National
മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെ മുംബൈ ജോഗേശ്വരിയിലെ ശ്യാം നഗര് തടാകത്തിന് സമീപം കൃത്രിമ കുളത്തില് ഇറങ്ങിയ 19-കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. തൊഴിലാളിയായ രോഹിത് ഭീമു രാത്തോഡ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
തടാകക്കരയില് നിര്മിച്ച അഞ്ച് കൃത്രിമ നിമഞ്ജന കുളങ്ങളില് നാലെണ്ണം അര്ധരാത്രിയോടെ പ്രവര്ത്തനം അവസാനിപ്പിച്ച് അടച്ചിരുന്നു. എന്നാല് ഇതിലൊന്നിലേക്ക് രോഹിത് പ്രവേശിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന് തന്നെ സമീപത്തെ ട്രോമ കെയര് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില് പൊലിസും ബിഎംസി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച മുംബൈയിലുണ്ടായ രണ്ടാമത്തെ വൈദ്യുതാഘാത ദുരന്തമാണിത്. ലാല്ബാഗ് ഏരിയയിലെ ഗണേശ പന്തലിന് സമീപം ക്യൂവില് നിന്ന എട്ടുവയസുകാരി ഉള്പ്പെടെ രണ്ടുപേര് വൈദ്യുതാഘാതമേറ്റ് മരിക്കുകയും നാലുപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
National
ചണ്ഡീഗഡ്: 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്ട്ടി (എഎപി) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന 'വീടുവീടാന്തര' പ്രചാരണത്തിന് മുഖ്യമന്ത്രി ഭഗവന്ത് മാന് തുടക്കമിട്ടു. സ്വന്തം മണ്ഡലമായ ധൂരിയില് നിന്നാണ് അദ്ദേഹം ഈ ക്യാമ്പയിന് ആരംഭിച്ചത്. സര്ക്കാരിന്റെ കഴിഞ്ഞ 4.5 വര്ഷത്തെ ഭരണനേട്ടങ്ങള് ഉള്പ്പെടുത്തിയ 'റിപ്പോര്ട്ട് കാര്ഡ്' ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
സൗജന്യ വൈദ്യുതി, ആം ആദ്മി ക്ലിനിക്കുകള് വഴിയുള്ള സൗജന്യ വൈദ്യസഹായം, മികച്ച സര്ക്കാര് വിദ്യാഭ്യാസം, സ്വകാര്യ സ്കൂളുകളിലെ അമിത ഫീസ് തടയല്, മാവാന് ധിയാന് യോജന വഴിയുള്ള ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികള് ഭഗവന്ത് മാന് ചൂണ്ടിക്കാട്ടി. സര്ക്കാരിന്റെ ഇളവുകള് കാരണം ഒരു കുടുംബത്തിന് പ്രതിവര്ഷം ശരാശരി 1.80 ലക്ഷം രൂപയോളം ലാഭിക്കാന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷ പാര്ട്ടികളായ കോണ്ഗ്രസിനെയും ശിരോമണി അകാലിദളിനെയും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമര്ശിച്ചത്. അകാലിദള് പഞ്ചാബ് രാഷ്ട്രീയത്തില് നിന്ന് തുടച്ചുനീക്കപ്പെട്ടെന്നും, ബിജെപിയുടെ ലഹരിവിരുദ്ധ പ്രചാരണം വെറും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബിലേക്ക് ലഹരിമരുന്നുകള് ഗുജറാത്ത് വഴിയാണ് എത്തുന്നതെന്നും മാന് കുറ്റപ്പെടുത്തി. 2027-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വീടുകളിലും എത്തി വോട്ടര്മാരുമായി നേരിട്ട് സംവദിക്കാനാണ് എഎപിയുടെ തീരുമാനം.
National
ഇൻഡോർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇൻഡോറിൽ നടത്തുന്ന 'ഛാത്രോം കി ഗൂഞ്ച്' വിദ്യാർഥി സംവാദ പരിപാടിയിൽ നിന്ന് യുവാക്കളെ അകറ്റി നിർത്താൻ ഭരണകൂടവും പൊലിസും ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപണം. നഗരത്തിലെ കോച്ചിംഗ് സെന്ററുകളെയും ഹോസ്റ്റലുകളെയും ഭരണകൂടം ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
സെപ്റ്റംബർ 19 ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ ഇൻഡോർ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സുരക്ഷാ ഉത്തരവാദിത്തം കോച്ചിംഗ് സെന്ററുകൾ ഏറ്റെടുക്കണമെന്ന് കാണിച്ച് പൊലീസ് നിർബന്ധിച്ച് സത്യവാംഗ്മൂലത്തിൽ ഒപ്പുവെപ്പിക്കുകയാണെന്ന് പവൻ ഖേര എക്സിലൂടെ ആരോപിച്ചു. ഇത് സംരക്ഷണമല്ല, മറിച്ച് ഭയപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു.
പരിപാടിയുടെ സുരക്ഷാ നിബന്ധനകളിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള വർമ കമ്മീഷൻ റിപ്പോർട്ട് പൊലിസ് പരാമർശിച്ചതും കോൺഗ്രസിന്റെ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും, പരിപാടിയുടെ സുഗമമായ നടത്തിപ്പിനാണ് മുൻഗണനയെന്നും പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ചതും, വേദി മാറ്റേണ്ടി വന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ പോര് രൂക്ഷമായിരുന്നു.
National
ന്യൂഡൽഹി: ശിശുക്കൾക്കുള്ള ഉത്പന്നങ്ങളിൽ അനാവശ്യ പരസ്യ പ്രചാരണങ്ങൾ നടത്തുകയും ആവശ്യത്തിന് പോഷക ഗുണമില്ലാതെ വിപണിയിലിറക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ കമ്പനിയായ നെസ്ലെ ഇന്ത്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമനടപടി സ്വീകരിച്ചു.
മൂന്ന് പ്രധാന ശിശു പോഷകാഹാര ഉത്പന്നങ്ങൾക്കെതിരെയാണ് അതോറിറ്റി മൂന്ന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തത്. 'നാൻ എക്സെല്ല പ്രോ സ്റ്റേജ് 1', 'ലാക്ടോജൻ പ്രോ 1' എന്നീ ഉത്പന്നങ്ങളിൽ എളുപ്പത്തിൽ ദഹിക്കുന്ന 'വേ പ്രോട്ടീൻ', '5 എച്ച്എംഒ എന്നിവ അടങ്ങിയിട്ടുണ്ടെന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ പരസ്യ പ്രചാരണങ്ങളെയാണ് ഫുഡ് സേഫ്റ്റി അഥോറിറ്റി ചോദ്യം ചെയ്തത്. ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ വിൽപന കൂട്ടാനായുള്ള പരസ്യപ്രചാരണങ്ങൾക്ക് വിലക്കുണ്ട്.
കുട്ടികൾക്കുള്ള ഫോളോ-അപ്പ് ഫോർമുല ഉത്പന്നത്തിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ജീവകം ബി7 അഥവാ ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡത്തേക്കാൾ കുറവാണെന്ന് കണ്ടെത്തി.
ആരോപണങ്ങൾ തള്ളിക്കളഞ്ഞ നെസ്ലെ വക്താവ്, തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ലേബലുകളും ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ വിദഗ്ധ സമിതി അംഗീകരിച്ചതാണെന്ന് വ്യക്തമാക്കി. ലേബലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അധികൃതർക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
International
വാഷിംഗ്ടൺ ഡി.സി: പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളായ സിഎൻഎൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് വിലക്ക് ഉടനടി പ്രാബല്യത്തിൽ വരുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
ഈ മാധ്യമങ്ങൾ തന്റെ ഭരണകൂടത്തിനെതിരെ നിരന്തരം "വ്യാജവാർത്തകളും നുണകളും" പ്രചരിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തെ മോശമായി ചിത്രീകരിക്കാൻ ഈ മാധ്യമങ്ങൾ മനഃപൂർവം ശ്രമിക്കുകയാണെന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. മറ്റ് പ്രമുഖ മാധ്യമങ്ങൾക്കെതിരെയും ഭാവിയിൽ സമാന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് 'പൊളിറ്റിക്കോ' എന്ന മാധ്യമത്തിന് എട്ട് ദശലക്ഷം ഡോളറിന്റെ ഗവൺമെന്റ് സബ്സ്ക്രിപ്ഷൻ ലഭിച്ചതായും ഇത് വലിയ അഴിമതിയാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പത്രസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും തങ്ങളുടെ വാർത്താസംഘത്തിന് പൂർണ പിന്തുണ നൽകുമെന്നും സിഎൻഎൻ വ്യക്തമാക്കി.
റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകളും നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ച സംഭവത്തിൽ ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യ തകർച്ചയുടെ ലക്ഷണങ്ങളാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് മമതാ ബാനർജി പക്ഷത്തിനും അരുപ് റോയ് പക്ഷത്തിനും പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. "ആദ്യം ശിവസേന, പിന്നെ എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരേ പാറ്റേണാണ് ഓരോ തവണയും കാണുന്നത്," എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു പാർട്ടിയെ മുഴുവനായി 'മോഷ്ടിക്കാൻ' കഴിയുമെങ്കിൽ, കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കപ്പെടുന്നത് അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു. "വോട്ടുമോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണവും ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു," രാഹുൽ കൂട്ടിച്ചേർത്തു.
ജനവിധി സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, അത് അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഈ പോരാട്ടം മമതാ ബാനർജിയുടേത് മാത്രമല്ലെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ വോട്ടർമാരുടേതുമാണെന്നും വ്യക്തമാക്കി.
ഒക്ടോബർ ആറി ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് വന്നിട്ടുള്ളത്. ഇരുകൂട്ടരോടും പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
National
അമൃത്ർ: പഞ്ചാബിൽ പൊലിസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഭഗവന്ത് മാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശിരോമണി അകാലിദൾ (സ്എഡി)അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്ന നിലയിലാണെന്ന് അദ്ദേഹം ആരോപിച്ചു.
അമൃത്സറിലെ ഹക്കീമ പൊലിസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ഹർജിത് സിംഗാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. എഎസ്ഐ കൊല്ലപ്പെട്ട സംഭവവും സമീപകാലത്തുണ്ടായ ബോംബ് സ്ഫോടനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബാദൽ സർക്കാരിനെതിരെ രംഗത്തെത്തിയത്. സംസ്ഥാനത്ത് മോഷണവും തട്ടിക്കൊണ്ടുപോകലും മയക്കുമരുന്ന് ഉപയോഗവും വർധിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസുകാർക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും പ്രതാപ് സിംഗ് ബജ്വയും വിമർശിച്ചു. കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു എഎസ്ഐ (ജസ്പ്രീത് സിംഗ്) വെടിയേറ്റു പരിക്കേറ്റ സംഭവവും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.
ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട എഎസ്ഐ ഹർജിത് സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ എക്സ് ഗ്രേഷ്യയും ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുകയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. വിഷയത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ ആശംസകൾ അറിയിച്ചു. തങ്ങളുടെ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന തന്ത്രപ്രധാനമായ സൗഹൃദബന്ധം കൂടുതൽ ദൃഢമാവുകയാണെന്ന് നേതാക്കൾ എടുത്തുപറഞ്ഞു.
