ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി സർക്കാർ നടപടി സുപ്രീംകോടതി ശരിവച്ചു
Tuesday, December 12, 2023 2:11 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
രാഷ്ട്രപതിഭരണത്തിലുള്ള സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ കേന്ദ്രസർക്കാരിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ജമ്മു-കാഷ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ദീർഘകാലം കേന്ദ്രഭരണ പ്രദേശമായി തുടരാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
ജമ്മു-കാഷ്മീരിന്റെ സംസ്ഥാന പദവി വൈകാതെ പുനഃസ്ഥാപിക്കുമെന്നും ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായിത്തന്നെ തുടരുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. 2024 സെപ്റ്റംബർ 30 നു മുന്പ് ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് കോടതി നിർദേശം നൽകി.
മൂന്നു വ്യത്യസ്ത വിധികളിലൂടെയാണ് ഭരണഘടനാ ബെഞ്ച് 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ഏകകണ്ഠമായി ശരിവച്ചത്. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ചീഫ് ജസ്റ്റീസ് തനിക്കും ജസ്റ്റീസുമാരായ ഗവായിക്കും സൂര്യകാന്തിനും വേണ്ടി വിധിയെഴുതി. സഞ്ജയ് കിഷൻ കൗർ പ്രത്യേക വിധിയെഴുതി. ജസ്റ്റീസ് സഞ്ജീവ് ഖന്ന ഇരു വിധികളോടും യോജിച്ച് പ്രത്യേക വിധി എഴുതി. 1980 മുതൽ ജമ്മു-കാഷ്മീരിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അനുരഞ്ജന സമിതി രൂപീകരിക്കണമെന്നു ജസ്റ്റീസ് എസ്.കെ. കൗൾ പ്രത്യേക വിധിയിൽ ഉത്തരവിട്ടു.