കേന്ദ്ര സർക്കാരിനോട് ലോ കമ്മീഷൻ, രാജ്യദ്രോഹക്കുറ്റം അനിവാര്യം
Saturday, June 3, 2023 1:52 AM IST
സെബി മാത്യു
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം പൂർണമായും പിൻവലിക്കുന്നതിനെതിരേ സ്വരം കടുപ്പിച്ച് ലോ കമ്മീഷൻ. ശിക്ഷാ നടപടികൾ കടുപ്പിച്ച് രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന ശിപാർശയുമായാണ് ലോ കമ്മീഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം പിൻവലിച്ചത് നിലവിലെ സാഹചര്യങ്ങളുടെ യാഥാർഥ്യം ഉൾക്കൊള്ളാതെയാണെന്നും ലോ കമ്മീഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
നിലവിൽ രാജ്യദ്രോഹക്കുറ്റം തെളിയിക്കപ്പെട്ടാൽ ലഭിക്കാവുന്ന ശിക്ഷ മൂന്നുവർഷം വരെ തടവോ പരമാവധി ജീവപര്യന്തമോ ആണ്. ഏറ്റവും ചുരുങ്ങിയ ശിക്ഷ പിഴ ചുമത്തുന്നത് മാത്രവുമായിരുന്നു. ഇതിൽ മാറ്റം വരണമെന്നാണു ലോ കമ്മീഷന്റെ നിർദേശം. രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ പിഴയോടുകൂടിയോ അല്ലാതെയോ വിധിക്കാം. അതിനുപുറമേ ഏഴു വർഷത്തിൽ കുറയാതെ തടവും പിഴയോടുകൂടിയോ അല്ലാതെയോ നൽകണമെന്നുമാണ് നിർദേശം. വാക്കാലോ എഴുതിയ രേ
ഖയാലോ അടയാളങ്ങൾ കൊണ്ടോ പ്രത്യക്ഷമായ പ്രാതിനിധ്യം കൊണ്ടോ വിദ്വേഷം വച്ചുപുലർത്തി സർക്കാരിനെ അവഹേളിക്കുകയോ സർക്കാരിനെതിരേ അതൃപ്തി ഉണർത്തി വിടുകയോ ചെയ്യുന്നത് കുറ്റകരമാണ്. അക്രമത്തിനു പ്രേരണ നൽകുകയും ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന ഇത്തരം കുറ്റങ്ങൾക്ക് ജീവപര്യന്തം ശിക്ഷയും അതോടൊപ്പം പിഴയും ചുമത്താം. അല്ലെങ്കിൽ ഏഴു വർഷം വരെ പിഴയോടു കൂടിയോ അല്ലാതെയോ ശിക്ഷയോ ചുമത്താം. അസംതൃപ്തി എന്നതിൽ വഞ്ചനയും ശത്രുത വച്ചുപുലർത്തുന്നതും ഉൾപ്പെടുന്നു.
രാഷ്ട്രീയത്തിന്റെ പേരിലാണ് രാജ്യദ്രോഹക്കുറ്റം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാൻ പലപ്പോഴും പോലീസുകാർ പക്ഷപാതപരമായി പ്രവർത്തിച്ച് നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ലോ കമ്മീഷൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും ക്രിമിനൽ വിചാരണയും കോടതി നടപടികളും വിലക്കിയത്. വകുപ്പ് പുനഃപരിശോധിക്കണമെന്നു സർക്കാരിന് നിർദേശം നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതി നടപടി. ഇതേത്തുടർന്നാണ് നിയമം വിശദമായി പരിശോധിക്കാൻ സർക്കാർ ലോ കമ്മീഷനു നിർദേശം നൽകിയത്.
യുഎപിഎ നിയമവും ദേശീയ സുരക്ഷാ നിയമവും ഭരണഘടനയിലെ 124 എ വകുപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പൂർണമായി ഉൾക്കൊള്ളുന്നില്ലെന്നാണ് ലോ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിയമം റദ്ദാക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
സർക്കാരിനും രക്ഷ
രാജ്യദ്രോഹക്കുറ്റം പിൻവലിക്കുന്നത് രാജ്യത്ത് സങ്കീർണവും ഗുരുതരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് 279-ാം റിപ്പോർട്ടിൽ ലോ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും പ്രതികൂലമായി ബാധിക്കും.
നിയമം പിൻവലിച്ചാൽ വിധ്വംസക ശക്തികൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള സ്വാതന്ത്ര്യമായിരിക്കും ലഭിക്കുകയെന്നും ലോ കമ്മീഷൻ ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കുറ്റം ദേശവിരുദ്ധരിൽനിന്നും വിഘടനവാദികളിൽനിന്നും രാജ്യത്തെ സംരക്ഷിച്ചു നിർത്തുന്നു. അതോടൊപ്പംതന്നെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഛിദ്രശക്തികൾ കലാപങ്ങളിലൂടെ അട്ടിമറിക്കുന്നതിൽനിന്നു തടഞ്ഞു നിർത്തുന്നതിനും രാജ്യദ്രോഹക്കുറ്റം സഹായകരമാണെന്നും ലോ കമ്മീഷൻ പറയുന്നു.
മുൻ കർണാടക ചീഫ് ജസ്റ്റീസ് റിതു രാജ് അവസ്തിയാണ് ലോ കമ്മീഷൻ ചെയർമാൻ. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി . ശങ്കരൻ, പ്രഫ. ആനന്ദ് പലിവാൽ, പ്രഫ. ഡി.പി. വർമ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
ഭേദഗതികൾ
►കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുമുന്പ് പ്രാഥമിക അന്വേഷണം നടത്തിയിരിക്കണം.
►ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെ പ്രാഥമിക അന്വേഷണം നടത്തണം.
►കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടുകൂടി മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂ.
►രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മാർഗനിർദേശങ്ങളും ഇറക്കണം.
►വെറുപ്പും വിദ്വേഷവും പരത്താതെ നിയമം അനുശാസിക്കുന്ന പരിധിക്കുള്ളിൽനിന്ന് സർക്കാർ നടപടികളോടും നയങ്ങളോടും വിയോജിപ്പും എതിർപ്പും പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ വരില്ല.
►സർക്കാരിന്റെയും ഭരണസംവിധാനങ്ങളെ വെറുപ്പോ, വിദ്വേഷമോ പരത്താതെ വിമർശിക്കുന്നതും രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽപ്പെടില്ല.