"എന്റെ സുഹൃത്തായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ഉന്മേഷവും വിജയവും ആശംസിക്കുന്നു" എന്ന് എക്സിൽ കുറിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും സഹകരണത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യയെ ഒരു ലോകശക്തിയാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായക പങ്കുവഹിച്ചുവെന്ന് നെതന്യാഹു പ്രശംസിച്ചു. ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തം മുൻപെങ്ങുമില്ലാത്തവിധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദിയിൽ മോദിക്കുള്ള ആഗോള സ്വാധീനത്തെയും റഷ്യ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെയും പുടിൻ അഭിനന്ദിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. മോദിയുടെ 25 വർഷത്തെ പൊതുസേവനവും വികസന സംഭാവനകളും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർത്തെടുത്തു. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വാഡ്നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി ഒരു മാസക്കാലം നീളുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനുമായി ഗുവാഹത്തിയിലെ സത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്തുടനീളമുള്ള വീടുകളിലും ആരാധനാലയങ്ങളിലും ദീപങ്ങളോ മെഴുകുതിരികളോ തെളിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള ഒരു മാസക്കാലം പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുസേവനത്തെ മുൻനിർത്തി പ്രത്യേക ക്ഷേമ-സേവന പരിപാടികളോടെ ആഘോഷിക്കും.
അസമിലെ പരമ്പരാഗത ശൈലിയിൽ 'ആശിർബാദോർ ബോന്തി' എന്ന പേരിൽ വീടുകളിലും ക്ഷേത്രങ്ങളിലും നാംഘറുകളിലും സത്രങ്ങളിലും സന്ധ്യയ്ക്ക് ആയിരക്കണക്കിന് ദീപങ്ങൾ തെളിക്കും. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 11 പ്രത്യേക പരിപാടികൾ ബി.ജെ.പി സംഘടിപ്പിക്കും. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം 'ഇന്നവേഷൻ ചലഞ്ച്' മത്സരവും നടത്തും.
2047-ഓടെ ഭാരതത്തെ 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചതായി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഒക്ടോബർ 7-ന് മോദി പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്നത് ബിജെപി പ്രവർത്തകർക്ക് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി മേജർ നവ്യ ഷെഖാവത്ത് ചരിത്രം സൃഷ്ടിച്ചു. മുൻപ് 2025-ൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി ആദ്യമായി രാഷ്ട്രപതിയുടെ എഡിസി ആയി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയായും കരസേനയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായും മേജർ നവ്യ മാറുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സിഡിഎസ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. 2021-ൽ ആർമി സർവീസ് കോർപ്സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിൽ രാഷ്ട്രപതിയെ സഹായിക്കുക, സൈനിക-ഔദ്യോഗിക പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് എഡിസിയുടെ പ്രധാന ചുമതലകൾ. രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എ.ഡി.സിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവും. മികച്ച സേവന പശ്ചാത്തലവും അച്ചടക്കവും വൈദഗ്ധ്യവും തെളിയിക്കുന്ന യുവ ഉദ്യോഗസ്ഥരെയാണ് അതീവ പ്രാധാന്യമുള്ള ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്.
National
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഭാര്യ ഗുർപ്രീത് കൗറിനെതിരെ കടുത്ത അഴിമതി ആരോപണവുമായി ശിരോമണി അകാലിദൾ (എസ്എഡി) അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോഗ ജില്ലയിലെ നിഹാൽ സിംഗ് വാലയിൽ നടന്ന 'പഞ്ചാബ് ബച്ചാവോ' റാലിയിൽ സംസാരിക്കവെ, കേസുകൾ ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ച ബാദൽ, ഗൂഗിൾ പേയുടെ പേരിനെ അടിസ്ഥാനമാക്കി എഎപിയുടെ ഭരണം "ഗുർപ്രീത്-പേ"എന്നാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു.
സംസ്ഥാനത്തെ വിവിധ കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനോടകം ക്യുആർ കോഡ് പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ബാദൽ ആരോപിച്ചു. പോസ്റ്ററുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ പീഡനക്കേസിലെ പ്രതിക്ക് ആശ്വാസം നൽകുന്നതിനായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഗുർപ്രീത് കൗറിന്റെ ബന്ധു നടത്തിയതായി പറയപ്പെടുന്ന 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സംഭാഷണം കേൾക്കാമെന്ന് അകാലിദൾ വക്താക്കൾ അവകാശപ്പെടുന്നു.
ലഹരിമരുന്ന് മാഫിയകൾക്കും കുറ്റവാളികൾക്കും പണം നൽകിയാൽ എഎപി ഭരണത്തിൽ ഇളവുകൾ ലഭിക്കുകയാണെന്നും അമൃത്സർ ജയിലിൽ കഴിയുന്ന പ്രതിയെ പട്യാല ജയിലിലേക്ക് മാറ്റി അവിടെ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമം നടന്നുവെന്നും ബാദൽ കുറ്റപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനും ഭാര്യയും പ്രതികരിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എഎപിയും അകാലിദളും തമ്മിലുള്ള രാഷ്ട്രീയ പോര് ഇതോടെ കൂടുതൽ കടുത്തിരിക്കുകയാണ്.
National
കോൽക്കത്ത: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്' എന്നീ പ്രയോഗങ്ങൾ നടത്തിയത് വിവാദമായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്ര ബാനോയ്ക്ക് പെട്ടെന്ന് സ്ഥലംമാറ്റം. ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലിസായി ചുമതലയേറ്റ് രണ്ടര മാസത്തിനകമാണ് ഇവരെ സ്റ്റേറ്റ് ആംഡ് പൊലിസിന്റെ നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റി നിയമിച്ചത്. സ്ഥലംമാറ്റം ഭരണപരമായ "പൊതുതാത്പര്യം മുൻനിർത്തി" മാത്രമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സൗജന്യ കോച്ചിംഗ് സെന്ററിന്റെ സേവനങ്ങളെക്കുറിച്ചും സ്വന്തം സിവിൽ സർവീസ് യാത്രയെക്കുറിച്ചും ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച പ്രചോദനാത്മക വീഡിയോയിലാണ് പരാമർശങ്ങൾ. യൂണിഫോം ധരിച്ച് സേവനം അനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കണമെന്നും മതപരമായ അഭിസംബോധനകൾ പൊതുവേദിയിൽ ഒഴിവാക്കണമെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ പ്രതിഷേധം ഉയർത്തുകയും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു.
സ്ഥലംമാറ്റ നടപടിയെ കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢി രൂക്ഷമായി വിമർശിച്ചപ്പോൾ, ഭരണഘടനാവിരുദ്ധമല്ലാത്ത വാക്ക് ഉപയോഗിച്ചതിന് ഒരു ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പങ്കുവെച്ചത്.
ഉത്തർപ്രദേശ് സ്വദേശിയായ ബുഷ്ര ബാനോ പി.എച്ച്.ഡി പൂർത്തിയാക്കിയ ശേഷം 2021-ലാണ് ഐ.പി.എസ് കരസ്ഥമാക്കുന്നത്. ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ ഈ നടപടിയിൽ ഐ.പി.എസ് അസോസിയേഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.
National
ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതി ബിൽ, 2026 പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിലേക്ക് (ജെപിസി) രണ്ട് രാജ്യസഭാ എംപിമാരെ ലോക്സഭാ സ്പീക്കർ ഓം ബിർള പ്രത്യേക ക്ഷണിതാക്കളായി നാമനിർദേശം ചെയ്തു. ജാവേദ് അലി ഖാൻ, ജെയിംസ് സാംഗ്മ എന്നിവരെയാണ് നിയമിച്ചത്.
ജെപിസിയിലേക്ക് രാജ്യസഭാംഗങ്ങളെ പ്രത്യേക ക്ഷണിതാക്കളായി നാമനിർദശം ചെയ്യുന്നത് അപൂർവ നടപടിയാണ്. ലോക്സഭാ ചട്ടം അനുസരിച്ച്, കമ്മിറ്റിയിൽ അംഗങ്ങളല്ലാത്ത എംപിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാമെങ്കിലും പാനലിന് മുന്നിൽ സംസാരിക്കാനോ സമിതി അംഗങ്ങൾക്കൊപ്പം ഇരിക്കാനോ അവകാശമില്ല. പ്രത്യേക വൈദഗ്ധ്യമുള്ളവർക്ക് പ്രത്യേക ക്ഷണിതാക്കളായി ഉദ്യോഗസ്ഥർക്കൊപ്പം പങ്കാളികളാകാം.
ബിജെപി എംപി സഞ്ജയ് ജയ്സ്വാൾ അധ്യക്ഷനായ 31 അംഗ ജെപിസിയിൽ 21 ലോക്സഭാംഗങ്ങളും 10 രാജ്യസഭാംഗങ്ങളുമുണ്ട്. എതിർപ്പുകളെത്തുടർന്ന് വിശദമായ പരിശോധനയ്ക്കായി കൈമാറിയ ബില്ലിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സമിതിയുടെ കാലാവധി അവസാനിക്കും.
International
വാഷിംഗ്ടൺ: റഷ്യൻ ഊർജ മേഖലയ്ക്ക് മേൽ ഉപരോധം ശക്തമാക്കുന്ന ബില്ലിന് അമേരിക്കൻ പ്രതിനിധി സഭയുടെ അംഗീകാരം. 159-നെതിരെ 262 വോട്ടുകൾക്കാണ് 'ലിൻഡ്സെ ഒ. ഗ്രഹാം റഷ്യ-ഇറാൻ ഉപരോധ ബിൽ 2026' പ്രതിനിധി സഭ പാസാക്കിയത്.
റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് മുൻനിര രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്നതാണ് പുതിയ നിയമനിർമാണം.
സെനറ്റ് മുൻപ് പാസാക്കിയ ബില്ല് പ്രതിനിധി സഭയും അംഗീകരിച്ചതോടെ, ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും. റഷ്യൻ ക്രൂഡ് ഓയിലിന്റെ മുൻനിര വാങ്ങലുകാരായ ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടാണ് ബില്ലിലെ ഉയർന്ന തീരുവ വ്യവസ്ഥകൾ. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 100% വരെ നികുതി ഏർപ്പെടുത്താൻ ഈ നിയമം യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നുണ്ട്. ദേശീയ താത്പര്യം മുൻനിർത്തി ഏതെങ്കിലും രാജ്യങ്ങൾക്ക് ഇളവ് നൽകാൻ പ്രസിഡന്റിന് അധികാരമുണ്ടാകും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടും അദ്ദേഹം ഭരണഘടനാ പദവിയിൽ (ഗുജറാത്ത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി പദവി വരെ) 25 വർഷം പൂർത്തിയാക്കുന്നതിനോടും അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' രാജ്യവ്യാപകമായി ആരംഭിക്കുന്നു. ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന വിപുലമായ സേവന, സാമൂഹിക, സാംസ്കാരിക പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 17-ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്തെ വീടുകളിൽ 'ആശീർവാദ് കാ ദിയ' ദീപങ്ങൾ തെളിക്കും. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി വൈകിട്ട് ഏഴിന് രാജ്യത്തെ വീടുകളിൽ ദീപം തെളിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ആഹ്വാനം ചെയ്തിരുന്നു. വൈകുന്നേരം 6.45-ന് ഉജ്ജയിനിലെ രാം ഘട്ടിൽ അദ്ദേഹം ശിപ്ര ആരതി നടത്തി ദീപം തെളിക്കും.
ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചിത്വയജ്ഞം, അങ്കണവാടി പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിക്കുന്ന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ ഏഴിന് കാൽനട ജാഥകൾ, വാഹന റാലികൾ എന്നിവയ്ക്ക് പുറമെ 'വികസിത് ഭാരത് 2047' പ്രതിജ്ഞയും പ്രവർത്തകർ ഏറ്റെടുക്കും. മോദി സർക്കാരിന്റെ വികസന പദ്ധതികളും പൊതുജനസേവനവും ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ചിത്രരചന, പ്രസംഗ മത്സരങ്ങളും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
National
ബംഗളൂരു: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉമർ ഖാലിദിനെ ഭയപ്പെടുകയാണെന്നും, അതിനാലാണ് വർഷങ്ങളായി വിചാരണ തുടങ്ങാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരാണ് രാജ്യസ്നേഹിയെന്നും രാജ്യദ്രോഹിയെന്നും തീരുമാനിക്കേണ്ടത് ബിജെപിയല്ല, രാജ്യത്തെ കോടതികളാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഉമർ ഖാലിദ് ദേശസ്നേഹിയാണെന്ന കർണാടക കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്തുണച്ചു. 2020 സെപ്റ്റംബറിൽ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഖാലിദ് വർഷങ്ങളായി ജയിലിലാണെന്നും, കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ എന്തുകൊണ്ട് നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ രംഗത്തുവന്ന എബിവിപിയുടെ നടപടിയെ ഖാർഗെ വിമർശിച്ചു.
ഗുണ്ടായിസം സഹിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിദ്യാഭ്യാസ പരിഷ്കരണങ്ങളെക്കുറിച്ചും കർണാടക പിഎസ്സി നിയമന തട്ടിപ്പുകളെക്കുറിച്ചും സംസാരിക്കാൻ എബിവിപിയോട് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന രാജ്യദ്രോഹത്തിന് തുല്യമാണെന്നും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയാണെന്നും കർണാടക ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര ആരോപിച്ചു.
International
സനാ: മാരിബ് പ്രവിശ്യയിൽ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു. തദ്ദേശീയമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ചാണ് വിമാനം വീഴ്ത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും മരുഭൂമിയിൽ കത്തുന്ന തീയും വീഡിയോയിൽ കാണാം.
അതേസമയം, ഇസ്ലാമിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ തകർത്തെന്ന് സൗദി നയിക്കുന്ന സഖ്യസേന ആരോപിച്ചു. വ്യോമപ്രതിരോധ സേന ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ നശിപ്പിച്ചതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. എന്നാൽ മക്കയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞ ഹൂതികൾ, സൗദി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ നുണകളാണെന്ന് പ്രതികരിച്ചു.
National
ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി ജോയിന്റ് കമ്മീഷനെ എതിർത്ത് ഇന്ത്യ. ജമ്മു കാഷ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം നടപടികൾക്ക് ഒരു നിയമസാധുതയുമില്ലെന്ന് വ്യക്തമാക്കി. പാകിസ്ഥാൻ നടത്തുന്ന ഈ നീക്കങ്ങൾ കപടനാടകമാണെന്നും അനധികൃതമായി കൈയേറിയ ഇന്ത്യൻ പ്രദേശങ്ങൾ ഉടൻ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഇസ്ലാമാബാദിലാണ് പാകിസ്ഥാനും ചൈനയും ചേർന്ന് അതിർത്തി കമ്മീഷന്റെ ആദ്യ യോഗം ചേർന്നത്. അതിർത്തി സർവേകൾ, വ്യാപാരം, മറ്റ് ഗതാഗത സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനായാണ് ഈ കമ്മീഷൻ രൂപീകരിച്ചതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.എന്നാൽ, പാകിസ്ഥാനും ചൈനയ്ക്കും ഇടയിൽ ഒരു അതിർത്തി നിലനിൽക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
1963-ൽ പാക് അധീന കാശ്മീരിലെ പ്രദേശങ്ങൾ ചൈനയ്ക്ക് നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച അതിർത്തി കരാർ തന്നെ നിയമവിരുദ്ധവും അസാധുവുമാണെന്ന മുൻ നിലപാട് ഇന്ത്യ വീണ്ടും ഊന്നിപ്പറഞ്ഞു. ഇന്ത്യൻ പ്രദേശങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം കരാറുകൾ ഒപ്പുവെക്കാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Kerala
പാലക്കാട്: തനിച്ചു യാത്ര ചെയ്തതിന് അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിലായ ഭീതിജനകമായ അനുഭവം പങ്കുവെച്ച് മലയാളി സോളോ ട്രാവലറും യൂട്യൂബറുമായ അരുണിമ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അരുണിമയെ ബാമിയാനിൽ വെച്ചാണ് താലിബാൻ തടഞ്ഞുവെച്ചത്.
ഇന്ത്യ മാതൃരാജ്യമായ അരുണിമയെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെ ഇടപെടൽ തേടിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സന്ദേശം ഏറെ ആശങ്ക പരത്തിയിരുന്നു. എന്നാൽ പിന്നീട് താൻ സുരക്ഷിതയാണെന്നും അടുത്ത ലക്ഷ്യസ്ഥാനമായ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുകയാണെന്നും അരുണിമ അറിയിച്ചു.
സ്ത്രീകൾ തനിച്ച് യാത്ര ചെയ്യാൻ അനുവാദമില്ലാത്ത അഫ്ഗാനിസ്ഥാനിൽ പ്രാദേശിക നിയമം ലംഘിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി. ഓഗസ്റ്റ് 27-നാണ് അരുണിമ അഫ്ഗാൻ യാത്ര ആരംഭിച്ചത്. ഓരോ പ്രവിശ്യ കടക്കാനും പുരുഷന്റെ കൂടെയുള്ള പ്രത്യേക പെർമിറ്റ് വേണമെന്ന് താലിബാൻ നിർബന്ധം പിടിച്ചു. പെർമിറ്റില്ലാതെ തനിച്ച് രാത്രി ബാമിയാനിലെത്തിയതോടെ താലിബാൻ വളയുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അരുണിമ വ്യക്തമാക്കി.
മണിക്കൂറുകളോളം നീണ്ട ഭീതിജനകമായ അന്തരീക്ഷത്തിനൊടുവിൽ ഇവർക്ക് സുരക്ഷിതമായി പുറത്തുകടക്കാനായി. കഴിഞ്ഞ ആറ് വർഷമായി ലോകം ചുറ്റിക്കാണുന്ന അരുണിമയ്ക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. കടുത്ത യാത്രാ നിയന്ത്രണങ്ങൾ മറികടന്ന് അഫ്ഗാൻ അതിർത്തി കടന്ന് 500 കിലോമീറ്റർ അകലെയുള്ള ഉസ്ബെക്കിസ്ഥാനിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
National
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ശക്തമാക്കുന്നതിനായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ റീജിയണൽ സെന്റർ സ്ഥാപിക്കാൻ ഉത്തർപ്രദേശ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സൗജന്യമായി ഭൂമി കൈമാറാനുള്ള നിർദേശത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അംഗീകാരം നൽകി. അയോധ്യയിലെ മിൽക്കിപ്പൂർ താലൂക്കിലുള്ള 65 ഏക്കർ തരിശ് ഭൂമിയാണ് ഇതിനായി വിട്ടുനൽകുന്നത്. ഏകദേശം 16.9 കോടി രൂപയാണ് ഈ ഭൂമിയുടെ വിപണി മൂല്യം.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വൻതോതിൽ തീർഥാടകരും വിശിഷ്ടാതിഥികളും എത്തുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ നടപടിയെന്ന് ധനമന്ത്രി സുരേഷ് ഖന്ന വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പെട്ടെന്നുള്ള പ്രതികരണശേഷി വർധിപ്പിക്കാനും ഒരു സ്ഥിരം എൻഎസ്ജി കേന്ദ്രം അത്യാവശ്യമാണെന്ന് സർക്കാർ അറിയിച്ചു.
എൻഎസ്ജി കേന്ദ്രത്തിന് മാത്രമായിട്ടായിരിക്കും ഈ ഭൂമി ഉപയോഗിക്കുക. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായില്ലെങ്കിൽ ഭൂമി തിരികെ ഉത്തർപ്രദേശ് റവന്യൂ വകുപ്പിന് കൈമാറുമെന്നും പ്രത്യേക സുരക്ഷാ പ്രാധാന്യം കണക്കിലെടുത്താണ് ഭൂമി സൗജന്യമായി നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.
International
റിയാദ്: യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടർന്ന് ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. മക്കയ്ക്ക് പുറമെ ജിദ്ദ, തായിഫ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരദേശ നഗരങ്ങളിലും സൗദി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ രൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയത്. ജനങ്ങളോട് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാനും കൂട്ടംകൂടുന്നത് ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.
ഹൂതികളുടെ ആക്രമണത്തിൽ സൗദിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. റെഡ് സീ തീരത്ത് ഹൂതികൾ നിയന്ത്രണം ശക്തമാക്കിയതോടെ സൗദിയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാല് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ 'അക്ഷയ പാത്ര ഫൗണ്ടേഷന്' നൽകിയ അനുമതി തീരുമാനം പുറത്തുവന്ന് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റദ്ദാക്കി സംസ്ഥാന സർക്കാർ. സെപ്റ്റംബർ 11-നാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഹൗറ, പുരുളിയ, പൂർബ മേദിനിപ്പൂർ, നോർത്ത് 24 പർഗാനാസ് എന്നീ ജില്ലകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാനായിരുന്നു ഓഗസ്റ്റ് 21-ന് ഇസ്കോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അനുമതി നൽകിയിരുന്നത്.
എന്നാൽ ഭക്ഷണ വിതരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സർക്കാർ അനുമതി പിൻവലിക്കുകയായിരുന്നു. മുൻപ് കോൽക്കത്തയിലെ സ്കൂളുകളിൽ ഭക്ഷണ വിതരണ ചുമതല ഇസ്കോണിന് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും, കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിന്ന് മുട്ട ഒഴിവാക്കപ്പെടുന്നു എന്നതിനെ ചൊല്ലിയുണ്ടായ വൻ വിവാദങ്ങളെ തുടർന്ന് സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തിയിരുന്നു.
നിലവിൽ 'അന്നാമൃത ഫൗണ്ടേഷൻ' ആണ് കോൽക്കത്തയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നത്. ഇതിനിടെ, മൂന്ന് ആഴ്ചയ്ക്കുള്ളിൽ പോഷകാഹാര പദ്ധതികളുടെ കരാറിൽ വരുത്തിയ പെട്ടെന്നുള്ള മാറ്റങ്ങളെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച് മെറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർക്കും തലവനും കമ്മീഷൻ വീണ്ടും സമൻസ് അയച്ചു. ഒൻപതാം തീയതി നടന്ന ചോദ്യം ചെയ്യലിന് ശേഷം തുടരന്വേഷണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ 16-ന് ഹാജരാകാൻ നിർദേശിച്ചത്.
ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി ഐ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. "റേപ്പ് വീഡിയോ", "ചൈൽഡ് വീഡിയോ" തുടങ്ങിയ തിരച്ചിൽ വാക്കുകൾ ഉപയോഗിച്ച് 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ നൽകുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ഈ പരസ്യങ്ങൾ ഉപയോക്താക്കളെ എത്തിച്ചെന്നായിരുന്നു കണ്ടെത്തൽ.
ഇതേതുടർന്ന് സ്വമേധയാ കേസ് എടുത്ത ചൈൽഡ് റൈറ്റ്സ് കമ്മീഷൻ മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. തങ്ങളുടെ പരസ്യ നയങ്ങൾക്ക് എതിരായി ഫേസ്ബുക്കിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെ ഇത്തരം കേസ് വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന് കൈമാറാൻ മെറ്റ നയം തിരുത്തി.
