ചെലവും ധൂർത്തും വെട്ടിക്കുറയ്ക്കേണ്ട യഥാർഥ മേഖലകളിൽ തൊടാൻ കൂട്ടാക്കാതെ
അരപ്പട്ടിണിക്കാരന്റെ മുണ്ട് കുറച്ചുകൂടി വലിച്ചുമുറുക്കാൻ കഴിയുമോയെന്ന ഗവേഷണത്തിലാണ് കേരളത്തിന്റെ ധനകാര്യ വിദഗ്ധർ
കാണം വിറ്റും ഓണം ആഘോഷിക്കണമെന്നു പറഞ്ഞിരുന്നത് പണ്ട്. ഇപ്പോൾ കടം വാങ്ങിയിട്ടാണെങ്കിലും ഓണം എങ്ങനെയെങ്കിലും ഒന്നു കടത്തിവിടാനുള്ള തത്രപ്പാടിലാണ് സംസ്ഥാന സർക്കാർ. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന്റെ പേരിൽ സർക്കാർ തലത്തിലുള്ള ആഘോഷങ്ങളെല്ലാം ഒഴിവാക്കിയിട്ടും ഓണക്കാലം കടന്നുകൂടാൻ വൻതുക കടമെടുക്കേണ്ട സ്ഥിതി.
ഓണക്കാല ചെലവുകൾക്കായി മൂവായിരം കോടി രൂപ കടമെടുക്കാനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ മൂവായിരം കോടി കടമെടുത്താലും, മുൻകാലങ്ങളിൽ ഓണക്കാല വിലക്കയറ്റം പിടിച്ചുനിർത്തി ജനങ്ങൾക്ക് ആശ്വാസം പകർന്നിരുന്ന സിവിൽ സപ്ലൈസ് സ്റ്റോറുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും എത്രത്തോളം ഫലവത്തായി പ്രവർത്തിക്കാൻ കഴിയുമെന്നു കണ്ടറിയണം.
കാരണം, വിപണിയിൽ ഇടപെടാൻ 500 കോടി ചോദിച്ച ഭക്ഷ്യവകുപ്പിന് 225 കോടിയാണ് സർക്കാർ കൊടുത്തിട്ടുള്ളത്. ഈ സാന്പത്തികവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 21,700 കോടി രൂപ കടമെടുക്കാനാണ് കേരളത്തിന് അനുമതിയുള്ളത്. ഇതിൽ 18,000 കോടിയും ഇതിനകം എടുത്തുകഴിഞ്ഞു.
ഓണച്ചെലവുകൾക്കായി 3000 കോടികൂടി എടുക്കുന്നതോടെ ഇനി അവശേഷിക്കുന്നത് 700 കോടി മാത്രം. ഓണം കഴിയുന്നതോടെ ട്രഷറി നിയന്ത്രണം അടക്കം വന്നു സ്ഥിതി കുറേക്കൂടി വഷളാകാനാണു സാധ്യത. കേരളം ഭരിച്ച സർക്കാരുകൾ ദീർഘവീക്ഷണവും അച്ചടക്കവുമില്ലാതെ സന്പദ്വ്യവസ്ഥ കൈകാര്യം ചെയ്തതിന്റെ പരിണിതഫലം.
അതേസമയം, ഈ പ്രതിസന്ധി ക്രിയാത്മകമായി എങ്ങനെ തരണം ചെയ്യാമെന്നതിൽ സർക്കാരോ ധനവകുപ്പോ ഇനിയും കൃത്യമായൊരു പദ്ധതി മുന്നോട്ടുവച്ചിട്ടില്ല. “ചെലവു ചുരുക്കും, വരുമാനം വർധിപ്പിക്കും’’ എന്നിങ്ങനെ രണ്ടു പ്രഖ്യാപനങ്ങളാണ് പതിവായി കേൾക്കുന്നത്. എന്നാൽ, ഈ രണ്ടു തീരുമാനങ്ങളുടെയും ഇരകൾ ഈ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്നതാണ് ദയനീയമായ കാര്യം.
നിരക്ക് കൂട്ടിയും അധികനികുതി ചുമത്തിയും ഫീസ് ഈടാക്കിയുമൊക്കെ പൊതുജനത്തെ പിഴിയുന്നതാണ് പ്രധാന വരുമാനം വർധിപ്പിക്കൽ. ചെലവും ധൂർത്തും വെട്ടിക്കുറയ്ക്കേണ്ട യഥാർഥ മേഖലകളിൽ തൊടാൻ കൂട്ടാക്കാതെ അരപ്പട്ടിണിക്കാരന്റെ മുണ്ട് കുറച്ചുകൂടി വലിച്ചുമുറുക്കാൻ കഴിയുമോയെന്ന ഗവേഷണത്തിലാണ് കേരളത്തിന്റെ ധനകാര്യ വിദഗ്ധർ.
