മണിപ്പുരിൽ സൈനികനെ കൊലപ്പെടുത്തി
Monday, September 18, 2023 2:11 AM IST
ഇംഫാൽ: മണിപ്പുരിൽ കരസേനാ ജവാനെ തട്ടിക്കൊണ്ടുപോയി വെടിച്ചു കൊന്നു. സിപ്പോയി സെർതോ താംഗ്താംഗ് കോം ആണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലാണു കണ്ടെത്തിയത്. ഇംഫാൽ വെസ്റ്റ് ജില്ലക്കാരനാണ് കോം. കാംഗ്പോക്പി ജില്ലയിൽ കരസേനയുടെ ഡിഫൻസ് സെക്യൂരിറ്റി കോറിലാണു കോം സേവനമനുഷ്ഠിച്ചിരുന്നത്.
അവധിക്കു വീട്ടിലെത്തിയ കോമിനെ ശനിയാഴ്ചയാണ് അജ്ഞാത അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. വീടിന്റെ പോർച്ചിലിരുന്നു ജോലി ചെയ്യുകയായിരുന്ന തന്റെ പിതാവിന്റെ തലയ്ക്കു തോക്കു ചൂണ്ടി മൂന്നു പേർ വെളുത്ത വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പത്തുവയസുള്ള മകൻ പറഞ്ഞു.
സംഭവത്തിലെ ഏക ദൃക്സാക്ഷിയാണു കുട്ടി. പിന്നീട് കോമിനെക്കുറിച്ചു വിവരമില്ലായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെ ഖുനിംഗ്തെക് ഗ്രാമത്തിൽ മൃതദേഹം കണ്ടെത്തി. കോമിന്റെ മൃതദേഹം സഹോദരനും സഹോദരീഭർത്താവും തിരിച്ചറിഞ്ഞു. തലയ്ക്കു വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.