ഇൻസ്റ്റാഗ്രാമിലെ ഇത്തരം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാനും ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, പ്രമുഖ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ ബെംഗളൂരു ബ്രൂക്ക്ഫീൽഡ് ഓഫീസിലെ ഡേ-കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ കമ്പനി വൈസ് പ്രസിഡന്റിനോടും സെപ്റ്റംബർ 16-ന് വൈകുന്നേരം നാല് മണിക്ക് ഹാജരാകാൻ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡേ-കെയറിലെ ജീവനക്കാർ കുഞ്ഞുങ്ങളെ ബാത്ത്റൂമിലും വാഷിംഗ് മെഷീനിലും അടച്ചിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രണ്ട് കെയർടേക്കർമാർ അറസ്റ്റിലായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കേസിന്റെ ഉത്തരവാദിത്തവും പരിശോധിക്കാനാണ് വൈസ് പ്രസിഡന്റിനെ വിളിപ്പിച്ചത്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും. ജി20 ഉച്ചകോടിക്ക് ശേഷം മൂന്ന് വർഷത്തിനിടെ മറ്റൊരു വലിയ ആഗോള ഉച്ചകോടിക്ക് കൂടി വിജയകരമായി ആതിഥേയത്വം വഹിക്കാൻ സാധിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ വലിയ നയതന്ത്ര നേട്ടമായി ബിജെപി ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികളെ മറികടക്കാൻ ഇത് സഹായിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
നീറ്റ് പരീക്ഷാ വിവാദവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും സൃഷ്ടിച്ച രാഷ്ട്രീയ സമ്മർദങ്ങൾക്ക് ശേഷം കൈവന്ന ഈ അന്താരാഷ്ട്ര വിജയം സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചു. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യയുടെയും ചൈനയുടെയും പിന്തുണ ഉറപ്പാക്കാനായത് വലിയ നേട്ടമാണ്.
ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കരുതപ്പെടുന്നു. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളും ഇന്ത്യയുടെ ആഗോള തലത്തിലുള്ള പ്രാധാന്യം ഉയർത്തിക്കാട്ടി.
സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം മുതൽ ആരംഭിക്കുന്ന ഒരു മാസം നീളുന്ന 'സേവാ സങ്കൽപ്പ് അഭിയാനിൽ' ബ്രിക്സ് ഉച്ചകോടിയുടെ വിജയവും വിദേശനയ നേട്ടങ്ങളും രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
ഉച്ചകോടിയെ വിമർശിച്ച കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ശക്തമായ മറുപടി നൽകാൻ ബിജെപി തീരുമാനിച്ചു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ നേട്ടം സജീവ ചർച്ചയാക്കും.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിറങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ യാളോട് യാത്ര പറഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ. എയർപോർട്ടിലേക്ക് പോകുന്നതിന് മുൻപ് ഔദ്യോഗിക പ്രതിനിധികളോട് യാത്ര പറഞ്ഞ ശേഷം, ഡ്രൈവർക്ക് യാത്ര അയപ്പ് നൽകാൻ മറന്നുപോയെന്ന് മനസിലാക്കിയ കിരീടാവകാശി തിരികെ വണ്ടിക്കടുത്തേക്ക് നടന്നെത്തി കൈകൊടുക്കുകയും സംസാരിക്കുകയുമായിരുന്നു.
ഷെയ്ഖ് ഖാലിദിന്റെ ഈ കൊച്ചു പ്രവർത്തി അദ്ദേഹത്തിന്റെ ലാളിത്യത്തെയും എളിമയെയുമാണ് കാണിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മൂല്യങ്ങളുടെ പ്രതിഫലനമാണിതെന്നും പലരും കുറിച്ചു. വിമാനത്താവളത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച വാഹനം ഓടിച്ചിരുന്നത് ഒരു ഇന്ത്യക്കാരനായിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഊർജം വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിൽ വെച്ചാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ചത്. 13 ലോകനേതാക്കളും 17 പ്രതിനിധി സംഘങ്ങളും ഈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തി.
National
മുംബൈ: ആത്മീയ ഗുരുവിന്റെ നിർദേശത്തെ തുടർന്ന് 5,000 കോടിയുടെ ആസ്തിയുള്ള മുംബൈ എംഎൽഎ തെരുവിൽ യാചകനായി ഒരു ദിവസം. ഇന്ത്യയിലെ ഏറ്റവും ധനികരായ രാഷ്ട്രീയ നേതാക്കളിലൊരാളും മുംബൈ ഘാട്കോപ്പർ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ പരാഗ് ഷായാണ് ആഡംബര ജീവിതവും സുരക്ഷയും ഉപേക്ഷിച്ച് ഒരു ദിവസത്തേക്ക് തെരുവിൽ യാചകനായത്. ജൈനമതത്തിലെ ചാതുർമാസ്യ വ്രതത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ആത്മീയ ഗുരു നമ്രമുനി മഹാരാജിന്റെ നിർദേശപ്രകാരമായിരുന്നു ഈ വേറിട്ട അനുഭവം.
5,000 കോടി രൂപ ആസ്തിയുള്ള പരാഗ് ഷാ, മേക്കപ്പ് ഇട്ട് ആരും തിരിച്ചറിയാത്ത വേഷത്തിലാണ് സ്വന്തം മണ്ഡലമായ ഘാട്കോപ്പറിന്റെ തെരുവുകളിൽ ഭിക്ഷ യാചിച്ചത്. പണവും അധികാരവും മനുഷ്യനിൽ ഉണ്ടാക്കുന്ന അഹങ്കാരം ഒഴിവാക്കാനും സാധാരണക്കാരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാനുമാണ് ഗുരു ഇത്തരമൊരു നിർദേശം നൽകിയതെന്ന് എംഎൽഎ പറഞ്ഞു സ്വന്തം അപ്പാർട്ട്മെന്റിലേക്ക് യാചക വേഷത്തിൽ ചെല്ലുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ പുറത്താക്കിയെന്നും, സഹായം ചോദിച്ചപ്പോൾ സുഹൃത്ത് ആട്ടിയോടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആളുകൾ പണത്തെയും പദവിയെയും മാത്രമാണ് ബഹുമാനിക്കുന്നതെന്ന് ഇതിലൂടെ മനസിലായെന്നും, എങ്കിലും ചില യുവാക്കൾ തനിക്ക് 20 രൂപ നൽകിയപ്പോൾ മുംബൈയിൽ മനുഷ്യത്വം ഇനിയും വറ്റിയിട്ടില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് സാധാരണ വേഷത്തിലെത്തി അദ്ദേഹം ആളുകളോട് സംസാരിച്ചു.
National
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നിയുടെ തലപ്പാവിനെ "വ്യാജ തലപ്പാവ്" എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നടത്തിയ പരാമർശത്തെ ചൊല്ലി ഇരുസംസ്ഥാനങ്ങളും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ തർക്കം. സെയ്നി പഞ്ചാബ് സന്ദർശിക്കുമ്പോൾ മാത്രം തലപ്പാവ് ധരിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നായിരുന്നു മാനിന്റെ പരിഹാസം. എന്നാൽ, മാൻ സിഖ് ഗുരുക്കളെയും പഞ്ചാബിലെ ജനങ്ങളെയും അപമാനിച്ചുവെന്ന് ആരോപിച്ച് സെയ്നി രംഗത്തെത്തി.
ഹരിയാന അതിർത്തി കടന്ന് പഞ്ചാബിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമാണ് സെയ്നി കാറിൽ സൂക്ഷിച്ചിരിക്കുന്ന തലപ്പാവ് ധരിക്കുന്നതെന്നും, ഇത്തരത്തിലുള്ള വ്യാജ പ്രകടനങ്ങളിൽ പഞ്ചാബിലെ ജനങ്ങൾ വീഴില്ലെന്നും മാൻ ആരോപിച്ചു. തലപ്പാവ് എന്നത് സിഖ് ഗുരുക്കളോടുള്ള ആദരവിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്നും, അതിനെ വ്യാജമെന്ന് വിളിച്ച മാൻ സിഖ് ഗുരുക്കന്മാരോടും പഞ്ചാബിലെ ജനങ്ങളോടും മാപ്പുപറയണമെന്നും ഹരിയാന മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഭഗവന്ത് മാൻ തമാശകൾ മാത്രമാണ് പറയുന്നതെന്ന സെയ്നിയുടെ മുൻ വിമർശനത്തിന്, നാലര വർഷത്തെ തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ തമാശയല്ലെന്നും സെയ്നിക്ക് തമാശ പറയാൻ അറിയില്ലെങ്കിൽ തനിക്കൊന്നും ചെയ്യാനാകില്ലെന്നും മാൻ തിരിച്ചടിച്ചു.
National
കോൽക്കത്ത: കോൽക്കത്തയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകളിലുള്ള റോഡുകൾ, പാലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റാനുള്ള നീക്കവുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ നിയോഗിച്ച ഉപദേശക സമിതി. ലെനിൻ സരണി, കാൾ മാർക്സ് സരണി, ഹോ ചി മിൻ സരണി എന്നീ പ്രധാന റോഡുകളുടെ പേരുകൾ മാറ്റുന്ന നിർദേശങ്ങളാണ് സമിതി പ്രധാനമായും പരിഗണിക്കുന്നത്.
ഭാരത് സേവാശ്രമം സംഘത്തിലെ സ്വാമി പ്രദീപ്താനന്ദ (കാർത്തിക് മഹാരാജ്) തലവനായ പത്തംഗ സമിതിയാണ് മാറ്റങ്ങൾ നിർദേശിക്കുന്നത്. ദുർഗാ പൂജയ്ക്ക് ശേഷമായിരിക്കും സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ചേരുക. കാൾ മാർക്സ് സരണിക്ക് ബംഗാളി കവികളായ മൈക്കിൾ മധുസൂദൻ ദത്ത് അല്ലെങ്കിൽ രംഗലാൽ ബന്ദ്യോപാധ്യായ എന്നിവരുടെ പേര് നൽകാൻ മുതിർന്ന ബിജെപി നേതാവ് തഥാഗത റോയ് നിർദേശിച്ചു.
ലെനിൻ സരണിക്ക് സ്വാതന്ത്ര്യസമര സേനാനിയും ഗണിതശാസ്ത്രജ്ഞനുമായ ദേബപ്രസാദ് ഘോഷിന്റെ പേരും ഹോ ചി മിൻ സരണിക്ക് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പേരുമാണ് പരിഗണനയിലുള്ളത്. എസ്പ്ലനേഡ് ജംഗ്ഷനിലുള്ള ലെനിന്റെ പ്രതിമ മാറ്റുന്ന കാര്യവും തോളീഗഞ്ച്-ഗരിയ മെട്രോ സ്റ്റേഷനുകൾക്ക് വ്യക്തികളുടെ പേരിന് പകരം സ്ഥലപ്പേരുകൾ നൽകുന്ന കാര്യവും സമിതി ആലോചിക്കുന്നുണ്ട്.
ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് തൃണമൂൽ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ലെനിൻ സരണി പോലെയുള്ള ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെ ശക്തമായി എതിർക്കുമെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി.
Sports
ദുബായ്: വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 183/5 എന്ന ശക്തമായ സ്കോർ പടുത്തുയർത്തി. ഓപ്പണിംഗ് വിക്കറ്റിൽ 129 റൺസിന്റെ റിക്കാർഡ് കൂട്ടുകെട്ടുണ്ടാക്കിയ സ്മൃതി മന്ദാനയും (35 പന്തിൽ 59) ഷഫാലി വർമയുമാണ് (39 പന്തിൽ 68) ഇന്ത്യൻ ഇന്നിംഗ്സിന് തറക്കല്ലിട്ടത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നാല് വിക്കറ്റുകൾ വീഴ്ത്തിയ ശ്രീ ചരണിയും 3 വിക്കറ്റ് നേടിയ ദീപ്തി ശർമയും ചേർന്നാണ് ശ്രീലങ്കയെ 111 റൺസിന് ഓൾഔട്ടാക്കിയത്. 2024-ലെ ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യ ഇത്തവണ ചാമ്പ്യന്മാരായത്.