ഏറ്റവുമൊടുവിലായി, മഞ്ഞക്കാർഡ് ഉടമകൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതരണം ചെലവുചുരുക്കലിന്റെ ഭാഗമായി റേഷൻകടകളിൽനിന്നു മാറ്റി സപ്ലൈകോ വില്പനശാലകൾ വഴിയാക്കാൻ സർക്കാർ ആലോചിക്കുകയാണത്രേ. ആരാണ് ഈ സൗജന്യ കിറ്റിന്റെ ഗുണഭോക്താക്കൾ എന്നറിയുന്പോഴാണ് ഈ ചെലവുചുരുക്കൽ നടപടിയുടെ ക്രൂരത വെളിവാകുന്നത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും വയോധികരും തനിച്ചു താമസിക്കുന്നവരുമൊക്കെയാണ് ഈ കിറ്റിന് അർഹതയുള്ളവർ. കേരളത്തിലെ റേഷൻകടകളുടെ എണ്ണം 14,500 ആണെങ്കിൽ സപ്ലൈകോ വില്പനശാലകളുടെ എണ്ണം 1,600 മാത്രം. അതായത്, കിറ്റ് വാങ്ങണമെങ്കിൽ പലരും ഏറെ ദൂരം യാത്ര ചെയ്തു സപ്ലൈകോ ഉള്ളിടത്ത് എത്തണം.
ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നാൽ കിറ്റിനേക്കാൾ കൂടിയ പണം വണ്ടിക്കൂലിയാകും. അതുകൊണ്ടു പലരും കിറ്റ് വേണ്ടെന്നു വച്ചേക്കും. ഈ ഗതികെട്ടവർ സൗജന്യകിറ്റ് വേണ്ടെന്നുവച്ചാൽ ധനസ്ഥിതിക്ക് അതുമൊരു തണലാകുമെന്നതാണ് ധനവകുപ്പിന്റെ ദുഷ്ടലാക്കെങ്കിൽ പാവപ്പെട്ടവരുടെ പക്ഷത്താണ് ഞങ്ങൾ എന്നു മേലിൽ മുദ്രാവാക്യം വിളിക്കരുത്.
ഇനി ചെലവുചുരുക്കലിന്റെ മറ്റൊരു വിപ്ലവം ഇതാ; വിവിധ വിദഗ്ധ സമിതികളിൽ അംഗങ്ങളാകുന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ഏഴുവർഷംകൊണ്ട് ഖജനാവിൽനിന്നു കൊടുത്തത് കോടികൾ. പാർട്ടി അനുഭാവികളായ ഇഷ്ടക്കാരെ വിവിധ കമ്മിറ്റികളിൽ ഒരേ സമയം നിയോഗിച്ചുകൊണ്ടാണ് ലക്ഷങ്ങൾ സമ്മാനിക്കുന്നത്.
ഇടതു സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികളിലെല്ലാം ഇടംകിട്ടിയ ഒരാൾ ഇതിനകം അരക്കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് സർക്കാർതന്നെ നൽകിയ മറുപടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം, കരിക്കുലം കമ്മിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റി, ഖാദർ കമ്മിറ്റി, പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി, കെഇആർ പരിഷ്കരണ കമ്മിറ്റി, പുസ്തകനിർമാണം തുടങ്ങിയ വിവിധ സമിതികളിൽ നിയോഗിച്ചുകൊണ്ടാണ് ഇഷ്ടക്കാർക്ക് ശന്പളവും യാത്രാബത്തയുമൊക്കെയായി ലക്ഷങ്ങൾ കൊടുക്കുന്നത്.
42.5 ലക്ഷം രൂപയാണ് ഒരു വിദ്യാഭ്യാസ വിദഗ്ധൻ ഇങ്ങനെ വാങ്ങിയെടുത്തത്. ഓർക്കണം; പ്രിൻസിപ്പൽ, പ്രഫസർ പോലുള്ള പദവികളിൽനിന്നു വിരമിച്ചിട്ട് നല്ലൊരു തുക പെൻഷൻ കിട്ടുന്നവർക്കാണ് സർക്കാരിന്റെ വക ഈ ഇഷ്ടദാനം; അതും സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്പോൾ.
സാന്പത്തികമായി ചുരുങ്ങാനും വലിയാനുമുള്ള ബാധ്യത സാധാരണക്കാരനു മാത്രമേയുളളൂ എന്നതാണോ നിങ്ങളുടെ പ്ലാൻ ബി? കാലിയായ ബക്കറ്റിന് ഓട്ടകൂടി ഇടരുത്.