ഓസ്കർ പെരുമയിൽ ഇന്ത്യൻ കുതിപ്പ്
ഓസ്കർ പുരസ്കാരത്തിലൂടെ ഇന്ത്യയെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ച കീരവാണിയുടെയും കാർത്തികി ഗോൺസാൽവസിന്റെയും ചരിത്രം നമ്മുടെ സിനിമാലോകത്തിനു പ്രചോദനമാണ്
ഒരു സിനിമയുടെ അണിയറപ്രവർത്തകർ വോട്ടിനിട്ടു തെരഞ്ഞെടുത്ത സംഗീതത്തെ ഒടുവിൽ ഓസ്കർ അവാർഡ് നിർണയകമ്മിറ്റിയും തെരഞ്ഞെടുത്തിരിക്കുന്നു. കാട്ടിലുപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ കഥ അവരെക്കൊണ്ടുതന്നെ പറയിച്ച ഡോക്യുമെന്ററിയും ലോകോത്തരമായി. അങ്ങനെ, ഒരു പാട്ടും ഒരു സിനിമയും ഓസ്കർ അവാർഡിന്റെ പെരുമ വീണ്ടും ഇന്ത്യയിലെത്തിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിലെ ‘നാട്ടുനാട്ടു’, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദി എലിഫന്റ് വിസ്പറേഴ്സ്’എന്നിവയാണ് 95-ാമത് ഓസ്കർ പുരസ്കാരത്തിന് അർഹമായത്. രണ്ടിന്റെയും പിന്നണിപ്രവർത്തകർക്കൊപ്പം ആഹ്ലാദച്ചുവടു വയ്ക്കുകയാണ് രാജ്യം.
വിമാനത്തിൽ കയറാൻ പേടിയുള്ള കീരവാണിയും കാട്ടിലെ സ്നേഹത്തിന്റെ കഥ പറഞ്ഞ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ന്റെ സംവിധായിക കാർത്തികി ഗോൺസാൽവസും, പുരസ്കാരചടങ്ങിലെ 16 അവതാരകരിൽ ഒരാളായ ദീപിക പദുക്കോണുമൊക്കെ ലോസ് ആഞ്ചലസിലെ ഹോളിവുഡ് ഡോൾബി തിയറ്ററിൽ നിറഞ്ഞുനിന്നപ്പോൾ 14 വർഷത്തിനുശേഷം ഇന്ത്യയും തിളങ്ങുകയായിരുന്നു. മൂല്യത്തേ ക്കാൾ ജനപ്രിയതയ്ക്ക് പ്രാമുഖ്യം നൽകുന്നത് എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അക്കാഡമി അവാർഡ് എന്നറിയപ്പെടുന്ന ഓസ്കർ പുരസ്കാരം ലോകമെങ്ങുമുള്ള സിനിമാ പ്രവർത്തകരുടെ സ്വപ്നമാണ്. സിനിമാ ലോകത്തെ 9000 പേരടങ്ങുന്ന അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് 1929 മുതൽ പുരസ്കാരം നൽകുന്നത്.
റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഭാനു അതയ്യ നേടിയ ഓസ്കറാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യത്തേത്. ഇന്ത്യയുടെ എക്കാലത്തെയും പ്രതിഭാശാലിയായ ചലച്ചിത്ര സംവിധായകൻ സത്യജിത് റേ 1992ൽ ആജീവനാന്ത സേവനങ്ങൾക്ക് ആദരിക്കപ്പെട്ടു. 2009ൽ ‘സ്ലംഡോഗ് മില്യണയർ’എന്ന ചിത്രത്തിലൂടെ എ.ആർ. റഹ്മാനും ഗുൽസാറും റസൂൽ പൂക്കുട്ടിയും പുരസ്കാരം നേടി. മികച്ച സംഗീത സംവിധാനത്തിനും ഒറിജിനൽ സ്കോറിനും എ.ആർ. റഹ്മാൻ രണ്ടു സമ്മാനങ്ങൾ നേടി. ഇതിൽ ‘ജയ് ഹോ’ എന്ന ഗാനത്തിന്റെ പുരസ്കാരം ഗാനരചയിതാവ് ഗുൽസാറിനൊപ്പമായിരുന്നു റഹ്മാൻ പങ്കിട്ടത്. മികച്ച ശബ്ദസംയോജനത്തിന് മലയാളിയായ റസൂൽ പൂക്കുട്ടിയും പുരസ്കാരം നേടി.