Editorial
ലോക ജനസംഖ്യയുടെ 49.5 ശതമാനം വരുന്ന നാനൂറ് കോടിയോളം ജനങ്ങൾ അധിവസിക്കുന്ന രാജ്യങ്ങളിലെ നേതാക്കൾ ഒന്നിച്ചിരുന്നു ചർച്ചകൾ നടത്തിയ ബ്രിക്സ് ഉച്ചകോടിയുടെ വിജയം ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വ്യക്തിപരമായും നേട്ടമായി എന്നതിൽ തർക്കമില്ല. രണ്ടു യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികളും അതിർത്തി തർക്കങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളുടമക്കം ആഗോളരംഗത്ത് ഗുരുതരമായ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കു ന്യൂഡൽഹി വേദിയായത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് തുടങ്ങിയ നേതാക്കളെത്തിയതും നിരവധി ഉഭയകക്ഷി ചർച്ചകൾ നടന്നതും ഉച്ചകോടിയുടെ വിജയത്തിനു സാക്ഷ്യമായി.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയും ഭീകരവാദത്തെ ശക്തമായി അപലപിച്ചുമുള്ള സംയുക്ത പ്രമേയത്തിന് ഐകകണ്ഠ്യേന അംഗീകാരം കിട്ടയതാണ് ഉച്ചകോടിയുടെ മാറ്റു കൂട്ടിയത്. അന്താരാഷ്ട്ര തർക്കങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിലിൽ സമഗ്ര പരിഷ്കാരം അനിവാര്യമാണെന്നും ഉച്ചകോടി ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിലെ കക്ഷിയായ റഷ്യയും പശ്ചിമേഷ്യൻ സംഘർഷത്തിലുൾപ്പെട്ട ഇറാനും യുഎഇയും നിലപാട് കടുപ്പിച്ചിരുന്നെങ്കിൽ ഇത്തരമൊരു പ്രമേയം അംഗീകരിക്കപ്പെടില്ലായിരുന്നു. ഇവിടെയാണ് ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയതന്ത്രവിജയത്തിന്റെ പ്രാധാന്യം സുവ്യക്തമാകുന്നത്. എന്നാൽ, 45 പേജുള്ള പ്രമേയത്തിൽ പറയുന്ന 140 പ്രധാന പോയിന്റുകളിൽ എന്തു തുടർനടപടികളുണ്ടാകുമെന്നുകൂടി കാണേണ്ടതുണ്ട്. പറയുന്നതും അംഗീകരിക്കുന്നതുമെല്ലാം സൗകര്യംപോലെ മറക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാരെയാണ് ഇന്ന് ലോകത്തിൽ കൂടുതലായി കാണുന്നത്.
സംഘർഷത്തിലുൾപ്പെട്ട രാജ്യങ്ങളെ പേരെടുത്തു പരാമർശിക്കാത്തത് ബലഹീനതയാണെന്ന് വിമർശിക്കാമെങ്കിലും ലോകസമാധാനത്തിനുള്ള ചർച്ചകൾ മുമ്പോട്ടു കൊണ്ടുപോകുന്നതിന് ബ്രിക്സ് ഉച്ചകോടിയുടെ ന്യൂഡൽഹി പ്രഖ്യാപനം വഴിതെളിക്കുമെന്നതിൽ തർക്കമില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് പുതിയ പ്രതീക്ഷകൾ നൽകാൻ ഉച്ചകോടിക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അബുദാബിയുടെ കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദും തമ്മിൽ നടന്ന ചർച്ച പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനു സഹായകമാകും.ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ചർച്ചകളും പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ചൈനയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നും അതിർത്തിത്തർക്കത്തിൽ അനുകൂല സമീപനം നേടാനായില്ലെന്നുമാണ് പ്രതിപക്ഷ വിമർശനം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണങ്ങളെയും അതിർത്തിയിലെ വെല്ലുവിളികളെയുംകുറിച്ച് പ്രധാനമന്ത്രി മൗനംപാലിച്ചെന്നാണ് കോൺഗ്രസ് വിമർശിച്ചത്. നരേന്ദ്ര മോദിയും ഷി ജിൻപിംഗും 50 മിനിറ്റോളം നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളും അതിർത്തിയിലെ സമാധാനാന്തരീക്ഷവും പ്രധാന അജൻഡയായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യ-ചൈന ബന്ധം കൂടുതൽ മെച്ചപ്പെട്ട പാതയിലാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, ഇന്ത്യയുടെ ഭൂപ്രദേശത്ത് ചൈന വ്യാപകമായി കൈയേറ്റം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് ഉഭയകക്ഷി ചർച്ചയിൽ വ്യക്തമായ ഉത്തരമുണ്ടാകാത്തത് പോരായ്മതന്നെയാണ്.
ഗാസയിൽ വെടിനിർത്തൽ തുടരണമെന്നും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതവും നീതിപൂർവകവുമായ പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെടുന്ന ഉച്ചകോടി സാമ്പത്തിക ഉപരോധങ്ങളെയും പരാമർമർശിച്ചു. ആഗോള അധികാരശ്രേണി മാറ്റണമെന്നും ലോകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നവർക്ക് ഭരണപങ്കാളിത്തത്തിന് അവകാശമുണ്ടെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് വികസിത രാജ്യങ്ങൾക്ക് ഹിതകരമാകില്ലെങ്കിലും യാഥാർഥ്യമാണ്. അടുത്തിടെ മിന്നൽപ്രളയമുണ്ടായപ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്നും അതിന്റെ ഉത്തരവാദിത്വം വികസിത രാജ്യങ്ങൾക്കാണെന്നും നേപ്പാൾ ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി പരിഷ്കരണം വൈകരുതെന്ന് മോദി ഓർമിപ്പിക്കുകയുമുണ്ടായി. എന്നാൽ, ഐക്യരാഷ്ട്ര സംഘടനയുടെ നിലനിൽപുതന്നെ പരുങ്ങലിലായ കാലത്ത് ഇത്തരമൊരു പരിഷ്കരണം എന്തുഗുണം ചെയ്യുമെന്നതാണ് ചോദ്യം.
വികസനവും പ്രൗഢിയുമെല്ലാം ഉയർത്തിക്കാട്ടി ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് വേദിയൊരുക്കുകയും വൻ വിജയമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ന്യൂഡൽഹിയിൽ ലോകനേതാക്കൾ സഞ്ചരിക്കുന്ന പാതകൾക്കരികിലെ ചേരിപ്രദേശങ്ങളുടെ ദൈന്യത മറയ്ക്കാൻ നടത്തിയ ശ്രമങ്ങൾ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. സാമ്പത്തികവളർച്ചയുടെയും ആഗോളതലത്തിലെ ഉയർന്ന പങ്കാളിത്തത്തിന്റെയും ഗുണഫലങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല എന്ന യാഥാർഥ്യത്തെയാണ് ഇവിടെ പാഴ്ത്തുണികൊണ്ടു മറയ്ക്കാൻ ശ്രമിക്കുന്നത്. 2020 ഫെബ്രുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിലും ഇതുപോലെ അഹമ്മദാബാദിലെ ചേരിപ്രദേശം മതിൽ കെട്ടി മറച്ചിരുന്നു. ആഗോളതലത്തിൽ നീതിയും അംഗീകാരവും വേണമെന്ന് ആവശ്യപ്പെടുന്ന രാജ്യംതന്നെയാണ് സ്വന്തം പൗരന്മാർക്ക് അസമത്വവും അനീതിയും ‘സമ്മാനിക്കുന്നതും’ അതിനെ മറയ്ക്കുള്ളിലാക്കാൻ വ്യഗ്രതപ്പെടുന്നതും. ഇത്തരം ഇരട്ടത്താപ്പുകൾക്ക് അറുതിവരുത്താനും ലോകത്തിനു മുന്നിൽ സുതാര്യതയോടെ തലയുയർത്തി നിൽക്കാനുമുള്ള ആർജവംകൂടി ബ്രിക്സ് ഉച്ചകോടിയുടെ അനന്തരഫലമാകട്ടെയെന്ന് ആശിക്കാം.
National
ന്യൂഡൽഹി: ആഗോള സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിർണായക ധാതുക്കളെ രാഷ്ട്രീയ ആയുധങ്ങളാക്കരുതെന്നും വിതരണ ശൃംഖലകൾ സുതാര്യമായിരിക്കണമെന്നും ആവശ്യപ്പെട്ടു.
ഭാവിയിലുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികൾ നേരിടാൻ ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ 'പൊതു ആരോഗ്യ മുന്നറിയിപ്പ് സംവിധാനം' സ്ഥാപിക്കും. അംഗരാജ്യങ്ങളിലെ മികച്ച ഗതാഗത മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനായി 'ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്' രൂപീകരിക്കും.എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കാൻ പുതിയ പോർട്ടലും ഡിജിറ്റൽ സംവിധാനങ്ങളും കൊണ്ടുവരും.
ബ്രിക്സ് രാജ്യങ്ങൾക്കായി പുതിയ ഇൻഷുറൻസ് കമ്പനിയും ധാന്യ വിപണി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനകാര്യ പങ്കാളിത്തവും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നിർദേശിച്ചു. പാശ്ചാത്യ ശക്തികളുടെ ഏകപക്ഷീയ നിലപാടുകളെ വിമർശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സാങ്കേതികവിദ്യ, എഐ, ഇൻകുബേഷൻ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് അഞ്ച് നയരേഖകൾ അവതരിപ്പിച്ചു.
ലോക ജനസംഖ്യയുടെ 49.5 ശതമാനവും ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ 10 പുതിയ പങ്കാളിത്ത രാജ്യങ്ങളും പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചടങ്ങിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദി 15 രാഷ്ട്രത്തലവന്മാരുമായി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി സർചാർജോ ലോഡ്ഷെഡിംഗോ ഇല്ലാതെ വൈദ്യുതി വിതരണം തടസമില്ലാതെ നടക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്.
തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 900 മെഗാവാട്ട് മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ ഭീമമായ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്.
അവധി ദിനത്തിൽ ആവശ്യമായ വൈദ്യുതി വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചതോടെ നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി വിതരണം നടത്താൻ സാധിക്കുമെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ ഒക്ടോബർ ആറിന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിനും പ്രതിപക്ഷമായ ഡിഎംകെക്കും പിന്തുണ നൽകാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഎം തീരുമാനം. മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി തനിച്ച് ജനവിധി തേടുന്നത്. തൃച്ചിയിൽ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് നിർണായക തീരുമാനം.
എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് മധുരാന്തകം, ധാരാപുരം സംവരണം മണ്ഡലങ്ങളിൽ ഒഴിവ് വന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ടിവികെ വിളിച്ചുചേർത്ത ഭരണകക്ഷി സഖ്യയോഗത്തിൽ പങ്കെടുക്കാൻ മന്ത്രിമാർ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും സിപിഎം വിട്ടുനിൽക്കുകയായിരുന്നു.
നിയമസഭയിൽ വിജയ് സർക്കാരിന് കേവലഭൂരിപക്ഷം തികയ്ക്കാനും ഗവർണർ ഭരണം ഒഴിവാക്കാനും മാത്രമാണ് സിപിഎമ്മും സിപിഐയും പുറത്തുനിന്ന് പിന്തുണ നൽകിയിരുന്നത്.മധുരാന്തകത്ത് സിപിഎമ്മും ധാരാപുരത്ത് സിപിഐയും സ്ഥാനാർഥികളെ നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഡിഎംകെയും ടിവികെയും എഐഎഡിഎംകെയും നാം തമിഴർ കക്ഷിയും ഈ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
International
വാഷിംഗ്ടൺ: നിർമിത ബുദ്ധി മേഖലയിലെ മുൻനിര കമ്പനിയായ ആന്ത്രോപിക്കിലെ 27-കാരനായ പ്രമുഖ ഗവേഷകൻ ജേക്കബ് കോക്സൺ രാജിവെച്ചതിനെ തുടർന്ന് ഉന്നയിച്ച വിമർശനങ്ങൾ ഐ.ടി രംഗത്ത് വലിയ ചർച്ചയാകുന്നു. സൂപ്പർ ഇന്റലിജന്റ് എഐ വികസിപ്പിക്കുന്നതിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും സർക്കാരുകളും ജാഗ്രത പാലിക്കേണ്ട സമയത്ത്, വൻകിട കമ്പനികൾ മനുഷ്യരാശിയുടെ ഭാവി വച്ച് "ചൂതാട്ടം നടത്തുകയാണെന്ന്" കോക്സൺ ആരോപിച്ചു.
സൂപ്പർ ഇന്റലിജൻസും നിർമിത ബുദ്ധിയുടെ സുരക്ഷയും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ സാൻഫ്രാൻസിസ്കോയിലെ ഏതാനും എഞ്ചിനീയർമാർ അവരുടെ മാക്ബുക്കുകളിലൂടെയും കമ്പനിയുടെ ആന്തരിക 'സ്ലാക്ക്' ചാനലിലൂടെയുമാണ് തീരുമാനിക്കുന്നതെന്ന് കോക്സൺ തുറന്നടിച്ചു. എ.ഐ വികസനത്തിൽ കമ്പനികൾ കാണിക്കുന്ന ധൃതി അപകടകരമാണ്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിക്ക് വലിയ ഭീഷണിയായേക്കാം എന്ന് സ്വകാര്യമായി വിശ്വസിക്കുന്ന പ്രമുഖ ഗവേഷകർ പോലും പരസ്യമായി ഈ മുന്നറിയിപ്പുകൾ നൽകാൻ മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് ഓപ്പൺ എഐ ടീമിലും പ്രവർത്തിച്ചിട്ടുള്ള കോക്സണിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതിന് പിന്നാലെ മറ്റ് രണ്ട് പ്രമുഖ ഗവേഷകരായ ജോ ബെന്റൺ, ജോഷ് എൻഗൽസ് എന്നിവരും ജോലി രാജിവെച്ചു.
കോക്സണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് മോഡലുകളുടെ വികസന വേഗത കുറയ്ക്കണമെന്നും സ്വതന്ത്ര വിലയിരുത്തൽ സമിതികളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കുറിപ്പ് പുറത്തിറക്കി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എലോൺ മസ്ക്, ഗൂഗിൾ ഡീപ്മൈൻഡ് അധ്യക്ഷൻ ഡെമിസ് ഹസ്സാബിസ് എന്നിവരും അമോഡെയുടെ നിർദേശങ്ങളെ പിന്തുണച്ച് രംഗത്തെത്തി.
National
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ആഗോള തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 15 ഉഭയകക്ഷി ചർച്ചകൾ. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എന്നിവരടക്കം ലോകനേതാക്കളുമായി മൂന്ന് ദിവസങ്ങളിലായി നടന്ന ചർച്ചകൾ ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, സിവിൽ ന്യൂക്ലിയർ മേഖലകളിലെ സഹകരണവും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കാനുള്ള പദ്ധതികളും ചർച്ചയായി. റഷ്യ-യുക്രെയ്ൻ, പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നയതന്ത്ര പരിഹാരമാണ് ആവശ്യമെന്ന് മോദി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സമാധാനവും സുരക്ഷയും പ്രധാന വിഷയമായി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും മോദി ചർച്ച നടത്തി.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ചർച്ചയിൽ അതിർത്തി തർക്കങ്ങൾ, സമാധാനം, വിതരണ ശൃംഖലകളുടെ സുരക്ഷിതത്വം എന്നിവ ഉയർന്നുവന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്നും പരസ്പര ബഹുമാനം അനിവാര്യമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ്, എത്യോപ്യൻ പ്രധാനമന്ത്രി എന്നിവരുമായും കൂടിക്കാഴ്ചകൾ നടന്നു.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, കസാഖ് പ്രസിഡന്റ് കാസിം ജോമാർട്ട് തോക്കയേവ്, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയർ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി സംസാരിച്ച് ഗ്ലോബൽ സൗത്ത് സഹകരണം കൂടുതൽ ശക്തമാക്കി. ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് പുറമേ നിരവധി അനൗദ്യോഗിക ചർച്ചകളും നയതന്ത്ര കൂടിക്കാഴ്ചകളും ഉച്ചകോടിയുടെ ഭാഗമായി നടന്നു.
National
ചെന്നൈ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തതിനെയും അജിത് കുമാറിനെ കണ്ടുമുട്ടിയതിനെയും രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷമായ ഡിഎംകെ. വിദേശ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ വിജയ്, തന്റെ സുഹൃത്ത് അജിത്തിന്റെ കാർ റേസ് കാണാനാണ് അവിടെയെത്തിയതെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പരിഹസിച്ചു.
സംസ്ഥാനത്ത് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ വിദേശ നിക്ഷേപം കൊണ്ടുവരാൻ ഇപ്പോൾ യാതൊരു തിടുക്കവുമില്ലെന്നും ഡിഎംകെ നേതാക്കൾ വിമർശിച്ചു. എന്നാൽ ഡിഎംകെയുടെ വിമർശനങ്ങൾ തള്ളിക്കളഞ്ഞ ടിവികെ വക്താവ് അമരിക്കൈ വി. നാരായണൻ, വിജയുടെ സന്ദർശനം 'ബ്രാൻഡ് തമിഴ്നാടിന്റെ' മൂല്യം വർധിപ്പിക്കാനാണെന്ന് വ്യക്തമാക്കി.
"ഭരണപരമായ നയങ്ങൾ മുഖ്യമന്ത്രി നിശ്ചയിച്ചു നൽകിയിട്ടുണ്ട്, മന്ത്രിമാരും ഉദ്യോഗസ്ഥരും അത് നടപ്പിലാക്കുന്നുമുണ്ട്. ഒരു ഔദ്യോഗിക സന്ദർശനത്തിനിടെ സുഹൃത്തിനെ കാണുന്നത് തെറ്റല്ല. അജിത്ത് തമിഴ്നാട്ടിൽ മാത്രമല്ല, റേസിംഗ് രംഗത്തും വലിയൊരു താരമാണ്. അവർക്ക് അസൂയ ഉള്ളതുകൊണ്ടാണ് ഇത്തരം ചെറിയ കാര്യങ്ങൾ ഉയർത്തിക്കാട്ടുന്നത്."
ചെന്നൈക്ക് സമീപം നിർദേശിക്കപ്പെട്ടിട്ടുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർഥ്യമാക്കാനും തമിഴ്നാടിലേക്ക് പുതിയ വ്യവസായങ്ങൾ എത്തിക്കാനുമാണ് മുഖ്യമന്ത്രി ഈ സന്ദർശനം നടത്തിയതെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
International
ലണ്ടൻ: തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ വിജയും അജിത് കുമാറും യുകെയിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ സി. ജോസഫ് വിജയ്, മിഷെലിൻ ലെ മാൻസ് കപ്പ് മത്സരത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കാനാണ് സിൽവർസ്റ്റോണിൽ എത്തിയത്.
ട്രാക്കിൽ പരസ്പരം കണ്ടുമുട്ടിയ വിജയും അജിത്തും സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു. വിജയ് സ്പോർട്സ് ജാക്കറ്റിലും അജിത്ത് റേസിംഗ് സ്യൂട്ടിലുമാണ് എത്തിയത്. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലായിരുന്ന നടി തൃഷയും മന്ത്രി ആധവ് അർജുനയ്ക്കൊപ്പം ഗാലറിയിലിരുന്ന് അജിത്തിന് പിന്തുണയുമായി മത്സരങ്ങൾ കണ്ടു.
തമിഴ്നാട്ടിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി വിദേശത്തെ കായിക അടിസ്ഥാന സൗകര്യങ്ങൾ പഠിക്കാനാണ് മുഖ്യമന്ത്രി വിജയ് യുകെ സന്ദർശിക്കുന്നത്. ഇത്തരം വലിയ കായിക മാമാങ്കങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള തമിഴ്നാട് സർക്കാരിന്റെ ശ്രമങ്ങൾക്ക് അജിത് കുമാർ നന്ദി അറിയിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പ്രതികരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി "ധീരമായി നിലപാടെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണമായി ആലപിക്കുകയും ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങൾക്ക് അനുയോജ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
ഔദ്യോഗിക ചടങ്ങുകളിൽ പൂർണരൂപം ആലപിക്കുന്നത് നിയമപരമായി നിർബന്ധമാണെന്നും, അനുസരിക്കാതിരുന്നാൽ കാഷ്മീരിലെ ജനങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും ഒമർ അബ്ദുള്ള തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ച കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരെയെങ്കിലും പൊലിസ് ജയിലിലടച്ചിട്ടുണ്ടോ എന്ന് കർറ ചോദിച്ചു. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെ മതേതരത്വത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിക്ക് സാധിക്കണം.
ജമ്മു കാഷ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന് പുറത്തുനിന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതിന് പിന്നാലെ ഉയർന്ന ഈ വന്ദേമാതരം തർക്കം സഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നതാണ്.
National
കോൽക്കത്ത: ബംഗാളിലെ ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അനാവശ്യ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി. കോൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മീൻ തലയും മീൻ വറുത്തതും അടങ്ങിയ ഭോഗ് പ്രസാദം കഴിച്ചു. കൗശികി അമവാസി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ സന്ദർശനം.
ദുർഗാപൂജ വേളയിൽ ബംഗാളി ഹിന്ദുക്കൾ മത്സ്യ മാംസാദികൾ കഴിക്കുന്നതിനെതിരെ അടുത്തിടെ ഒരു ഹിന്ദു പുരോഹിതൻ രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഷാക്ത ആചാരപ്രകാരം കാളിഘട്ട് ക്ഷേത്രത്തിൽ കാളിദേവിക്ക് മീനും ബലി നൽകിയ ആട്ടിറച്ചിയും നിവേദ്യമായി അർപ്പിക്കാറുണ്ട്. ഇത് ഭക്തർ പ്രസാദമായി കഴിക്കുന്നത് നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഇതിനെ മറ്റു സംസ്ഥാനങ്ങളിലെ രീതികളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു സുവേന്ദു അധികാരിയുടെ ഈ നീക്കം.
ബസന്തി പുലാവിനൊപ്പം (മഞ്ഞച്ചോറ്) മീൻ തലയും ഫ്രൈ ചെയ്ത മീനുമാണ് സുവേന്ദു അധികാരി ക്ഷേത്ര നിലത്തിരുന്ന് കഴിച്ചത്. ബംഗാളിലെ കാളിക്ഷേത്രങ്ങളിൽ സസ്യാഹാരവും മാംസാഹാരവും ഒരുപോലെ ആചാരങ്ങളുടെ ഭാഗമായി നൽകി വരുന്നുണ്ട്. മാംസാഹാരത്തെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെ ബഹുമാനിക്കാനുമാണ് ബിജെപി നേതാവ് ഇതിലൂടെ ശ്രമിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
National
ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ 'ജി7' നെതിരെ രൂക്ഷമായ പരിഹാസവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോക ജിഡിപിയുടെ 40 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളാണ് ഉത്പാദിപ്പിച്ചതെന്നും എന്നാൽ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 29 ശതമാനം മാത്രമാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.
ലോകം വലിയ സാമ്പത്തിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും പഴയ വികസിത രാജ്യങ്ങൾക്ക് പകരം പുതിയ വളർച്ചാ കേന്ദ്രങ്ങൾ ഉയർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങളിലൂടെയും മറ്റും പാശ്ചാത്യ രാജ്യങ്ങൾ അന്യായമായ മത്സരരീതികളാണ് പുറത്തെടുക്കുന്നത്. ഉപരോധങ്ങളെ അതിജീവിച്ച് റഷ്യ സ്വന്തം പരമാധികാരം ദൃഢമാക്കിയതായും വിശ്വസ്തരായ പങ്കാളികളുമായി സഹകരണം ശക്തമാക്കിയതായും പുടിൻ വ്യക്തമാക്കി.
