ദേശീയപാത വികസനം: ഗതാഗതക്കുരുക്ക് നിയന്ത്രണാതീതം
1583972
Friday, August 15, 2025 1:17 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ പേരിൽ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ നരകയാതനയുടെ പാരമ്യത്തിലെത്തി നിൽക്കുകയാണ് പ്രദേശവാസികളും വാഹന യാത്രികരും.
ഇന്നലെ വെളുപ്പിന് അങ്കമാലി ദിശയിൽ മുരിങ്ങൂരിൽ തുടങ്ങിയ ഗതാഗതക്കുരുക്ക് നീണ്ടത് പോട്ടയും കടന്ന് കിലോമീറ്ററുകളോളം. ഉച്ചകഴിയും വരെ അക്ഷരാർത്ഥത്തിൽ ജനങ്ങൾ നേരിട്ടത് സമാനതകളില്ലാത്ത ദുരിതം. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഇരുദിശകളിലും രൂക്ഷമായ ഗതാഗതസ്തംഭനമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്.
ബദൽ റോഡുകളായി ഉപയോഗിക്കുന്ന പാതകളെല്ലാം കുണ്ടും കുഴിയുമാണ്. ഇതിനിടയിൽ മഴയും എത്തുന്നതോടെ കുരുക്ക് കൂടുകയാണ്. രണ്ടു ദിവസം മഴ മാറിനിന്നാൽ ബദൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പിന് ചാക്കിന്റെ വില പോലുമില്ലെന്നതാണ് യാഥാർഥ്യം.
വാഹനങ്ങൾ ഊടുവഴികളിലൂടെ വഴിതിരിച്ചു വിട്ട് കുരുക്കഴിക്കാൻ പോലീസും ഹോം ഗാർഡുകളും കഠിന പ്രയത്നം നടത്തുന്നുണ്ടെങ്കിലും നിയന്ത്രണാതീതമാണ്.
മണിക്കൂറുകൾ വൈകിയാണ് കുട്ടികൾ സ്കൂളിലെത്തുന്നതെന്ന് പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. തിരക്കുകൾക്കിടയിൽ രോഗികളുമായി പോകുന്ന ആംബുലൻസ് ഡ്രൈവർമാരും ബന്ധുക്കളും അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതല്ല. ജനങ്ങൾക്ക് അവരുടെ തൊഴിലിടങ്ങളിലേക്കോ ഓഫീസുകളിലേക്കാ സമയത്തിന് എത്താനാകുന്നില്ല.
കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ കാര്യം അതിലും ശോചനീയമാണ്. മഴ ഒരു മണിക്കൂർ മാറി നിന്നാൽ അന്തരീക്ഷം പൊടിപടലംകൊണ്ട് നിറയും.
കരാർ കമ്പനിക്ക് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ തൊഴിലാളികൾ ഇല്ലെന്ന വസ്തുത തിരിച്ചറിയാൻ നാഷണൽ ഹൈവേ അഥോറിറ്റിക്ക് കഴിയാത്തതാണോ അറിഞ്ഞിട്ടും മൗനം പാലിക്കുന്നതാണോ എന്ന സംശയം ജനം മുന്നോട്ടുവയ്ക്കുന്നു.
കരാർ കമ്പനിയെ നിരീക്ഷിക്കാനും കുറ്റമറ്റരീതിയിൽ നിർമാണം നടത്തിക്കാനും നാഷണൽ ഹൈവേ അഥോറിറ്റിക്കോ ജനങ്ങളെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ട് പരിഹാരം കാണാൻ ജനപ്രതിനിധികൾക്കാേ സാധിക്കുന്നില്ല എന്നതാണ് ഖേദകരം.
നാലാഴ്ചക്കാലം ടോൾ പിരിവ് നിർത്തിവച്ച് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ അതിനുളളിൽ സുഗമസഞ്ചാരം സാധ്യമാക്കുവാനുള്ള ഇടപെടൽ ഹൈവേ അഥോറിറ്റിയും കരാർകമ്പനിയും സ്വീകരിക്കുമെന്നാണ് ജനങ്ങൾ കരുതിയിരുന്നത്. നിർമാണക്കമ്പനിയുടെ മെല്ലെപോക്കിനെതിരെയും പ്രാദേശിക ഭരണകൂടങ്ങളെയും പൊതുജനങ്ങളെയും മാനിക്കാതെയുള്ള ധാർഷ്ട്യത്തിനെതിരെയും എൻഎച്ച് അധികൃതരുടെ അനാസ്ഥക്കെതിരെയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയാൽ പോലീസിനെ വിളിച്ച് കേസെടുപ്പിക്കുമോയെന്ന ഉൾഭയമാണ് സാധാരണക്കാരെ സമരത്തിൽ നിന്നകറ്റുന്നത്. ഇത് മുതലെടുക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്.
ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പുലർത്തുന്ന മൗനവും അത് ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതല്ല.
മാനദണ്ഡങ്ങളും സമയക്രമവും പാലിച്ചുള്ള നിർമാണത്തിന് കരാർ കമ്പനി സന്നദ്ധമല്ലെങ്കിൽ അവരെ കരാറിൽ നിന്നും നീക്കി പുതിയ ടെൻഡർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.