പീച്ചിഡാം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
1583977
Friday, August 15, 2025 1:17 AM IST
കണ്ണാറ: മലയോരഹൈവേയിൽ ഒരപ്പൻപാറയ്ക്കുസമീപം റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണു സംഭവം ഉണ്ടായത്. ചടച്ചി ഇനത്തിൽപ്പെട്ട മരം ഒടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കണ്ണാറ മുതൽ പായ്ക്കണ്ടം വരെയുള്ള മേഖലയിൽ മറിഞ്ഞുവീഴാറായ നിരവധി മരങ്ങളാണു റോഡരികിൽ നിൽക്കുന്നത്. ഇതുവഴികടന്നുപോകുന്ന യാത്രക്കാർക്കു ഏറെ അപകടഭീഷണിയാണിവ. എന്നാൽ അവ മുറിച്ചുനീക്കാൻവേണ്ട നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.