കൊയ്ത്തുമെതിയന്ത്ര ഇടപാടിൽ 134.16 കോടിയുടെ തട്ടിപ്പ്
1583753
Thursday, August 14, 2025 1:28 AM IST
തൃശൂർ: കൊയ്ത്തുമെതിയന്ത്ര ഇടപാടിൽ കർഷകരുടെ വ്യാജരേഖയുണ്ടാക്കി 134.16 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. അരിന്പൂരിലുള്ള കർഷകക്കൂട്ടായ്മ പോലീസ് കമ്മീഷണർക്കു നല്കിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അഡ്വ. സി.ആർ. ജെയ്സണ്‍ മുഖാന്തരം നല്കിയ ഹർജിയിലാണു നടപടി.
കൃഷിവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.ബി. സന്തോഷ്, സുമേഷ് കുമാർ, സൂരജ് കണ്ണൻ എന്നിവർക്കു സമൻസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.
2019 മുതൽ 2024 വരെയുള്ള കാലയളവിൽ 104 കൊയ്ത്തുമെതിയന്ത്രങ്ങളാണ് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് മുഖാന്തരം വിതരണംചെയ്തത്.
ഇതിൽ ഭൂരിപക്ഷവും കർഷകരുടെ വ്യാജരേഖയുണ്ടാക്കി പണംതട്ടിയെടുത്തെന്നാണ് ആരോപണം. 25,80,000 രൂപ വിലയുള്ള യന്ത്രത്തിന്റെ മുഴുവൻ തുകയും ഒരുമിച്ചടയ്ക്കുന്പോഴാണ് അന്‍പതുശതമാനം സബ്സിഡി ലഭിക്കുന്നത്.
എന്നാൽ യന്ത്രം വാങ്ങിയതായി രേഖകളിൽ കാണിച്ചിട്ടുള്ള പലരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമാണ്. ഇതരസംസ്ഥാനലോബികളും ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷികളുടെ സഹായത്തോടെ കർഷകരുടെ വ്യാജരേഖകളും ഒപ്പും സീലുമുണ്ടാക്കി പണം അടച്ചതായി രേഖയുണ്ടാക്കിയാണു തട്ടിപ്പുനടത്തിയതെന്നു കർഷകക്കൂട്ടായ്മ ചൂണ്ടിക്കാട്ടി. രേഖയിൽ കാണിച്ചിട്ടുള്ള പലരുടെയും കൈവശം നിലവിൽ മെതിയന്ത്രങ്ങൾ ഇല്ലെന്നു കണ്ടെത്തിയതായും പറഞ്ഞു.
പത്രസമ്മേളനത്തിൽ കർഷകക്കൂട്ടായ്മ അംഗങ്ങളായ പി.വി. നിഥുൻ, സി.എൽ. ജോണ്സണ്, എം.ഡി. പ്രവീണ്‍, പി.കെ. കേരളകുമാരൻ എന്നിവർ പങ്കെടുത്തു.