ഗെഹ്ലോട്ടും സച്ചിനും ഖാർഗെയുമായി ചർച്ചയ്ക്ക്
Monday, May 29, 2023 1:10 AM IST
ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അശോക് സിംഗ് ഗെഹ്ലോട്ടും മുതിർന്ന നേതാവ് സച്ചിൻ പൈലറ്റും ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തും. ഇരുവരും വെവ്വേറെയാണ് കോൺഗ്രസ് അധ്യക്ഷനെ കാണുന്നത്. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതിക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ ഈ മാസം അവസാനത്തോടെ പ്രക്ഷോഭം നടത്തുമെന്നു സച്ചിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ച.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അവസാനിപ്പിക്കുകയാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം ചർച്ചകളിലേക്കു നീങ്ങുന്നത്.