തുടർന്ന് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കണക്കുകൾ ശരിവെച്ചു. ലോക ജനസംഖ്യയുടെ 50 ശതമാനവും ആഗോള വ്യാപാരത്തിന്റെ 25 ശതമാനത്തിലധികവും ബ്രിക്സ് രാജ്യങ്ങളുടെ പങ്കാണ്. ആഗോള ജിഡിപി രണ്ടര ഇരട്ടി വളർന്നപ്പോൾ, ബ്രിക്സ് രാജ്യങ്ങളുടെ ജിഡിപി നാലര ഇരട്ടിയോളം വർധിച്ചു. അംഗരാജ്യങ്ങൾക്കിടയിൽ കൂടുതൽ സന്തുലിതമായ വ്യാപാരവും സേവന മേഖലയിലെ വികസനവും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകളും നടന്നു. പശ്ചിമേഷ്യൻ, കരിങ്കടൽ മേഖലകളിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മോദി, സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് ആവർത്തിച്ചു. റഷ്യയിൽ നടക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്കുള്ള പുടിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരം തുടരുന്ന വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ തിരുവനന്തപുരത്ത് വൈദ്യുതിഭവന് മുന്നിൽ വ്യത്യസ്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ബുധനാഴ്ച രാത്രി വൈദ്യുതി ഭവന് മുന്നിലൂടെ കടന്നുപോയ യാത്രക്കാർക്ക് മെഴുകുതിരികൾ വിതരണം ചെയ്താണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും ചേർന്ന് വഴിയാത്രക്കാർക്ക് മെഴുകുതിരി വിതരണം ചെയ്തത്. പവർകട്ടിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഡിവൈഎഫ്ഐയുടെ ഈ പ്രതിഷേധ സമരം.
Kerala
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഏജൻസിയാണെന്നും പിണറായി വിജയനെ ഭയപ്പെടുത്താൻ ഇഡിക്ക് കഴിയില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. ബിജെപി വിരുദ്ധ നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ പണിയെന്നും, അടിസ്ഥാനരഹിതമായ ഈ കള്ളക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് എടുക്കാൻ കേരള പൊലിസിനോട് ആവശ്യപ്പെട്ട ഇഡി നടപടിയെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.
മുൻപ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ വിഷയത്തിലാണ് ഇഡി ഇപ്പോൾ വീണ്ടും കേസെടുക്കാൻ ശ്രമിക്കുന്നതെന്നും, കേന്ദ്ര സർക്കാർ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും കുറ്റപ്പെടുത്തി.
വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കി.
National
ഗുവാഹത്തി: അസമിലെ നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖർ ബിജെപിയിലേക്ക്. മുൻ നഗാവ് ജില്ലാ കളക്ടറും മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേബാശിഷ് ശർമ, മുതിർന്ന മാധ്യമപ്രവർത്തകരായ ലെനിൻ സൗരഭ് ബോറ, ഗുൺജൻ കലിത എന്നിവരാണ് ബിജെപിയിൽ അംഗത്വം എടുത്തത്.
ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനമായ വാജ്പേയി ഭവനിൽ നടന്ന ചടങ്ങിൽ അസം ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, സംസ്ഥാന മന്ത്രിമാരായ പീയൂഷ് ഹസാരിക, ജയന്ത മല്ല ബറുവ, എംഎൽഎ രൂപക് ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ദേബാശിഷ് ശർമയുടെ പാർട്ടി പ്രവേശനം വരാനിരിക്കുന്ന നഗാവ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
നിലവിൽ ശർമ പാർട്ടി ടിക്കറ്റിനായി ഔദ്യോഗികമായി അപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ അറിയിച്ചു. സ്ഥാനാർഥി നിർണയത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും, ശർമയിൽ നിന്നോ നഗാവിലെ ജനങ്ങളിൽ നിന്നോ ആവശ്യമുയർന്നാൽ അദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി:പാരിസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ ഹിന്ദു ആത്മീയ സംഘടനയായ 'ബാപ്സ്' സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾക്കായി വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം പൂർണമായും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പാരിസ് പ്രദേശത്ത് ബാപ്സ് സംഘടന പുതിയ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈഫൽ ടവറുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്ന് ഇന്ത്യ ഔദ്യോഗികമായി മാറിനിൽക്കുകയാണെന്ന് അറിയിച്ചു. ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ആശംസകൾ അറിയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ചടങ്ങുകളിൽ പ്രധാനമന്ത്രി ആശംസകൾ കൈമാറുന്നത് പതിവുരീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ബാപ്സ് സംഘത്തിന്റെ സന്ദർശനത്തിനിടെ ലിംഗവിവേചനം നേരിട്ടെന്ന് ആരോപിച്ച് ഈഫൽ ടവറിലെ ജീവനക്കാർ തിങ്കളാഴ്ച സമരം പ്രഖ്യാപിക്കുകയും ടവർ അടച്ചിടുകയും ചെയ്തിരുന്നു. സന്ദർശന സമയത്ത് ചില പോസ്റ്റുകളിൽ നിന്ന് വനിതാ ജീവനക്കാരെ മാറ്റി പകരം പുരുഷന്മാരെ നിയമിച്ചെന്നും, പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയെന്നുമാണ് ജീവനക്കാരുടെ യൂണിയൻ ആരോപിച്ചത്. തർക്കത്തിൽ ബാപ്സ് സംഘടനയും ഈഫൽ ടവർ മാനേജ്മെന്റും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
National
ന്യൂഡൽഹി: വിജയം കൈവരിച്ചവരും ഉന്നത പദവികളിൽ ഇരിക്കുന്നതുമായ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവഹത്യ നടത്തുന്നത് പഴയൊരു തന്ത്രമാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷ കൃഷ്ണനെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. കുല്ലുവിൽ ജില്ലാ വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
"തമിഴ്നാട്ടിൽ നമ്മൾ കണ്ടതാണ്, പ്രശസ്തയായ ഒരു നടി വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ടു. ഒരു ബന്ധത്തിൽ ഇരുഭാഗത്തുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും ഇരയാകുന്നത് എപ്പോഴും സ്ത്രീകൾ മാത്രമാണ്," കങ്കണ പറഞ്ഞു. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന കാര്യമാണെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
കാവേരി പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
National
ഗുവഹാത്തി: അസമിലെ ഗുവഹാത്തിയിൽ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട 25 കാരിയായ യുവതിയെ ഭർത്താവ് ദാരുണമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ശരീരം കഷണങ്ങളാക്കി മുറിച്ച്, വെട്ടിമാറ്റിയ തല ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ പൊലിസ് കണ്ടെത്തി. കേസിൽ ഭർത്താവ് പൊലിസിന് മുന്നിൽ കീഴടങ്ങി.
ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ദമ്പതികളെ പുറത്തു കാണാതിരുന്നതിനെ തുടർന്ന് പൊലിസ് പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോഴാണ് റിയ താലൂക്ദാർ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ തല കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഞായറാഴ്ച രാത്രിയോടെ പൊലിസിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതി ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി, ലോകനേതാക്കൾ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ഉച്ചകോടിക്ക് മുൻപ് തന്നെ ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിനുള്ള അന്തിമ കരടിന് രൂപം നൽകാൻ നയതന്ത്ര പ്രതിനിധികൾ (ഷെർപ്പമാർ) ധാരണയിലെത്തുന്നതായാണ് റിപ്പോർട്ടുകൾ.
വിവിധ വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ പ്രഖ്യാപനത്തിന്റെ വാചകങ്ങൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഷെർപ്പാതല ചർച്ചകൾ വളരെ പ്രചോദനാത്മകമായിരുന്നെന്നും പ്രഖ്യാപന രേഖ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം തന്നെ അംഗരാജ്യങ്ങളുടെ അന്തിമ പരിശോധനയ്ക്കായി ഇത് സമർപ്പിക്കുമെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ഉച്ചകോടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി ഈ സംയുക്ത പ്രഖ്യാപനം മാറും. അന്താരാഷ്ട്ര തലത്തിൽ അംഗരാജ്യങ്ങൾ തമ്മിൽ നിലപാടുകളിൽ വ്യത്യാസമുണ്ടെങ്കിലും, ഒരുമിച്ചു നിൽക്കാൻ കഴിയുന്ന പൊതുവിഷയങ്ങൾ വ്യക്തമാക്കുന്ന രേഖയാണിത്. വെള്ളിയാഴ്ച നേതാക്കൾ എത്തുന്നതിന് മുൻപ് അന്തിമ കരട് പൂർത്തിയാക്കാനുള്ള ഊർജിത ശ്രമത്തിലാണ് പ്രതിനിധികൾ.
National
ന്യൂഡൽഹി: കര, നാവിക, വ്യോമസേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ അത്യാധുനിക പ്രതിരോധ സാമഗ്രികളും ആയുധങ്ങളും വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് അനുമതി നൽകിയത്.
സൈന്യത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ നിർമാണ മേഖലയിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടി. അനുവദിച്ച ആകെ തുകയുടെ ഏകദേശം 98 ശതമാനം ഉപകരണങ്ങളും ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്ന് തന്നെ നിർമിച്ച് വാങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
കരസേനയ്ക്കായി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രഹസ്യാന്വേഷണ വാഹനങ്ങൾ, സ്വയം നിയന്ത്രിത മൈൻ ലെയറുകൾ, ട്രോൾ ടാങ്കുകൾ എന്നിവയും നാവികസേനയ്ക്കായി കപ്പൽ നിർമാണത്തിന് ആവശ്യമായ മറൈൻ ഗ്യാസ് ടർബൈനുകളും, വ്യോമസേനാ താവളങ്ങളിൽ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന അരുദ്ര റഡാറുകളും വാങ്ങും
ശത്രുക്കളുടെ റഡാറുകളെ പ്രതിരോധിക്കാൻ ഗ്രൗണ്ട് ബേസ്ഡ് മൾട്ടി പർപ്പസ് ജാമറുകളും സുരക്ഷാ ആക്സസ് കാർഡ് സംവിധാനങ്ങളും വ്യോമസേനയ്ക്കായി സ്വന്തമാക്കും.
Kerala
കോന്നി: വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുവായ യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശിനിയായ പതിനാറുകാരി വീണാ പ്രകാശ് (പ്രവീണ) വീട്ടിൽ തൂങ്ങിമരിച്ച വിവരമറിഞ്ഞാണ്, കൊച്ചിയിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായ ബന്ധു പ്രവീൺ (21) എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച വൈകിട്ടോടെയാണ് എലിമുള്ളുംപ്ലാക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ മരണവാർത്ത അറിഞ്ഞ കടുത്ത മനോവിഷമത്തിലാണ് പ്രവീൺ എറണാകുളത്ത് ട്രെയിനിന് മുന്നിൽ ചാടിയതെന്ന് എറണാകുളം നോർത്ത് പോലീസ് വ്യക്തമാക്കി.
ഇരുവരും പ്രണയത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പറയപ്പെടുന്നു. ഇരുവരും തമ്മിലുണ്ടായ ഏതെങ്കിലും തർക്കമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
കീവ്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതന്മാരായ ജാറെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും റഷ്യയും യുക്രെയ്നും സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ, റഷ്യയ്ക്ക് മുന്നിൽ താത്കാലിക വെടിനിർത്തൽ നിർദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. മോസ്കോയിലും കീവിലും നടക്കുന്ന ചർച്ചകൾ സുഗമമായി പൂർത്തിയാക്കുന്നതിനായി ആക്രമണങ്ങൾ താത്കാലികമായി നിർത്തിവെക്കാനാണ് സെലെൻസ്കിയുടെ ആഹ്വാനം.
