രേവന്ത് റെഡ്ഢി തെലുങ്കാന മുഖ്യമന്ത്രി
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: തെലുങ്കാനയിൽ കോണ്ഗ്രസിനെ വിജയത്തിലേക്കു നയിച്ച രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകും. രേവന്ത് റെഡ്ഢിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തെന്നും നാളെ സത്യപ്രതിജ്ഞ നടക്കുമെന്നും എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു.
ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റിൽ 64 നേടിയാണു കോണ്ഗ്രസ് അധികാരത്തിലെത്തിയത്. നിലവിൽ മൽക്കാജ്ഗിരിയിൽനിന്നുള്ള ലോക്സഭാംഗമായ അന്പത്തിനാലുകാരനായ രേവന്ത് റെഡ്ഢി കൊടങ്കലിൽനിന്നാണ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, തെലുങ്കാന തെരഞ്ഞെടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മണിക്റാവു താക്കറെ തുടങ്ങിയവർ യോഗം ചേർന്നാണു മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
തെലുങ്കാനയിൽ പാർട്ടിയുടെ ചുമതലയുള്ള പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ 64 എംഎൽഎമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. എംഎൽഎമാരിൽ 42 പേർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിച്ചു.
ചൊവ്വാഴ്ച തെലുങ്കാന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന് നേരത്തേപ്രഖ്യാപിച്ചിരുന്നെങ്കിലും മുതിർന്ന നേതാക്കൾ രേവന്ത് റെഡ്ഢിയെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിർത്തു.
പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഢി, ഭട്ടി വിക്രമാർക്ക, കോമാട്ടി റെഡ്ഢി വെങ്കട്ട് റെഡ്ഢി എന്നിവർക്ക് രേവന്തിനെ മുഖ്യമന്ത്രിയാക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു. ദളിത് നേതാവായ ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചനയുണ്ട്.