സിക്കിമിൽ മേഘവിസ്ഫോടനം മിന്നൽപ്രളയം; 23 സൈനികർ ഉൾപ്പെടെ 70 പേരെ കാണാതായി
Thursday, October 5, 2023 2:38 AM IST
ഗ്യാ ങ്ടോക്ക്/ന്യൂഡല്‍ഹി: വടക്കൻ സിക്കിമിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. 23 സൈനികരുൾപ്പെടെ 70 പേരെ കാണാതായി. കെട്ടിടങ്ങൾ തകർന്നതിനു പുറമേ 41 സൈനികവാഹനങ്ങൾ ഒഴുകിപ്പോയി.
ലൊനക് തടാക പരിസരത്ത് മേഘവിസ്ഫോടനം മൂലം പുലർച്ചെ ഒന്നരയോടെ ടീസ്റ്റ നദിയിൽ മിന്നൽപ്രളയം രൂപപ്പെട്ടതാണു വൻദുരന്തമായത്. വെള്ളപ്പാച്ചിലിൽ ചുങ്താംഗ് അണക്കെട്ട് തകർന്നതു സ്ഥിതിഗതികൾ രൂക്ഷമാക്കി. ലാച്ചെൻ താഴ്വരയിലേക്ക് വെള്ളം ഇരച്ചുകയറിയതാണു വ്യാപകനാശത്തിനു കാരണം. നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളമാണ് ഉയർന്നത്.
സിംഗ്താമിനു സമീപം ബാർഡാംഗിൽ കരസേനാ ഈസ്റ്റേ ണ് കമാന്‍ഡിന്റെ പരിശീലനകേന്ദ്രത്തിലുള്ള സൈനികരാണ് അപകടത്തിൽപ്പെട്ടത്. 41 വാഹനങ്ങൾ ഒലിച്ചുപോയതായും കരസേന അറിയിച്ചു. സിങ്താമിൽ ടീസ്റ്റ നദിക്കു കുറുകെ 120 മീറ്ററുള്ള ഇന്ദ്രാണി പാലം എന്നറിയപ്പെടുന്ന സ്റ്റീൽ നിർമിത നടപ്പാതയും തകർന്നു. താഴ്ന്ന പ്രദേശങ്ങളായ സാങ്കലാങ്, ബ്രിംഗ്ബോംഗ്, ഒഹിഡാംഗ്, ദിക്ചു, രംഗ്പോ എന്നിവിടങ്ങളിൽ വ്യാപക നാശമുണ്ടായി.
മലയാളികൾ ഉൾപ്പെടെ രണ്ടായിരത്തോളം വിനോദസഞ്ചാരികൾ പലയിടങ്ങളിലായി കുടുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. എൺപതു വിനോദസഞ്ചാരികളെ സുരക്ഷിതകേന്ദ്രത്തിലെത്തിച്ചതായി ബോർഡർ റോഡ് ഓർഗനൈസേഷൻ ഇന്നലെ രാത്രിയോടെ അറിയിച്ചു.
ദിവസങ്ങളായി പ്രദേശത്ത് മഴ തുടരുകയായിരുന്നു. ചൊവ്വാഴ്ചത്തെ അതിശക്തമായ മഴയാണ് മേഘവിസ്ഫോടനത്തിനു കാരണമായത്.
സിക്കിം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലൂടെ ബംഗ്ലാദേശ് വരെ നീളുന്നതാണ് ടീസ്ത നദി. സംഭവത്തെത്തുടർന്ന് പശ്ചിമബംഗാളിലും ജാഗ്രത തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേനയുടെ ഒരു സംഘത്തെ ബംഗാളിലും വിന്യസിച്ചിട്ടുണ്ട്.
സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗിനെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തനത്തിന് പൂർണപിന്തുണ വാഗ്ദാനം ചെയ്തു. അപകടമേഖലയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവർത്തകരുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു.
പശ്ചിമബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ഗതാഗതം പൂർണമായും സ്തംഭിച്ചതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരന്തകാരണം നേപ്പാൾ ഭൂചലനം?
ന്യൂഡൽഹി: നേപ്പാളിലും സമീപമേഖലയിലും ചൊവ്വാഴ്ച അനുഭവപ്പെട്ട ഭൂചലനമാകാം മേഘവിസ്ഫോടനത്തിലേക്കു നയിച്ചതെന്ന് അനുമാനം. തെക്കൻ ലൊനാക് തടാകത്തിലുണ്ടായ മേഘവിസ്ഫോടനത്തിലാണ് ചുങ്താംഗ് അണക്കെട്ട് തകർന്നതും ടീസ്ത നദിയിൽ മിന്നൽപ്രളയം സൃഷ്ടിച്ചതും. കഴിഞ്ഞ സെപ്റ്റംബർ 17ലെ ഉപഗ്രഹ ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ തടാകത്തിന്റെ വിസ്തൃതി 100 ഹെക്ടറോളം കുറഞ്ഞതായി ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിലെ ഗവേഷകർ പറയുന്നു.
168 ഹെക്ടറോളം വിസ്തൃതിയുണ്ടായിരുന്ന തടാകമേഖല ഇപ്പോൾ 60 ഹെക്ടറായി ചുരുങ്ങിയിരിക്കുകയാണ്. 100 ഹെക്ടറോളം പ്രദേശത്തെ ജലമാണ് പുറത്തേക്ക് ഒഴികിയത്. ഭൂചലനത്തിന്റെ സ്വാധീനമാകാം മേഘവിസ്ഫോടനത്തിനു കാരണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ചൊവ്വാഴ്ച നാലുതവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടത്.