സാങ്കേതിക വിദ്യകൾ ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ റേഷൻ വിതരണം പോലുള്ള ഒരു അവശ്യ വിതരണ സംവിധാനം ഇങ്ങനെ തുടരെ കുഴപ്പത്തിലാകുന്നത് ഒട്ടും ആശാസ്യമല്ല. അടിയന്തരമായി ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടണം. സെർവറിന്റെ ശേഷി കൂട്ടണമെങ്കിൽ അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം.
കേരളത്തിലെ റേഷൻ വിതരണം ഈ രീതിയിൽ മുന്നോട്ടുപോയാൽ മതിയോ? കഴിഞ്ഞ കുറേക്കാലമായി റേഷൻ വിതരണരംഗത്ത് താളപ്പിഴകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. രാജ്യത്തുതന്നെ സാമാന്യം ഭേദപ്പെട്ട രീതിയിൽ മുന്നോട്ടുപോയിരുന്ന റേഷൻ വിതരണ സംവിധാനമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇ പോസ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ഏതാനും മാസങ്ങളായി റേഷൻ വിതരണം താറുമാറാക്കിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളും ഡിജിറ്റൈസേഷനുമൊക്കെ വരുന്പോൾ ഏതൊരു സംവിധാനത്തിന്റെയും പ്രവർത്തനം കൂടുതൽ ലളിതവത്കരിക്കപ്പെടുകയും സുഗമമാവുകയും ചെയ്യുന്നതാണ് അനുഭവം. എന്നാൽ, റേഷൻ വിതരണസംവിധാനം ആധുനിക സാങ്കേതികവിദ്യയിലേക്കു മാറിയതോടെ ആകെ കുഴഞ്ഞുമറിഞ്ഞു എന്നതാണ് കേരളത്തിലെ അനുഭവം.
റേഷൻ വിതരണം സന്പൂർണമായി ഇ-പോസ് മെഷീൻ വഴിയാക്കി ദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളം കാഴ്ചവച്ചത്. സാധാരണ റേഷൻ കാർഡിൽ പതിക്കുന്നതിനു പകരം റേഷൻ വാങ്ങാനെത്തുന്ന കുടുംബാംഗത്തിന്റെ വിരൽ ഇ-പോസ് മെഷീനിൽ വച്ചു ബയോമെട്രിക്സ് സംവിധാനം വഴി ആളെ തിരിച്ചറിയുകയും അർഹമായ റേഷൻ വിഹിതം നൽകുകയും ചെയ്യുന്ന സംവിധാനമായിരുന്നു ഇത്. റേഷൻകട നടത്തിപ്പുകാരിൽ ചിലരെങ്കിലും പല രീതിയിൽ നടത്തിവന്നിരുന്ന മറിച്ചുവില്പനയും തട്ടിപ്പുമൊക്കെ ഒരു പരിധിവരെ തടയാൻ ഈ സംവിധാനത്തിനു കഴിയുമായിരുന്നു. റേഷൻ വാങ്ങിയാൽ ഉടനെ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണിലേക്കു സന്ദേശം ലഭിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമായിരുന്നു. ഒരു വ്യക്തിക്ക് അർഹതപ്പെട്ട റേഷൻ അയാൾക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കാനും ഈ പരിഷ്കാരങ്ങൾ സഹായിച്ചു. ആർക്കും ഏതു റേഷൻ കടയിൽനിന്നും അർഹതപ്പെട്ട റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്നതും ഏറെപ്പേർക്ക് സഹായകമായി. ഇങ്ങനെ പൊതുവിതരണരംഗത്തു വലിയ മുന്നേറ്റം സൃഷ്ടിക്കുന്ന പദ്ധതികളാണ് നടപ്പിൽ വരുത്തിയതെങ്കിലും അതിനു വേണ്ടത്ര സാങ്കേതിക പിൻബലവും സംവിധാനങ്ങളും ഒരുക്കുന്നതിൽ വീഴ്ച വന്നുവോയെന്നാണ് റേഷൻ വിതരണരംഗത്തെ തുടർച്ചയായ താളപ്പിഴകൾ കാണുന്പോൾ തോന്നുന്നത്.
