കോണ്‍ഗ്രസിന് ഭോപ്പാൽ ദുരന്തം
Monday, December 4, 2023 1:38 AM IST
ജോർജ് കള്ളിവയലിൽ
സെമിഫൈനലിൽ ഹിന്ദി ഹൃദയം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒരുതരം ഭോപ്പാൽ ദുരന്തമാണ് കൗ ബെൽറ്റ് എന്നു വിശേഷിപ്പിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കനത്ത തോൽവി.
താമരപ്പൊയ്കയിൽ കമലദളം വിരിഞ്ഞപ്പോൾ, കൈ മടങ്ങി. എന്നാൽ, തെലുങ്കാനയിലെ മികച്ച വിജയം കോണ്‍ഗ്രസിന് സമാശ്വാസം മാത്രമല്ല, പ്രതീക്ഷയുടെ തുരുത്തുമായി. നരേന്ദ്ര മോദിയെ നേരിടാൻ രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിനും തന്ത്രങ്ങൾ മാറ്റിയേ മതിയാകൂ.
ജാതി രാഷ്ട്രീയത്തിന്റെ മണ്ണിൽ ജാതി സെൻസസ് പയറ്റി ജയിക്കാമെന്ന കോണ്‍ഗ്രസിന്റെ വ്യാമോഹമാണു പാളിയത്. ഉത്തരേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലും പിന്നാക്ക, ദളിത്, ആദിവാസി വോട്ടർമാരും സവർണരും ഒരുപോലെ കോണ്‍ഗ്രസിനെ കൈവിട്ടതാകും മുന്നറിയിപ്പ്. നേതാക്കളുടെ തമ്മിലടികളും ഛത്തീസ്ഗഡിൽ അമിത ആത്മവിശ്വാസവും മുഖ്യപ്രതിപക്ഷ പാർട്ടിയുടെ പരാജയത്തിൽ നിർണായകമായി.
ജാതി, മത രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ കോർത്ത സോഷ്യൽ എൻജിനിയറിംഗിൽ നരേന്ദ്ര മോദി-അമിത് ഷാ-ആർഎസ്എസ് കൂട്ടുകെട്ട് ഒരിക്കൽക്കൂടി സുവർണനേട്ടം ഉണ്ടാക്കി. മിസോറമിലെ ഫലംകൂടി ഇന്നെത്തുന്പോഴും പൊതുട്രെൻഡിനെ അതു ബാധിച്ചേക്കില്ല.
പ്രവചനങ്ങളെ കാറ്റിൽപ്പറത്തി
ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കെയുള്ള ഇന്നലത്തെ ജനവിധിക്കു പ്രാധാന്യമേറെയുണ്ട്. കഴിഞ്ഞ വർഷം ഗുജറാത്തിലും ത്രിപുരയിലും വിജയിച്ചെങ്കിലും കർണാടകയിലും ഹിമാചൽ പ്രദേശിലും പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് വിജയങ്ങൾ വലിയ ഉത്തേജനമാകും.
കർണാടകയ്ക്കു പിന്നാലെ തെലുങ്കാനയിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നറ്റതാകും കോണ്‍ഗ്രസിന് ആശ്വാസം. ഒന്‍പതു വർഷമായിട്ടും മങ്ങാത്ത മോദി തരംഗത്തെ തടുക്കാൻ രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്കും കഴിഞ്ഞില്ലെന്നതാകും കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുക.
2024ലെ പൊതു തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ബിജെപിയും കോണ്‍ഗ്രസും ഇന്നലെ ജനവിധിയെഴുതിയ സംസ്ഥാനങ്ങളിൽ തന്ത്രങ്ങൾ മെനഞ്ഞത്. എന്നാൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വൻതോൽവിക്കു പ്രത്യാഘാതമേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരിൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ അനിവാര്യമായിരുന്ന വിജയങ്ങളാണു കളഞ്ഞുകുളിച്ചത്.
എല്ലാ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തകർക്കുന്നതാണ് ഹിന്ദി സംസ്ഥാനങ്ങളിലെ ബിജെപിയുടെ തോരോട്ടം. തെരഞ്ഞെടുപ്പിനു മുന്‍പുള്ള സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതിനേക്കാൾ മിന്നുന്ന ജയമാണ് താമരപ്പൊയ്കയിൽ സംഭവിച്ചത്.
ചരിത്രത്തിന്റെ പാഠങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേപടി ആവർത്തിക്കണമെന്നില്ല എന്നതു ബിജെപിക്കും തലവേദനയാണ്. ഇതേ ഹിന്ദി ബെൽറ്റിൽ 2018ലെ തെരഞ്ഞെടുപ്പിൽ തോറ്റന്പിയ ശേഷമാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിൽ മോദി മാജിക് കേന്ദ്രത്തിൽ ഭരണത്തുടർച്ച നൽകിയത്. മോദി പ്രഭാവം മങ്ങിയെന്നു വിലയിരുത്തിയ കോണ്‍ഗ്രസിനും നിരീക്ഷകർക്കുമാണു പാളിയത്. മോദി തരംഗം 2014നേക്കാൾ ശക്തമായാണ് 2019ൽ രാജ്യത്ത് ആഞ്ഞുവീശിയത്. കോണ്‍ഗ്രസ് മുന്നേറിയ ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിലും എസ്പി, ബിഎസ്പി പാർട്ടികൾ പ്രതീക്ഷയർപ്പിച്ച 80 സീറ്റുകളുള്ള യുപിയിലും ബിജെപി തൂത്തുവാരി.
2024ൽ മോദി ഹാട്രിക് ജയം നേടുമെന്ന ബിജെപി അനുകൂലികളുടെ പ്രതീക്ഷ പൂവണിയുമോയെന്നതും കണ്ടറിയണം. മോദി തരംഗത്തെ തടുക്കാൻ രാഹുലിനും പ്രിയങ്കയ്ക്കും കഴിയുമോയെന്നതും പറയാറായിട്ടില്ല. അപ്രതീക്ഷിത ഫലങ്ങൾ സമ്മാനിക്കാൻ എക്കാലവും ഇന്ത്യൻ വോട്ടർമാർക്കു കഴിഞ്ഞിരുന്നുവെന്നതു വിസ്മരിക്കാനാകില്ല. 2004ലെയും 2009ലെയും പോലെ സഖ്യകക്ഷികളെ ചേർത്ത് ഡൽഹിയിലെ അധികാരം കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമോ അതോ മൂന്നാമതും മോദി ഭരണത്തിലെത്തുമോ എന്നതിൽ ആർക്കും ഒന്നും ഇപ്പോൾ ഉറപ്പിക്കാനാകില്ല. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചാരണവുമായി വിജയം ഉറപ്പിച്ചു 2004ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ ജനം കൈവിട്ടതു പോലുള്ള ജനവിധികൾക്കുള്ള സൂചന കൂടിയാകും ഇന്നലത്തെ ജനവിധി.
ഇന്ത്യ സഖ്യം ശക്തിപ്പെടുമോ?
പ്രതിപക്ഷ ഇന്ത്യ സഖ്യം ദുർബലമാകുമെന്ന സംശയം സൃഷ്ടിക്കാൻ ഇന്നലത്തെ ജനവിധി കാരണമായി. എന്നാൽ ബിജെപിക്കെതിരേ എന്തുവില കൊടുത്തും ഒന്നിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യത പ്രതിപക്ഷ പാർട്ടികൾക്കാകെ ബോധ്യപ്പെടുത്തുന്നതു കൂടിയാണ് തെരഞ്ഞെടുപ്പു ഫലം.
ഇന്ത്യ സഖ്യത്തിന്റെ ബുധനാഴ്ച ചേരുന്ന സുപ്രധാന യോഗത്തിൽ തീർച്ചയായും സഹകരണം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളാകും ഉയരുക. കോണ്‍ഗ്രസിന്റെ താൻ പ്രമാണിത്വം കൊണ്ടാണ് ബിജെപി വിജയിച്ച മൂന്നു സംസ്ഥാനങ്ങളിലും പ്രതിപക്ഷ ഐക്യം തകർന്നതെന്ന ആരോപണമാകും കോണ്‍ഗ്രസിതര പാർട്ടികൾ ഉയർത്തുക.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളുമായുള്ള സീറ്റു വിഭജന ചർച്ചകളിൽ കോണ്‍ഗ്രസിന് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നതും പുതിയ ജനവിധിയുടെ പ്രത്യാഘാതമാകും. കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചു വിട്ടുവീഴ്ച ചെയ്യാൻ യുപി, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ പ്രബല ബിജെപി വിരുദ്ധ കക്ഷികൾ തയാറാകുമോയെന്നതും പ്രധാനമാണ്. കേരളത്തിൽ പോലും 2019ന് അടുത്ത വൻവിജയം പ്രതീക്ഷിച്ച യുഡിഎഫിനും കോണ്‍ഗ്രസിനും ഇന്നലത്തെ ഫലങ്ങൾ തിരിച്ചടിയായേക്കും.
