ജനകീയ മത്സ്യക്കൃഷിക്കെതിരേ നാട്ടുകാർ
1583211
Tuesday, August 12, 2025 2:03 AM IST
എരുമപ്പെട്ടി: പഞ്ചായത്തിലെ രണ്ടാംവാർഡ് പതിയാരം കാവാലംചിറയിൽ ആരംഭിച്ച ജനകീയ മത്സ്യക്കൃഷി പദ്ധതിക്കെതിരേ പ്രദേശവാസികളായ ഒരുവിഭാഗം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിലെ പതിയാരം, മണ്ടംപറമ്പ് പ്രദേശവാസികളാണ് കാവാലാംചിറ സംരക്ഷണസമിതി രൂപീകരിച്ച് ജനകീയപ്രതിഷേധം നടത്തുന്നത്. സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ച് കാവാലംചിറയുടെ പുനർനിർമാണം നടത്തിയതാണ്. പ്രദേശവാസികൾക്ക് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കും പ്രാദേശിക മത്സ്യബന്ധനത്തിനുമായാണ് ചിറ നവീകരിച്ചത്.
എന്നാൽ ഇപ്പോൾ പ്രദേശവാസികളായ നാട്ടുകാർക്ക് ചിറയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് സമിതി പ്രവർത്തകർ ആരോപിക്കുന്നു. ജനകീയ മത്സ്യക്കൃഷിയുടെ പേരിൽ പഞ്ചായത്ത് ഏതാനുംപേർചേർന്ന് രൂപീകരിച്ച ഗ്രൂപ്പ് സഹായസംഘത്തിന് പഞ്ചായത്ത് കുളം വിട്ടുനൽകിയിരിക്കുകയാണ്.
ഇതോടെ കുളം പൂർണമായി വലകെട്ടിമറച്ച നിലയിലായി. ആളുകൾക്ക് പേരിനൊരു കുളക്കടവ് തുറന്നിട്ടുണ്ടെങ്കിലും ഇവിടെ എണ്ണ, സോപ്പ് എന്നിവ ഉപയോഗിച്ച് കുളിക്കാൻപാടില്ലെന്നും മത്സ്യമോഷണം തടയാനെന്ന പേരിൽ കുളത്തിനു ചുറ്റും നിരീക്ഷണകാമറകൾ സ്ഥാപിക്കാൻ നീക്കംനടക്കുന്നതായും പറയുന്നു. ഇതോടെ സ്ത്രീകളടക്കമുള്ളവർക്ക് ഇവിടെ കുളിക്കുവാനും വസ്ത്രങ്ങൾ കഴുകാനിറങ്ങാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും സമിതി പ്രവർത്തകർ പറയുന്നു.
മുൻ കാലങ്ങളിൽ വർഷം 15,000 രൂപയ്ക്കു മുകളിൽ മത്സ്യം ലേലംചെയ്തിരുന്ന കുളം ടെന്ഡർ നടപടികളില്ലാതെ വെറും 500 രൂപയ്ക്ക് നൽകിയിരിക്കുകയാണെന്നും പദ്ധതി നടപ്പാക്കുന്നതിനുപിന്നിലെ അഴിമതി അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും സമിതി പരാതിനൽകിയിട്ടുണ്ട്. മത്സ്യക്കൃഷി ഉദ്ഘാടനച്ചടങ്ങുനടന്ന കാവാലംചിറ പരിസരത്ത് സംരക്ഷണസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിധർണ നടത്തി. തുടർന്ന് കുളത്തിൽ ഇറങ്ങി കുളിച്ചും നാട്ടുകാർ പ്രതിഷേധിച്ചു.
സമിതിപ്രവർത്തകരായ എം.സി. പ്രദീപ്, എ.വി. വിനീഷ്, തോമസ് വളയത്തിൽ, വി.പി. ബിജു, പ്രബീഷ്, വർഷ പ്രദീപ് എന്നിവർ നേതൃത്വംനൽകി.