സമരം ഒത്തുതീർപ്പാക്കിയിട്ടില്ലെന്ന് ബജ്രംഗ് പുനിയ
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: തങ്ങളുടെ സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രവുമായി യാതൊരുവിധത്തിലുമുള്ള ഒത്തുതീർപ്പിലും എത്തിയിട്ടില്ലെന്ന് ഗുസ്തിതാരം ബജ്രംഗ് പുനിയ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി യാതൊരു തരത്തിലുള്ള ഒത്തുതീർപ്പും ഉണ്ടായിട്ടില്ലെന്നും നീതി ലഭിക്കുംവരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയെ കണ്ട് ഗുസ്തിതാരങ്ങൾ കരാറുണ്ടാക്കിയെന്ന വാർത്ത തെറ്റാണ്.
അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട സർക്കാർതന്നെയാണ് എല്ലാ വിവരങ്ങളും മാധ്യമങ്ങൾക്കു നൽകിയതെന്നും പുനിയ കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രതികരണത്തിൽ താരങ്ങൾ തൃപ്തരല്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും പുനിയ കൂട്ടിച്ചേർത്തു. വാഗ്ദാനങ്ങളുടെ പുറത്ത് സമരം അവസാനിപ്പിക്കാൻ സമരക്കാർ തയാറാകില്ലെന്നും പൂനിയ പറഞ്ഞു.
അതേസമയം ഗുസ്തിതാരങ്ങൾക്ക് പിന്തുണച്ച് നടത്താനിരുന്ന സമരം കർഷകസംഘടനകൾ മാറ്റിവച്ചു. വെള്ളിയാഴ്ച ജന്തർ മന്തറിൽ നടത്താനിരുന്ന മാർച്ചാണ് മാറ്റിവച്ചതായി കർഷകനേതാവ് രാകേഷ് ടികായത് അറിയിച്ചത്.
സമരം ചെയ്യുന്ന താരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും താരങ്ങളുടെ അഭ്യർഥന മാനിച്ചാണു നടപടിയെന്നും ടികായത്ത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ടികായത് കൂട്ടിച്ചേർത്തു.