ഡൽഹിയിൽ പട്ടാപ്പകൽ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: ഡൽഹിയിൽ പതിനാറുവയസുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി രോഹിണി ജില്ലയിലെ ഷഹബാദ് ജെ.ജെ കോളനിയിലെ താമസക്കാരിയായ സാക്ഷിയാണു കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന 20 വയസുകാരനായ സാഹിൽ എന്നയാളാണു പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് കുത്തുന്നതിന്റെയും കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് സാഹിൽ പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. കുത്തേറ്റ് നിലത്തു വീണ പെണ്‍കുട്ടിയെ പ്രതി വീണ്ടും കുത്തുന്നതും കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ചു തലയിൽ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. പ്രതി പെണ്‍കുട്ടിയെ കുത്തി പരിക്കേൽപ്പിക്കുന്ന സമയത്ത് സമീപത്തുകൂടെ നടന്നുനീങ്ങുന്ന ആളുകൾ അക്രമിയെ തടയാൻ ശ്രമിക്കാത്തതും ദൃശ്യങ്ങളിൽ കാണാം.
വിവരമറിഞ്ഞ് എത്തിച്ചേർന്ന പോലീസുകാർ കണ്ടത് റോഡിൽ രക്തത്തിൽ കുളിച്ചു ജീവനറ്റ് കിടക്കുന്ന പെണ്‍കുട്ടിയേയാണ്. പ്രതിയെ യുപി പോലീസ് ബുലന്ദ്ഷഹറിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രൂക്ഷവിമർശനവുമായി എഎപിയും വനിതാ കമ്മീഷനും
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയരികിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹി ലഫ്. ഗവർണർക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി കേജരിവാൾ.
പൊതുസ്ഥലത്ത് ആളുകൾ നോക്കിനിൽക്കെയാണു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കുറ്റവാളികൾക്ക് നിയമത്തെയും പോലീസിനെയും ഭയമില്ലാതായിരിക്കുന്നു. ക്രമസമാധാനം ഗവർണറുടെ ചുമതലയാണെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
ഡൽഹിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തീർത്തും അപകടത്തിലാണെന്നും സ്ത്രീകൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയും ലഫ്.ഗവർണറും വനിതാ കമ്മീഷൻ അധ്യക്ഷയുമടങ്ങുന്ന ഉന്നതതല യോഗം വിളിക്കണമെന്നു ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും മാലിവാൾ പറഞ്ഞു.