയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ചതു പരിഭ്രാന്തി പരത്തി.
പാറേക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കിടക്കനിര്മാണശാലയിലേക്ക് ഈറോഡുനിന്ന് നിര്മാണസാമഗ്രികളുമായി വരികയായിരുന്ന ലോറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം.
ലോറിയുടെ പിറകുവശത്തുനിന്ന് പുക ഉയരുന്നതായി ബൈക്ക് യാത്രക്കാരനാണ് അറിയിച്ചതെന്നു ലോറി ഡ്രൈവര്‍ ഭാഗ്യരാജ് പറഞ്ഞു. തുടര്‍ന്നു വീടുകള്‍ കുറവുള്ള ഭാഗത്തു ലോറി നിര്‍ത്തി. അപ്പോഴേക്കും ലോറിക്കുള്ളിലുള്ള സാമഗ്രികള്‍ക്കു തീപിടിച്ചിരുന്നു.
അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആളൂര്‍ പോലീസും സ്ഥലത്തെത്തി. ലോറിയിലുണ്ടായിരുന്ന നിര്‍മാണ സാമഗ്രികള്‍ കത്തിനശിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.