‘നാട്ടുനാട്ടു’വിനു തയാറാക്കിയ 20 ട്യൂണുകളിൽനിന്ന് ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർ എം.എം. കീരവാണിയുടെ സംഗീതം തെരഞ്ഞെടുക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പ് ശരിവച്ചുകൊണ്ടാണ് ഓസ്കർ അവാർഡ് നിർണയകമ്മിറ്റി ഇന്നലെ എം.എം. കീരവാണിയുടെ സംഗീതസംവിധാനത്തില്, മകൻ കാലഭൈരവും രാഹുലും ചേര്ന്നു പാടിയ ‘നാട്ടുനാട്ടു’വിന് ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നൽകിയത്. കീരവാണിയുടെ അമ്മാവന്റെ മകനാണ് ‘ആർആർആറി’ന്റെ സംവിധായകനായ രാജമൗലി.
ആന്ധ്ര സ്വദേശിയായ കീരവാണി 26-ാമത്ത വയസിൽ കൽക്കി എന്ന ചിത്രത്തിൽ സംഗീതസംവിധാനം ചെയ്തെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. അക്കൊല്ലംതന്നെ പുറത്തിറങ്ങിയ ‘മനസു മമത’ എന്ന ചിത്രത്തിലെ പാട്ട് ശ്രദ്ധേയമായി. താമസിയാതെ കന്നട, തമിഴ്, മലയാളം സിനിമകളിലും സംഗീതസംവിധാനം നിർവഹിച്ചു. ഐ.വി. ശശി ചിത്രമായ ‘നീലഗിരി’യിലൂടെ കീരവാണി 1991ൽ മലയാളത്തിലെത്തി. ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗ’ത്തിലൂടെ മലയാളത്തെയും കീഴടക്കി. മലയാളത്തിലും തമിഴിലും മരകതമണി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. താൻ വിരമിക്കുകയാണെന്ന് 2014ൽ കീരവാണി പ്രഖ്യാപിച്ചെങ്കിലും എസ്.എസ്. രാജമൗലി പിന്തിരിപ്പിക്കുകയായിരുന്നു.
ഊട്ടി സ്വദേശിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത് ഗുണീത് മോഗം നിർമിച്ച ചിത്രമാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’. തമിഴ്നാട് മുതുമല വന്യജീവിസങ്കേതത്തിലുള്ള തെപ്പക്കാട് ആനപരിശീലന കേന്ദ്രത്തിലെ പരിശീലകരും ആദിവാസി ദന്പതികളുമായ ബൊമ്മന്റെയും ബെല്ലിയുടെയും അവർ വളർത്തിയ രഘു, അമ്മു എന്നീ കുട്ടിയാനകളുടെയും ജീവിതമാണ് ഹ്രസ്വചിത്രത്തിലുള്ളത്. ആദ്യഭർത്താവിനെ കടുവ കൊന്നതിനെത്തുടർന്നാണ് ബെല്ലി, ബൊമ്മനെ വിവാഹം കഴിച്ചത്. പരിക്കേറ്റ് കാട്ടിൽ ഒറ്റപ്പെട്ടുപോയ 11 മാസം പ്രായമുള്ള രഘു എന്ന കുട്ടിയാനയെ വനപാലകരാണ് ദന്പതികളുടെ അടുത്തെത്തിക്കുന്നത്. അവരതിനെ സ്നേഹപൂർവം പരിപാലിച്ചു. പിന്നീട് രഘുവിനെ പരിശീലനത്തിനു കൊണ്ടുപോയപ്പോൾ അമ്മുവിനെ വളർത്താനുള്ള നിയോഗമായിരുന്ന ബൊമ്മനും ബെല്ലിക്കും ലഭിച്ചത്.
മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ദൃശ്യങ്ങൾകൂടിയാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’. ആദിവാസി കുടുംബത്തോടൊപ്പം അഞ്ചുവർഷം താമസിച്ചാണ് ഫോട്ടോഗ്രാഫർ കൂടിയായി കാർത്തികി സിനിമയൊ രുക്കിയത്. പക്ഷേ, ആ കഠിനാധ്വാനങ്ങളൊന്നും പാഴായില്ല. ഓസ്കർ പുരസ്കാരത്തിലൂടെ ഇന്ത്യയെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിച്ച കീരവാണിയുടെയും കാർത്തികി ഗോൺസാൽവസിന്റെയും ചരിത്രം നമ്മുടെ സിനിമാലോകത്തിനു പ്രചോദനമാണ്. ‘നാട്ടു നാട്ടു’വിന്റെ ആവേശകരമായ നൃത്തച്ചുവടുകളുടെ താളനിബദ്ധ തയിൽ കൂടുതൽ കലാകാരന്മാർ ഓസ്കറിലേക്കു ചുവടുവയ്ക്കട്ടെ.