കോണ്‍ഗ്രസ് ദുർബലമാണെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് തന്നെയാകും ബിജെപിക്കു വെല്ലുവിളി ഉയർത്താനാകുന്ന വലിയ പാർട്ടി. തോറ്റെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും 40 ശതമാനത്തോളം വോട്ടു വിഹിതം കോണ്ഗ്രസിനുണ്ടെന്നതു ശ്രദ്ധേയമാണ്. ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ നിലപാടുകളും ബിജെപി വിരുദ്ധ സഖ്യത്തിന് നിർണായകമാകും. പഞ്ചാബിൽ 13, ഡൽഹി ഏഴ് വീതം ലോക്സഭാ സീറ്റുകളാണുള്ളത്. ഇതിൽ എത്രയെണ്ണം പിടിക്കാൻ ബിജെപിക്കും കോണ്‍ഗ്രസിനും കഴിയുമെന്നതും പ്രധാനമാണ്.
നിർണായകമായ 82 സീറ്റുകൾ
ആകെ 82 ലോക്സഭാ സീറ്റുകളാണ് ഇന്നലെ ഫലം വന്ന നാലു സംസ്ഥാനങ്ങളിലായുള്ളത്. ഇതിൽ 26 എണ്ണം പട്ടികജാതി, വർഗ സംവരണ മണ്ഡലങ്ങളാണ്. സംവരണ, പിന്നാക്ക സീറ്റുകളിൽ വോട്ടർമാർ കൈവിട്ടതാണ് കോണ്‍ഗ്രസിന് ഇന്നലത്തെ ഫലത്തിൽ കൂടുതൽ തിരിച്ചടിയായത്. മധ്യപ്രദേശിൽ 29, രാജസ്ഥാനിൽ 25, തെലുങ്കാനയിൽ 17, ഛത്തീസ്ഗഡിൽ 11 വീതമാണ് ലോക്സഭാ മണ്ഡലങ്ങളുള്ളത്. ഇന്നു വോട്ടെണ്ണൽ നടക്കുന്ന മിസോറാമിൽ ആകെ ഒരു ലോക്സഭാ മണ്ഡലമാണുള്ളത്.
ബിജെപിയുടെ ഏറ്റവും വളക്കൂറുള്ള മണ്ണായ യുപിയിൽ മാത്രം 80 ലോക്സഭാ സീറ്റുകളുണ്ട്. ഗുജറാത്തിലും ബിജെപിക്കാണ് കരുത്ത്. എന്നാൽ പ്രതിപക്ഷം ശക്തമായ മഹാരാഷ്ട്രയിൽ 48, പശ്ചിമ ബംഗാളിൽ 42, ബിഹാറിൽ 40, തമിഴ്നാട്ടിൽ 39 വീതം സീറ്റുകളുണ്ട്.
കേരളം, കർണാടക, പഞ്ചാബ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിനാണ് മേൽക്കൈ. ഒഡീഷ, ആന്ധ്രപ്രദേശ് അടക്കം മറ്റു പല സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരേ പോര് ശക്തമാണെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം അതാതു പാർട്ടികൾ മോദിയെ തുണച്ചേക്കാം. അതിനാൽ തന്നെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ സങ്കീർണവും ആശങ്കാജനകവുമാകും.
രാജസ്ഥാനും ഛത്തീസ്ഗഡും കൂടി കൈവിട്ടതോടെ കർണാടക, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നീ മൂന്നു സംസ്ഥാനങ്ങളിൽ മാത്രം ഭരണത്തിലുള്ള പാർട്ടിയായി കോണ്‍ഗ്രസ് ചുരുങ്ങി. ആം ആദ്മി പാർട്ടിക്കു രണ്ടു സംസ്ഥാനങ്ങളുണ്ട്. എന്നാൽ കേന്ദ്ര ഭരണത്തിനു പുറമെ 12 സംസ്ഥാനങ്ങളിലാണ് ബിജെപി ഇനി ഭരണത്തിലുണ്ടാകുക.
യുപി, ഗുജറാത്ത്, ആസാം, ഹരിയാന, ഉത്തരാഖണ്ഡ്, ഗോവ, ത്രിപുര, മണിപ്പുർ, അരുണാചൽ പ്രദേശ് എന്നിവയ്ക്കു പുറമെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കൂടി ബിജെപി ഭരണം പിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഫണ്ടിന് ഇനി ബംഗളുരുവും ഹൈദരാബാദും മാത്രമാകും കോണ്‍ഗ്രസിനു പ്രധാന ആശ്രയം. കോണ്‍ഗ്രസിന്റെ പതിന്മടങ്ങ് പണക്കൊഴുപ്പു ബിജെപിയുടെ തന്ത്രങ്ങൾക്ക് ആക്കം കൂട്ടും.