അമേരിക്കൻ പ്രതിനിധികളുടെ സന്ദർശന വേളയിൽ യുക്രെയ്ന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വ്യോമാക്രമണങ്ങളും ഉണ്ടാകില്ലെന്നും, സുരക്ഷിതമായ ചർച്ചാ അന്തരീക്ഷം ഉറപ്പാക്കാൻ റഷ്യയും സമാനമായ രീതിയിൽ ആക്രമണങ്ങൾ നിർത്തിവെക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.
റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ ഇന്റലിജൻസ് ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിക്കുകയും, കീവിലും ഒഡേസയിലും ജനങ്ങൾ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര നീക്കം. ശനിയാഴ്ച മോസ്കോയിലും ഞായറാഴ്ച കീവിലും എത്തുന്ന യുഎസ് സംഘവുമായി സമാധാന നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും സെലെൻസ്കി വ്യക്തമാക്കി.
National
ന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ (ജന്മാഷ്ടമി) ഭാഗമായി സെപ്റ്റംബർ 4 വെള്ളിയാഴ്ച രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ബാങ്ക് ശാഖകൾക്ക് അവധിയായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. കേരളത്തിലെ ബാങ്കുകൾക്കും (തിരുവനന്തപുരം, കൊച്ചി അടക്കം) ഈ ദിവസം അവധി ബാധകമാണ്.
അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, കോൽക്കത്ത, ലഖ്നൗ, പാറ്റ്ന, റായ്പൂർ, ഷില്ലോംഗ്, തിരുവനന്തപുരം, കൊച്ചി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ബാങ്കിംഗ് കേന്ദ്രങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുംബൈ, ബംഗളൂരു, ഡൽഹി, ഗോവ തുടങ്ങിയ മേഖലകളിൽ വെള്ളിയാഴ്ച ബാങ്കുകൾ പതിവുപോലെ പ്രവർത്തിക്കും. നേരിട്ടുള്ള ശാഖാ സേവനങ്ങൾ ലഭ്യമല്ലെങ്കിലും യുപിഐ, നെറ്റ് ബാങ്കിംഗ്, എടിഎം സർവീസുകൾ തടസമില്ലാതെ ലഭ്യമായിരിക്കും.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം വോട്ടർമാർക്കും അണികൾക്കും മേൽ ചുമത്തുന്ന രീതിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വിശദീകരണ യോഗങ്ങളിലെ പ്രസംഗങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വഴിവെച്ചേക്കും. പാർട്ടിയുടെ തെറ്റുതിരുത്തൽ നയങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുമധ്യത്തിലുണ്ട്.
ഇതോടൊപ്പം, പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള വഴികളും യോഗം ആലോചിക്കും. കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലമായ സംസ്ഥാന സമിതി യോഗത്തിൽ സമർപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ടിന് രൂപം നൽകലാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന അജണ്ട. അതേസമയം, ഡൽഹിയിൽ ആരംഭിച്ച സിപിഐ ദേശീയ കൗൺസിൽ യോഗം ഇന്നും തുടരും.
കേരളത്തിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുന്നണി ബന്ധത്തെ ബാധിക്കരുതെന്ന അഭിപ്രായം നേതാക്കൾക്കിടയിൽ ശക്തമാണ്. വരും നാളുകളിലെ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളും വരാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ദേശീയ കൗൺസിൽ വിലയിരുത്തും.
National
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. അയ്യായിരത്തോളം പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്. ക്ഷേത്രത്തിലെ നിർദിഷ്ട സംഭാവനാ തട്ടിപ്പ് വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും പിന്നാലെയാണ് ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം ട്രസ്റ്റിലേക്ക് മദൻ മോഹൻ പാണ്ഡ്യ, മഹേഷ് ഭഗ്ചണ്ഡക, നിർമല യാദവ് എന്നിങ്ങനെ മൂന്ന് പുതിയ അംഗങ്ങളെക്കൂടി നിയമിച്ചിട്ടുണ്ട്. 1986 ഡിസംബറിൽ ഫൈറ്റർ പൈലറ്റായി സേവനമാരംഭിച്ച ജിതേന്ദ്ര മിശ്ര, 38 വർഷത്തെ സേവനത്തിന് ശേഷം ഈ വർഷം മേയ് മാസത്തിലാണ് വിരമിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേൺ കമാൻഡിന്റെ ചീഫ് ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമി (പൂനെ), എയർഫോഴ്സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂൾ (ബംഗളൂരു), എയർ കമാൻഡ് സ്റ്റാഫ് കോളേജ് (യുഎസ്എ), റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് (യുകെ) എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണനിർവഹണം, സുരക്ഷ, ക്രമീകരണങ്ങൾ എന്നിവയുടെ പൂർണ മേൽനോട്ടം സിഇഒയ്ക്കായിരിക്കും.
ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും കർശനമായി പാലിക്കുന്ന ആളായിരിക്കണം സിഇഒ എന്ന് ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂർണമായി ഉപേക്ഷിച്ചയാളായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയെ മുഖ്യമന്ത്രി വി. ഡി. സതീശൻ തള്ളിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തി. കെ.പി. നൗഷാദ് അലി എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഭാരവാഹികളുടെ കൂടിക്കാഴ്ച. വിഷയത്തിൽ വിരുദ്ധ നിലപാടുകളുമായാണ് മുസ്ലിം ലീഗും സിപിഎമ്മും മുന്നോട്ട് വന്നിട്ടുള്ളത്.
സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, ഇത് 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും പുരോഗമന കേരളത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി. ഇസ്ലാമിക ചരിത്രത്തെ പോലും കാന്തപുരം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രവാചകന്റെ ഭാര്യമാർ ബിസിനസ് നടത്തുകയും യുദ്ധരംഗത്ത് സജീവമായി പങ്കെടുക്കുകയും ചെയ്ത ചരിത്രം ഓർമിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ നിലപാടിൽ അതൃപ്തിയുണ്ടായ പശ്ചാത്തലത്തിലാണ് എ.പി. വിഭാഗം നേതാക്കൾ വിഷയത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരത്തെത്തിയത്. കെ.പി. നൗഷാദ് അലി എംഎൽഎ, ഖലീൽ ബുഖാരി തങ്ങൾ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം, പ്രസ്താവനയുടെ പേരിൽ കാന്തപുരത്തെ തള്ളിപ്പറയാൻ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തയ്യാറായില്ല. സി.പി.എം നേതാക്കളായ പി.കെ. ശ്രീമതിയും പി. ജയരാജനും പ്രസ്താവനയെ തള്ളിയെങ്കിലും, ടി.കെ. ഹംസയും കെ.ടി. ജലീലും കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തി.
International
ബിഷ്കെക്ക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന 26-ാമത് ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോ വൻ നയതന്ത്ര നാണക്കേടിനും വിവാദങ്ങൾക്കും വഴിവെച്ചു. ലോകനേതാക്കൾക്കൊപ്പം നിൽക്കുന്ന യഥാർഥ ചിത്രത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് അഞ്ച് ലോകനേതാക്കളെയും എഡിറ്റ് ചെയ്ത് ഒഴിവാക്കിയാണ് പാകിസ്ഥാൻ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രം പോസ്റ്റ് ചെയ്തത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചിത്രത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്നതായി കാണിക്കാനും, അദ്ദേഹം ഉച്ചകോടിയിൽ പ്രധാന പങ്കുവഹിച്ചു എന്ന് വരുത്തിതീർക്കാനുമായിരുന്നു ഈ കൃത്രിമം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പാക് പിഎംഒ വെട്ടിമാറ്റി.
തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിൽ ഷെഹ്ബാസ് ഷെരീഫ് വലതുഭാഗത്ത് നിന്ന് നാലാമതായാണ് നിന്നിരുന്നത്.സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതോടെ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പിന്നീട് തന്റെ വ്യക്തിഗത അക്കൗണ്ടിലൂടെ യഥാർത്ഥ ചിത്രം പങ്കുവെച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു.
Kerala
തിരുവനന്തപുരം: ലഹരിക്കേസിലെ തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ.
കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാവുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് നേരിടുകയും ചെയ്തിരുന്നു.
തടവുശിക്ഷ സ്റ്റേ ചെയ്യാനും അയോഗ്യത നീക്കാനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്നാണ് ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യവുമായി അദ്ദേഹം സെഷൻസ് കോടതിയെ സമീപിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ആവിൻ പാൽ സംഭരണവില വീണ്ടും വർധിപ്പിച്ചതായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംഭരണവില ലിറ്ററിന് 44 രൂപയായാണ് ഉയർത്തിയത്. കാലിതീറ്റച്ചെലവും പരിപാലനച്ചെലവും ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
നേരത്തെ ഓഗസ്റ്റിൽ നടന്ന ആദ്യഘട്ട വർധനയിലൂടെ സംഭരണവില 38 രൂപയിൽ നിന്ന് 41 രൂപയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് രൂപ കൂടി വർധിപ്പിച്ച് 44 രൂപയിലെത്തിച്ചിരിക്കുന്നത്. വിലവർധനവ് മൂലം ആവിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ പൂർണമായും വഹിക്കും.
പ്രതിമാസം 60 കോടി രൂപയും പ്രതിവർഷം 720 കോടി രൂപയുമാണ് ഇതിലൂടെ സർക്കാരിന് അധികമായി ചെലവ് വരുന്നത്. സംസ്ഥാനത്തെ 3.16 ലക്ഷത്തിലധികം വരുന്ന പാൽ ഉത്പാദകർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
National
ബിഷ്കെക്ക്: കിർഗിസ്ഥാനിൽ നടക്കുന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സെഷനിൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടവും, ആഗോള സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ഊന്നിപ്പറയും.
ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ നയതന്ത്ര ചർച്ചകൾ തന്നെയാണ് മാർഗമെന്ന് മോദി ഇരുനേതാക്കളെയും അറിയിച്ചു.
പുടിനൊപ്പം ഒരേ വാഹനത്തിൽ മോദി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗുമായും മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
National
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെകിൽ നടക്കുന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിക്ക് ഇടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും സമുദ്രമേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും ചർച്ച ചെയ്തു.
മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് നയതന്ത്ര ചർച്ചകളും സംയമനവുമാണ് ഏറ്റവും പ്രധാനമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും സമാധാനപരമായ നയങ്ങൾക്കാണ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാര-ഊർജ സഹകരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
Kerala
കൊച്ചി: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. താൻ നടത്തിയ വിവാദ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ന്യായീകരിച്ചാണ് കാന്തപുരം വീണ്ടും രംഗത്തെത്തിയത്.
സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ നാശമുണ്ടാകുമെന്നത് കൊണ്ടും അവരോടുള്ള ബഹുമാനം കൊണ്ടുമാണ് ഇസ്ലാം പർദ നിർബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. മതം പഠിച്ചവർ എന്ന നിലയിൽ മുസ്ലിം സമുദായത്തോട് കാര്യങ്ങൾ പറയാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും വിമർശനങ്ങൾ കണ്ട് പേടിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നബിദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള ഇസ്ലാമിക ചടങ്ങുകളിൽ പൊതുനിരത്തുകളിലോ സ്റ്റേജുകളിലോ അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്ന് മഹല്ലുകൾക്കും മദ്രസകൾക്കും കാന്തപുരം വിഭാഗം നേരത്തെ നിർദേശം നൽകിയിരുന്നു.