എന്‍എസ്എസ് - കോണ്‍ഗ്രസ് ധാരണയുണ്ടെന്നു പി.ജെ.കുര്യന്‍
Thursday, January 31, 2013 8:30 AM IST
കൊച്ചി: കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയെ തിരുത്തി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്ന് കുര്യന്‍ വെളിപ്പെടുത്തി.

ഹൈക്കമാന്‍ഡ് പ്രതിനിധി എന്‍എസ്എസ് നേതാക്കളെ നേരിട്ട് ചെന്ന് കണ്ടാണ് ധാരണയുണ്ടാക്കിയത്. ഇക്കാര്യത്തില്‍ ചാക്കോ പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രിസ്ഥാനത്തേക്ക് ഇല്ലെന്ന് തീരുമാനിച്ചത് അദ്ദേഹം തന്നെയാണെന്നും പി.ജെ.കുര്യന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍എസ്എസുമായി ഒരു ധാരണയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോ എംപി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഒരു മതസംഘടനയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണയുണ്ടാക്കിയിരുന്നില്ല. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിക്ക് പുറത്തുള്ളവരല്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.

നേരത്തെ എന്‍എസ്എസിന്റെ വാദം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിയിരുന്നു.