സർവകലാശാലയുടെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല: മന്ത്രി ജലീൽ
Wednesday, October 23, 2019 12:51 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിലേയും ഫലപ്രഖ്യാപനത്തിലേയും കാലതാമസം സംബന്ധിച്ചു രക്ഷാകർത്താക്കളും വിദ്യാർഥികളും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും ഉയർത്തിയ പരാതികളെ തുടർന്നാണ് ഫലപ്രദമായ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസിനു നിർദേശം നൽകിയതെന്നു മന്ത്രി കെ.ടി. ജലീൽ. അല്ലാതെ സർവകലാശാലയുടെ സ്വയംഭരണാധികാരത്തിൽ കൈകടത്തുന്നതിനോ പരീക്ഷാ കണ്‍ട്രോളറുടെ അധികാരങ്ങൾ കവരുന്നതിനോ ഉള്ള യാതൊരു കാര്യവും ഈ നിർദേശത്തിനു പിന്നിൽ ഇല്ലെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
സാങ്കേതിക സർവകലാശാല പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു മന്ത്രി ഇടപെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക സർവകലാശാലയുടെ 2017ൽ ചേർന്ന അക്കാഡക് കൗണ്‍സിലിന്റെ അജൻഡയുടെ അടിസിഥാനത്തിൽ പരീക്ഷ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിനായി എക്സാമിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പു പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചതിനെ തുടർന്നാണ് പരീക്ഷാ നടത്തിപ്പിലേയും ഫല പ്രഖ്യാപനത്തിലേയും കാലതാമസത്തെ തുടർന്നുള്ള പരാതികൾ ഏറിയതോടെയാണു സമിതി രൂപീകരിക്കാൻ നിർദേശം നൽകിയത്. ഈസമിതിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് പരാതികളില്ലാതെ ബിടെക് ആദ്യ ബാച്ചിന്റെ പരീക്ഷാ ഫലം വേഗത്തിൽ പ്രഖ്യാപിക്കാനും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അതേദിവസം തന്നെ വിതരണം ചെയ്യാനും കഴിഞ്ഞതെന്നും പത്രക്കുറിപ്പിൽ പറയുന്നു.