ഇൻഫ്ളുവൻസ പടരുന്നു
1583971
Friday, August 15, 2025 1:17 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പടരുന്ന ഇൻഫ്ളുവൻസയും ഉയരുന്ന ആശങ്കയും. പനിക്കിടക്കയിലായ ജില്ലയിൽ ഈ മാസത്തെ റിപ്പോർട്ടുകൾപ്രകാരം ആദ്യ 13 ദിവസത്തിൽ ഇൻഫ്ളുവൻസ ബാധിച്ചത് 182 പേർക്ക്. മൂന്നു മരണവും റിപ്പോർട്ട് ചെയ്തു.
എച്ച് 3 എൻ 2 മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത്. വീരോലിപ്പാടം, മരത്താക്കര, കയ്പമംഗലം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. എലിപ്പനിയിൽ നാലുമരണവും ഡെങ്കിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
12,276 പേർക്കു പനിബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ 142 പേരെ അഡ്മിറ്റ് ചെയ്തു. കഴിഞ്ഞ നാലിനാണ് കൂടുതൽപേരെ അഡ്മിറ്റ് ചെയ്തത് -1119, കുറവ് മൂന്നിന് - 727പേർ. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 95 പേർ ചികിത്സതേടിയപ്പോൾ 42 പേരെ അഡ്മിറ്റ് ചെയ്തു.
എലിപ്പനിയിൽ 36 പേർ ചികിത്സതേടിയപ്പോൾ 23 പേരെ അഡ്മിറ്റ് ചെയ്തു.
ലക്ഷണങ്ങൾ
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം. ചിലരിൽ ന്യുമോണിയ പോലുള്ള സങ്കീർണതകൾ ഉണ്ടാവാം. ചിലരിൽ വയറുവേദന, വയറിളക്കം എന്നിവയും കണ്ടുവരുന്നു.
പകരുന്ന രീതി
രോഗബാധയുള്ള വ്യക്തി ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികളിലൂടെ വായുവിലൂടെ പകരുന്നു. രോഗാണുക്കൾ ഉള്ള പ്രതലങ്ങളിൽ സ്പർശിച്ചശേഷം കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാലും രോഗം വരാം.
ചികിത്സയും പ്രതിരോധവും
വാക്സിനേഷൻ ഇൻഫ്ളുവൻസ തടയാൻ സഹായിക്കും. പതിവായി കൈകൾ കഴുകുക, മാസ്ക് ധരിക്കുക, തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക എന്നിവയും പ്രതിരോധത്തിനു പ്രധാനമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുക.