സമ്മേളനത്തിനൊരുങ്ങി പുതിയ മന്ദിരം
Monday, September 18, 2023 2:11 AM IST
ന്യൂഡൽഹി: ഗണേശ ചതുർഥി ദിനമായ നാളെ മുതൽ പുതിയ മന്ദിരത്തിലായിരിക്കും പാർലമെന്റ് സമ്മേളനം നടക്കുക. പ്രത്യേക പൂജകൾക്ക് ശേഷമാകും പുതിയ പാർലമെന്റ് മന്ദിരത്തിൽ സഭാനടപടികൾക്ക് തുടക്കമാകുക. പുതിയ മന്ദിരത്തിനു മുന്നിൽ ഇന്നലെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ദേശീയ പതാക ഉയർത്തി.
പതാക ഉയർത്തൽ ചടങ്ങിൽ കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തില്ല. ചടങ്ങിലേക്കുള്ള ക്ഷണം വൈകി ലഭിച്ചതിലുള്ള അതൃപതിയറിയിച്ച് ഖാർഗെ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ചിരുന്നു. ലോക്സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.
സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കൂട്ടത്തോടെ യോഗം ബഹിഷ്കരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചാണ് കക്ഷി നേതാക്കൾ ഇന്നലെ വൈകിട്ട് ചേർന്ന സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിൽ പാർലമെന്റിന്റെ പിന്നിട്ട 75 വർഷത്തെ സുദീർഘമായ ചരിത്രമാണ് ചർച്ച ചെയ്യുക. പിന്നീട് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ, ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നത്, യൂണിഫോം സിവിൽ കോഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന ലോക്സഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ.
വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെയും കമ്മീഷണർമാരുടെയും നിയമനം, പ്രസ് രജിസ്ട്രേഷൻ ബിൽ, അഡ്വക്കറ്റ്സ് അമൻഡ്മെന്റ് ബിൽ, പോസ്റ്റ് ഓഫീസ് ബിൽ എന്നിവയും പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ആഘോഷത്തിന് തുടക്കമിടുന്നതിനാണ് പ്രത്യേക സമ്മേളനമെന്ന ആക്ഷേപങ്ങളും വ്യാപകമാണ്.