സിപിഎം-ബിജെപി ഏറ്റുമുട്ടൽ
1583449
Wednesday, August 13, 2025 1:29 AM IST
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിലും കന്യാസ്ത്രീകൾക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ചു സിപിഎം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാന്പ് ഓഫീസിലേക്കു നടത്തിയ പ്രകടനവും പിന്നാലെ ബിജെപി സിപിഎം ഓഫീസിലേക്കു സംഘടിപ്പിച്ച പ്രതിഷേധമാർച്ചിലും നഗരം മുൾമുനയിലായതു മണിക്കൂറുകൾ. പോലീസിന്റെ ഇടപെടലിൽ ഒഴിവായതു വൻസംഘർഷം. സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകൻ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ മാർച്ച്.
ഇതു തടയാനെത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇരുഭാഗത്തുനിന്നും രൂക്ഷമായ കല്ലേറും നടന്നു. പോലീസ് ബലം പ്രയോഗിച്ചാണു സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ബിജെപി പ്രവർത്തകരെ എംജി റോഡിലേക്കും സിപിഎം പ്രവർത്തകരെ പാർട്ടി ഓഫീസ് വളപ്പിലേക്കും ബലംപ്രയോഗിച്ചു മാറ്റിയതോടെയാണു സംഘർഷത്തിന് അയവു വന്നത്. കല്ലേറിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സെക്രട്ടറി പി.കെ. ബാബുവടക്കം നാലുപേർക്കു പരിക്കേറ്റു.
വൈകീട്ട് അഞ്ചരയോടെ സിപിഎം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമൂലയിൽനിന്നു നടത്തിയ മാർച്ചിലാണു സംഘർഷം തുടങ്ങിയത്. ഓഫീസ് പരിസരത്തു റോഡിൽ ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞെങ്കിലും ബോർഡിൽ കരിഓയിൽ ഒഴിച്ചതോടെ സംഘർഷത്തിലേക്കു നീങ്ങി. ബാരിക്കേഡ് തള്ളിമാറ്റാനും പ്രവർത്തകർ ശ്രമിച്ചു.
നേതാക്കൾ ഇടപെട്ടാണു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. തുടർന്നു പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ജലപീരങ്കി ഉൾപ്പെടെ വൻ പോലീസ് സന്നാഹം സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. ഒരു പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നേതാക്കൾ ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു. മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.
കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചു ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ഓഫീസിലേക്കു നടത്തിയ മാർച്ചിലും വൻസംഘർഷമുണ്ടായി. ബിജെപി ഓഫീസിൽനിന്ന് ആദ്യം പഴയനടക്കാവിലേക്കും അവിടെനിന്ന് തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി കോർപറേഷനുമുന്നിൽ പ്രതിഷേധം അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതുപ്രകാരമാണ് പോലീസ് വിന്യാസമുണ്ടായിരുന്നത്.
പക്ഷേ, അപ്രതീക്ഷിതമായി ബിജെപി പ്രവർത്തകർ പഴയനടക്കാവിൽനിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധമാർച്ചായി എത്തുകയായിരുന്നു. പോലീസ് പത്തു മീറ്റർ അകലെവച്ചു മാർച്ച് തടഞ്ഞെങ്കിലും നഗരത്തിലുണ്ടായിരുന്ന സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ വൻ സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകർ പരസ്പരം മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഉന്തുംതള്ളുമുണ്ടായി. ഇടയ്ക്കു പോലീസിനു ലാത്തിവീശേണ്ടിവന്നു.
തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ ഇടതുമുന്നണിക്കു കഴിയുന്നില്ലെന്നു ബിജെപി മാർച്ച് ഉദ്ഘാടനംചെയ്ത സംസ്ഥാനസമിതിയംഗം ഉല്ലാസ് ബാബു പറഞ്ഞു. ബിജെപി സിറ്റി ജില്ലാ അധ്യക്ഷനുൾപ്പെടെയുള്ളവരെ തല്ലിച്ചതച്ചതിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.