കുറേക്കാലമായി തുടരുന്ന സാങ്കേതിക പ്രശ്നങ്ങൾ അതിന്റെ ഏറ്റവും രൂക്ഷമായ സ്ഥിതിയിലേക്കു മാറിയതാണ് കഴിഞ്ഞ ആഴ്ചകളിൽ കണ്ടത്. റേഷൻ കടകൾ തുറന്നിരുന്നെങ്കിലും സെർവർ തകരാറിനെത്തുടർന്നു ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കാതാവുകയും ആർക്കും റേഷൻ വിഹിതം വാങ്ങാൻ കഴിയാതെ വരികയുമായിരുന്നു. കേരളത്തിൽ ദിവസവും നാലു മുതൽ അഞ്ചു ലക്ഷം ഇടപാടുകൾ വരെയാണ് റേഷൻ കടകൾ വഴി നടക്കാറുള്ളത്. കഴിഞ്ഞ ആഴ്ചയിൽ സാങ്കേതിക പ്രശ്നം മൂലം ഇത് ഒരു ലക്ഷത്തിനു താഴേക്കു പോയി. ഏപ്രിൽ തീരാൻ നാലു ദിവസം ശേഷിക്കെ 93.53 ലക്ഷം കാർഡ് ഉടമകളിൽ 42.36 ലക്ഷം പേർക്കു മാത്രമാണ് റേഷൻ വാങ്ങാൻ കഴിഞ്ഞത്. ഇതോടെ ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ചു വരെ നീട്ടേണ്ടിവന്നു.
ഇതിനും മാസങ്ങൾക്കു മുന്പു മുതൽ സെർവറിന്റെ ശേഷിക്കുറവും സാങ്കേതിക പ്രശ്നങ്ങളും റേഷൻ വിതരണത്തിന്റെ താളം തെറ്റിച്ചുതുടങ്ങിയിരുന്നു. ഇതോടെ പല ദിവസങ്ങളിലും റേഷൻ വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ഏഴു ജില്ലകൾക്കു വീതം രാവിലെയും ഉച്ചയ്ക്കുമായി സമയം നിശ്ചയിച്ചു. ചില ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിട്ടു. ഇതു റേഷൻ കടക്കാരെയും കാർഡ് ഉടമകളെയും ഒരുപോലെ വലച്ചു. സമയമാറ്റവും മറ്റുമറിയാതെ നിരവധിപ്പേരാണ് ദൂരെസ്ഥലങ്ങളിൽനിന്നു പോലും റേഷൻ കടകളിൽ എത്തിയിട്ട് സാധനങ്ങൾ വാങ്ങാനാവാതെ മടങ്ങിയത്. റേഷൻ ലഭിക്കാതെ വരുന്പോഴുള്ള കാർഡുടമകളുടെ രോഷം പലപ്പോഴും ഏറ്റുവാങ്ങേണ്ടിവരുന്നത് റേഷൻകട നടത്തിപ്പുകാണ്. പ്രശ്നം രൂക്ഷമായതോടെയാണ് ഏപ്രിൽ 25ന് റേഷൻ കട ഉടമകൾ കടകൾ അടച്ചിട്ടു സമരം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ സെർവർ പ്രശ്നം പരിഹരിക്കാൻ സർക്കാർതന്നെ രണ്ടു ദിവസത്തേക്കു കടകൾക്ക് അവധി നൽകി.
സാങ്കേതികവിദ്യകൾ ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തിൽ റേഷൻ വിതരണം പോലുള്ള ഒരു അവശ്യവിതരണ സംവിധാനം ഇങ്ങനെ തുടരെ കുഴപ്പത്തിലാകുന്നത് ഒട്ടും ആശാസ്യമല്ല. അടിയന്തരമായി ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടണം. സെർവറിന്റെ ശേഷി കൂട്ടണമെങ്കിൽ അത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം. എത്രകാലം ഇങ്ങനെ സാങ്കേതിക പ്രശ്നങ്ങളെ കുറ്റം പറഞ്ഞു മുന്നോട്ടുപോകാൻ കഴിയും? ഇതു പരിഹരിക്കപ്പെട്ടില്ലെങ്കിൽ നമ്മൾ കൊട്ടിഘോഷിക്കുന്ന ഡിജിറ്റൈസേഷനും കംപ്യൂട്ടർവത്കരണത്തിനുമൊന്നും യാതൊരു അർഥവുമില്ലാതെ വരും. ജനങ്ങൾക്കു പ്രയോജനം ചെയ്യുന്നില്ലെങ്കിൽ ഏതൊരു സാങ്കേതികവിദ്യക്കും ചവറ്റുകുട്ടയിലാണ് ഇടം.