ചരിത്രത്തിലെ വൻ ദുരന്തങ്ങളിലൊന്ന്
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായത് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ വൻ ദുരന്തങ്ങളിലൊന്ന്. ഇന്ത്യയിൽ ഏറ്റവും വലിയ റെയിൽവേ അപകടം 1981 ജൂൺ ആറിന് ബിഹാറിലാണുണ്ടായത്. ബാഗ്മതി നദിയിലേക്കു ട്രെയിൻ മറിഞ്ഞുവീണ് 750 പേരാണു മരിച്ചത്.
1995 ഓഗസ്റ്റ് 20നു യുപിയിലെ ഫിറോസാബാദിൽ പുരുഷോത്തം എക്സ്പ്രസ്, നിർത്തിയിട്ടിരുന്ന കാളിന്ദി എക്സ്പ്രസുമായി കൂട്ടിയിടിച്ച് മരിച്ചത് 305 പേർ.
1999 ഓഗസ്റ്റ് രണ്ടിന് ബിഹാറിലെ കത്തിഹാറിലെ ഗയിസാൽ സ്റ്റേഷനിൽ ബ്രഹ്മപുത്ര മെയിൽ നിർത്തിയിട്ടിരുന്ന അവധ്-ആസാം എക്സ്പ്രസിൽ ഇടിച്ച് 285 പേർ മരിച്ചു. 1998 നവംബർ 26ന് ജമ്മു-താവി സിയാൽദ എക്സ്പ്രസ്, ഫ്രോണ്ടിയർ ഗോൾഡൻ ടെംപിൾ മെയിലിന്റെ പാളം തെറ്റിയ മൂന്നു കോച്ചുകളിലിടിച്ച് 212 പേർ മരിച്ചു.
2016 നവംബർ 20നു ഇൻഡോർ-രാജേന്ദ്രനഗർ എക്സ്പ്രസിന്റെ 14 കോച്ചുകൾ യുപിയിലെ പുഖ്റായനിൽ പാളം തെറ്റി 152 പേർ മരിച്ചു. 2010 മേയ് 28ന് ബംഗാളിലെ ഝാർഗ്രാമിൽ ജ്ഞാനേശ്വരി എക്സ്പ്രസ് ചരക്കു ട്രെയിനിലിടിച്ച് പാളംതെറ്റി 148 പേർ മരിച്ചു.