കഴിഞ്ഞ 10 വർഷം പ്രതിപക്ഷവും പരാജയമായിരുന്നു. ഒന്നും ചെയ്തില്ലെന്നല്ല, ചെയ്തുകൊള്ളുമെന്നു ജനം പ്രതീക്ഷിച്ച പലതും ചെയ്തില്ല. ഇനിയൊരു മുഴുവൻസമയ പ്രതിപക്ഷ നേതാവുണ്ടാകണം. മുന്നണിയിൽ നേതൃത്വമുണ്ടാകണം, ഐക്യമുണ്ടാകണം. ധാർമികതയുണ്ടാകണം. അധികാരമോഹികളായ ഒറ്റുകാരെ കരുതിയിരിക്കുകയും വേണം.
കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’ക്ക് രാജ്യത്തെ പ്രതിപക്ഷമാകാൻ അവസരം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷം അക്കാര്യത്തിൽ നിങ്ങൾ പരാജയമായിരുന്നു. ഒന്നും ചെയ്തില്ലെന്നല്ല, നിങ്ങൾ ചെയ്യുമെന്നു ജനം പ്രതീക്ഷിച്ച പലതും ചെയ്തില്ല. ഒടുവിലൊരു പേമാരിയാകാനും അഹന്തയുടെ ഹിമാലയത്തിൽ ഉരുൾപൊട്ടലാകാനും നിങ്ങൾക്കായി.
പ്രതിപക്ഷത്തിരുന്നു പ്രവർത്തിക്കാൻ പോലും നിങ്ങളെ അനുവദിക്കാതിരുന്നവരുടെ നിരവധി കസേരകൾ ജനം പ്രതിപക്ഷ നിരയിലേക്കു മാറ്റിയിട്ടിട്ടുണ്ട്. അതൊന്നും വെറുതെയല്ല. ഇനി ജനകീയവിഷയങ്ങളിൽ ഇടവേളയില്ലാതെ ഇടപെടണം. ഇനിയൊരു മുഴുവൻസമയ പ്രതിപക്ഷ നേതാവുണ്ടാകണം.
മുന്നണിയിൽ നേതൃത്വമുണ്ടാകണം, ഐക്യമുണ്ടാകണം. അധികാരമോഹികളായ ഒറ്റുകാരെ കരുതിയിരിക്കണം. അധികാര ദുർവിനിയോഗംകൊണ്ടും വർഗീയ ധ്രുവീകരണംകൊണ്ടും മുതലാളിത്ത ചങ്ങാത്തംകൊണ്ടും ഭരിക്കുന്നവർ ജനങ്ങളെ ദ്രോഹിച്ചെങ്കിൽ പ്രതിപക്ഷം ദ്രോഹിച്ചത് നിഷ്ക്രിയതകൊണ്ടാണ്.
പ്രതിപക്ഷത്തിലുള്ള വിശ്വാസത്തിലുപരി, ഭരിക്കുന്നവരോടുള്ള രോഷമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പൂവ് ചോദിച്ചവർക്കു പൂക്കാലമെന്നതുപോലെ, കോൺഗ്രസ് മുക്തഭാരതം ചോദിച്ചവർക്ക് പ്രതിപക്ഷ മുക്ത ഭാരതം കൊടുത്തതിൽ പ്രതിപക്ഷത്തിനും പങ്കുണ്ട്. ജനാധിപത്യത്തിനു യോജിച്ചൊരു സർക്കാരോ നല്ലൊരു പ്രതിപക്ഷമോ ഇല്ലാത്ത 10 വർഷമാണ് കടന്നുപോയതെന്നു കരുതുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും നീതിപൂർവകമായ സാന്പത്തിക വിതരണത്തിന്റെയും കാര്യങ്ങളിൽ ഭരിക്കുന്നവരുടെ അവകാശവാദങ്ങൾ പൊള്ളയായിരുന്നു. പല ആഗോള സൂചികകളിലും രാജ്യം താഴ്ന്ന നിലയിലായിരുന്നു. ഇതിനെയൊന്നും യഥാസമയം ചെറുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അതു പണപ്പെരുപ്പം ഒഴിവാക്കിയുള്ളതാകുമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനം നടന്നില്ലെന്നു മാത്രമല്ല, വരുമാനം കുത്തനെ ഇടിയുകയാണുണ്ടായത്. വിളകളുടെ തറവിലകൾ സ്വാമിനാഥൻ കമ്മീഷൻ ശിപാർശ പ്രകാരം ചെലവും ചെലവിന്റെ 50 ശതമാനവും ചേർത്ത് നിശ്ചയിക്കുമെന്ന വാഗ്ദാനവും പാഴായി.
ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല. ഒടുവിൽ കർഷകർ സ്വന്തമായി സംഘടിച്ച് ഡൽഹിയിലേക്കു മാർച്ച് ചെയ്തു. ആ വിഷയത്തിൽ മാത്രമല്ല, ഒരു കാര്യത്തിലും, രാജ്യത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്കുവേണ്ടി ഭരണകൂടത്തെ വിറപ്പിക്കുന്നൊരു പ്രക്ഷോഭം നടത്താൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.
ആഗോള മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂപ്പുകുത്തിയപ്പോൾപോലും പാചകവാതകത്തിന്റെയും പെട്രോൾ-ഡീസലിന്റെയും വില കുത്തനെ കൂട്ടുകയും പാർലമെന്റിൽ പോലും പറയാതെ സബ്സിഡി എടുത്തുകളയുകയും ചെയ്തു. തുടർന്നു വിലക്കയറ്റം അസഹനീയമായി. പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾക്കുമപ്പുറം പ്രതിപക്ഷം എന്തു ചെയ്തു? മാധ്യമങ്ങളാണ് ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷമായി പ്രവർത്തിച്ചത്.
വിമർശിക്കുന്ന മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തപ്പോഴും കാര്യമായൊന്നും ചെയ്യാനായില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും ന്യൂനപക്ഷദ്രോഹങ്ങളുമൊക്കെ എതിരില്ലാതെ അരങ്ങേറി.
അതൊക്കെ തെരഞ്ഞെടുപ്പടുത്തപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ട വിഷയങ്ങൾ മാത്രമായിരുന്നില്ലല്ലോ?രാജ്യദ്രോഹത്തിന്റെ തോക്കു ചൂണ്ടി ഇന്ത്യയിലെ മാധ്യമങ്ങളെ ഭയപ്പെടുത്തിയപ്പോൾ വിദേശ മാധ്യമങ്ങളും വിദേശത്തുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകരും കളത്തിലിറങ്ങി.
റഫാൽ വിമാന ഇടപാട്, അതിലെ റിലയൻസ് ബന്ധങ്ങൾ, അദാനിയുടെ രാഷ്ട്രീയ ബന്ധങ്ങൾ, തട്ടിക്കൂട്ട് കന്പനികളിലൂടെ അദാനി കന്പനികളുടെ ഒഹരിവില കൃത്രിമമായി ഉയർത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട്, ഗുജറാത്ത് കലാപത്തിന്റെ അണിയറക്കഥകൾ, പെഗാസസ് ചാര സോഫ്റ്റ്വെയർ, ഭീമ-കൊറേഗാവ് കേസിൽ ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള ദളിത്-മനുഷ്യാവകാശ പ്രവർത്തകരെ കുടുക്കാൻ അവരുടെ പേഴ്സണൽ കംപ്യൂട്ടറുകളിൽ കൃത്രിമത്വം നടത്തിയത് തുടങ്ങിയവയെല്ലാം അങ്ങനെയാണ് പുറത്തുവന്നത്.
മോദിസർക്കാരിന്റെ വർഗീയതയും അഴിമതിയും പൊള്ളയായ അവകാശവാദങ്ങളും തെളിവുസഹിതം വെളിപ്പെടുത്തിയ യുട്യൂബർമാരായ ധ്രുവ് റാഠി, രവീഷ് കുമാർ, അഭിഷേക് ബാനർജി തുടങ്ങിയവർ പ്രതിപക്ഷത്തേക്കാൾ മോദിസർക്കാരിനെ നേരിട്ടവരാണ്.
കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ ഇന്ത്യയിലെ നിരവധി മാധ്യമപ്രവർത്തകർക്കു ജോലി നഷ്ടമായി, പലരും ജയിലിലായി. അവരുടെ പോരാട്ടത്തിന്റെ ഫലംകൂടിയാണ് പ്രതിപക്ഷത്തിന്റെ വിജയം.
പ്രതിപക്ഷത്തിനു കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്നു മറക്കുന്നില്ല. ഇഡി ഉൾപ്പെടെ സകല സർക്കാർ സ്ഥാപനങ്ങളെയും ഉപയോഗിച്ച് നേതാക്കളെ കേസിൽ കുടുക്കിയും പാർലമെന്റിൽനിന്നു പുറത്താക്കിയും ജയിലിലിട്ടും സർവാധിപത്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നൊരു സർക്കാരിനെ അടിയന്തരാവസ്ഥയിലല്ലാതെ ഇന്ത്യക്കു പരിചയമില്ലായിരുന്നു.
പ്രതിപക്ഷവും പകച്ചുപോയിട്ടുണ്ടാകും. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പണം പോലും പ്രതിപക്ഷ പാർട്ടികളുടെ കൈയിൽനിന്നും തട്ടിയെടുത്തു. എന്നിട്ടും രാഹുൽ ഗാന്ധിയെപ്പോലുള്ളവർ പൊരുതിനിന്നു. ഭാരത് ജോഡോ യാത്ര മുതൽ കോൺഗ്രസും പ്രതിപക്ഷവും ഉയിർത്തെഴുന്നേറ്റു.
പാർട്ടികളെ അടർത്തിയെടുത്തിട്ടും പരാജയം സമ്മതിക്കാതെ ഉള്ളവരെ വച്ചു യുദ്ധം നയിക്കാൻ പ്രതിപക്ഷം തയാറായി. ഇലക്ടറൽ ബോണ്ടിന്റെ അണിയറക്കഥകളും അഴിമതിവഴികളും കോടതിവിധികളിലൂടെ തുറന്നുകാണിച്ചു. ഏറെ പൊരുതി നേടിയതാണ് പ്രതിപക്ഷത്തിന്റെ വിജയം. പക്ഷേ, ആ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമൊന്നും കഴിഞ്ഞ 10 വർഷമായി നിർണായക സമയങ്ങളിൽ ഉണ്ടായിരുന്നില്ല.
ഒരു നേതാവ് പോലുമില്ലാതെ എത്രനാൾ ഇരുട്ടിലലഞ്ഞ പാർട്ടിയാണു കോൺഗ്രസ്. പ്രതിപക്ഷമുന്നണിക്ക് ഒരു നേതാവിനെ പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നോ? തിരുത്താൻ ഏറെയുണ്ട്. ഏകാധിപത്യത്തിനും ധാർഷ്ട്യത്തിനും അഴിമതിക്കും സാന്പത്തിക അസമത്വത്തിനുമെതിരായിട്ടാണ് പൊരുതുന്നതെങ്കിൽ പ്രതിപക്ഷമുന്നണി ആദ്യം സ്വന്തം പാർട്ടികളെ അതിൽനിന്നൊക്കെ മോചിപ്പിക്കണം.
നിങ്ങളുടെ മുന്നണിയിലെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നു തുടങ്ങണം ശുദ്ധീകരണവും ശുദ്ധരാഷ്ട്രീയവും. പേരുപോലെ നിങ്ങൾ ഇന്ത്യയെ പ്രതിഫലിപ്പിക്കണം. ഇന്നേക്കു 131 വർഷം മുന്പാണ് വെള്ളക്കാരുടെ സീറ്റിലിരുന്നതിനു ദക്ഷിണാഫ്രിക്കയിൽവച്ച് ഗന്ധിജിയെ വർണവെറിയന്മാർ തീവണ്ടിയിൽനിന്നു പുറത്താക്കിയത്.
അതോടെ, തകരുകയായിരുന്നില്ല, പുതിയൊരു ഗാന്ധി പിറക്കുകയായിരുന്നു. കരുത്തുറ്റൊരു പ്രതിപക്ഷത്തിന്റെ കുതിപ്പിനെക്കുറിച്ചു ചിന്തിക്കാനും ഇതാണു സമയം. പക്ഷേ, ഗാന്ധിഭക്തിയും ഗോഡ്സെ വിരുദ്ധതയും മാത്രം പോരാ. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ നിങ്ങളെ പിന്തുണച്ചത്; എന്നാലോ അതു നിരുപാധികമല്ല.