പാർലമെന്റിന് ശവപ്പെട്ടിയുടെ ആകൃതി: ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ
സ്വന്തം ലേഖകൻ
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോടു താരതമ്യം ചെയ്ത ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ. ട്വീറ്റിനു പിന്നാലെ ആർജെഡിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി. രാജ്യത്തിന്റെ യശസായ പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തവർക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയാണ് ആവശ്യപ്പെട്ടത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർലമെന്റിൽ പ്രവേശിക്കുന്നതിന് അവസരം നൽകാതെ രാജ്യത്തെ ജനങ്ങൾ നിങ്ങളെ അതേ ശവപ്പെട്ടിയിൽ അടക്കം ചെയ്യുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തെ ജനങ്ങൾക്കുള്ളതും ശവപ്പെട്ടി ആർജെഡിക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്വീറ്റിലെ ശവപ്പെട്ടി ജനാധിപത്യം കുഴിച്ചുമൂടുന്നതിനെ പ്രതിനിധാനം ചെയ്യുന്നതാണെന്നാണ് ആർജെഡി നേതാവ് ശക്തിസിംഗ് യാദവ് നൽകിയ വിശദീകരണം. പാർലമെന്റ് ജനാധിപത്യത്തിന്റെ ക്ഷേത്രവും ചർച്ചകൾക്കുള്ള ഇടവുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആർജെഡിയുടെ ട്വീറ്റ്. ആർജെഡി ഉൾപ്പെടെ 20 രാഷ്ട്രീയ പാർട്ടികൾ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ചിരുന്നു.