തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ഖാർഗെ
സ്വന്തം ലേഖകൻ
Monday, September 18, 2023 2:11 AM IST
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോണ്ഗ്രസ് പ്രവർത്തകസമിതി യോഗം അവസാനിച്ചു. രണ്ടാം ദിവസം ഹൈദരാബാദിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗവും അവസാനിച്ചു.നങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് കോണ്ഗ്രസ് പ്രവർത്തകസമിതി യോഗം അവസാനിച്ചു. രണ്ടാം ദിവസം ഹൈദരാബാദിൽ ചേർന്ന വിശാല പ്രവർത്തകസമിതി യോഗവും അവസാനിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി സംഘടനയുടെ കെട്ടുറപ്പ് വീണ്ടും ഊട്ടിയുറപ്പിച്ചെന്ന് കോണ്ഗ്രസ് വ്യക്തമാക്കി. മാറ്റം അനിവാര്യമെന്നും അത് ജനം ആഗ്രഹിക്കുന്നെന്നും പ്രവർത്തക സമിതി പ്രസ്താവനയിൽ പറഞ്ഞു.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമഭേദഗതിയെയും സിഇസി നിയമന ബില്ലിനെയും ശക്തമായി എതിർക്കാൻ തീരുമാനിച്ച് കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിന്റെ ആദ്യദിനം പ്രമേയം പാസാക്കിയിരുന്നു. സനാതനധർമ വിവാദത്തിലടക്കം തലയിടാതെ കരുതലോടെ ലോക്സഭാ തെരഞ്ഞെടുപ്പു നയങ്ങൾ രൂപീകരിക്കാനാണ് കോണ്ഗ്രസ് നീക്കം. ഇന്ത്യ മുന്നണിയുമായി സഹകരിക്കണമെന്ന് യോഗത്തിൽ സോണിയ ഗാന്ധി സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു.
ജനാധിപത്യം സംരക്ഷിക്കാനും ഏകാധിപത്യ സർക്കാരിനെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളോട് ആവശ്യപ്പെട്ടു. വിജയം ഉറപ്പാക്കാൻ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് രാജ്യത്ത് ഒരു ബദൽ സർക്കാർ രൂപീകരിക്കുന്നതിനായി പ്രവർത്തിക്കണമെന്നും സിഡബ്ല്യുസി യോഗത്തിന്റെ രണ്ടാം ദിവസം നടത്തിയ പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്ഗ്രസിന്റെ ലക്ഷ്യം. ഇതിനായി വേണ്ട രീതിയിൽ പ്രവർത്തിക്കാൻ സിഡബ്ല്യുസി അംഗങ്ങൾ, സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാർ, കോണ്ഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കൾ എന്നിവരോട് ഖാർഗെ ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോൾ അതിന് തയാറെടുക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
അതേസമയം, ഇന്നലെ ചേർന്ന പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്നുതന്നെ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ദളിത് വിഭാഗത്തിന് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ പറഞ്ഞു. ഇന്നലെ രാവിലെ കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു യോഗത്തിൽ ചർച്ചയായത്. സംവരണപരിധി ഉയർത്തണമെന്നും വനിതാസംവരണബിൽ പാസാക്കണമെന്നും യോഗം പ്രമേയം പാസാക്കിയിരുന്നു.