ശിവസേന ഗ്രൂപ്പ് തർക്കം: സ്പീക്കർക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
Tuesday, September 19, 2023 1:58 AM IST
ന്യൂഡൽഹി: ശിവസേനയിലെ ഉദ്ധവ് താക്കറെ-ഏകനാഥ് ഷിൻഡെ ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നതയെ തുടർന്നുണ്ടായ അയോഗ്യത ഹർജികളിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത നടപടികൾ സ്പീക്കർക്ക് അനിശ്ചിത കാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അയോഗ്യതാ ഹർജികൾ ന്യായമായ കാലയളവിനുള്ളിൽ തീർപ്പാക്കാൻ കഴിഞ്ഞ മേയിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ പരാമർശിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത സേന എംഎൽഎമാർക്കെതിരേയുള്ള അയോഗ്യത ഹർജികൾ വേഗത്തിൽ തീർപ്പാക്കാൻ മഹാരാഷ്ട്ര സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന (ഉദ്ധവ് താക്കറെ) എംപി സുനിൽ പ്രഭു സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
56 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും പരസ്പരം സമർപ്പിച്ച 34 ഹർജികൾ തീർപ്പുകൽപ്പിക്കാതെയുള്ളതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജികൾ ഒരാഴ്ചയ്ക്കകം സ്പീക്കറുടെ മുന്പാകെ ലിസ്റ്റ് ചെയ്യണമെന്നും രേഖകൾ പൂർത്തിയാക്കാനും ഹിയറിംഗിനുള്ള സമയം നിശ്ചയിക്കാനുമുള്ള നടപടിക്രമങ്ങൾ സ്പീക്കർ നൽകണമെന്നും ബെഞ്ച് നിർദേശിച്ചു.
ശിവസേന തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസവോട്ടെടുപ്പ് നേരിടാതെ താക്കറെ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാവില്ലെന്ന് 2023 മെയ് 11ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഷിൻഡെ വിഭാഗം എംഎൽഎമാർക്ക് എതിരായ അയോഗ്യതാ നടപടികളിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ വേഗത്തിൽ തീരുമാനമെടുക്കണമെന്നും ഭരണഘടനാ ബെഞ്ച് വിധിന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു.