കമ്മീഷണർ ഓഫീസിലേക്കു ബിജെപി മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1583752
Thursday, August 14, 2025 1:28 AM IST
തൃശൂർ: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കു ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സുരേഷ്ഗോപി എംപിയുടെ ഓഫീസിനുനേരേ സിപിഎം നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച ബിജെപി ജില്ലാ അധ്യക്ഷൻ ഉൾപ്പടെയുള്ളവരെ പോലീസ് മർദിച്ചതിനെതിരേയാണ് കമ്മീഷണർ ഓഫീസിലേക്കു മാർച്ച് നടത്തിയത്. പഴയനടക്കാവിലെ ഓഫീസിൽനിന്നാരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിനുസമീപം പോലീസ് തടഞ്ഞു. വനിതകളടക്കം നിരവധി പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജനങ്ങൾ തൃശൂരിൽ തോല്പിച്ചതിനു സിപിഎമ്മും എൽഡിഎഫും ബിജെപിയുടെ നെഞ്ചത്തുകയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എംപിയുടെ ഓഫീസിലെ ബോർഡിൽ കരിഓയിലൊഴിച്ച് ചെരിപ്പുമാലയിട്ട നടപടി തൃശൂരിലെ വോട്ടർമാരെ അധിക്ഷേപിക്കുന്നതാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു.
തൃശൂർ ജില്ലാ പ്രഭാരിയും സംസ്ഥാനസെക്രട്ടറിയുമായ എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ്കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, കോർപറേഷൻ കൗണ്‍സിലർമാർ, ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.