ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ
Tuesday, September 19, 2023 1:58 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള ഭിന്നതയാണു സഖ്യം അവസാനിപ്പിക്കാൻ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചത്.
തെരഞ്ഞെടുപ്പു വരുന്പോൾ സഖ്യം വേണമോയെന്ന് തീരുമാനിക്കുമെന്നും ദേശീയതലത്തിൽ എൻഡിഎയിൽ തുടരുമെന്നും അണ്ണാ ഡിഎംകെ നേതാക്കൾ അറിയിച്ചു. ദ്രാവിഡ അതികായനും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരൈക്കെതിരേ അണ്ണാമലൈ അപകീർത്തികരമായി പ്രസ്താവന നടത്തിയെന്ന് അണ്ണാഡിഎംകെ ആരോപിക്കുന്നു.
സി.എൻ. അണ്ണാദുരൈയെയും മറ്റു ദ്രാവിഡ നേതാക്കളെയും അപമാനിക്കുന്നത് ഒരുതരത്തിലും പാർട്ടി അണികൾ സഹിക്കില്ലെന്നു മുതിർന്ന അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാർ മുന്നറിയിപ്പു നല്കി. “അണ്ണാ ഡിഎംകെയുമായി സഖ്യം തുടരാൻ ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നെങ്കിലും അണ്ണാമലൈക്കു താത്പര്യമില്ല. ഞങ്ങളുടെ നേതാക്കൾക്കെതിരേയുള്ള വിമർശനം ഞങ്ങൾ സഹിക്കണോ? ഞങ്ങളെന്തിന് നിങ്ങളെ ചുമക്കണം? ബിജെപിക്ക് ഇവിടെ കാലുറപ്പിക്കാനാവില്ല. നിങ്ങളുടെ വോട്ട്ബാങ്ക് ഏവർക്കും അറിയാം.
ഞങ്ങളുടെ മേൽവിലാസത്തിലാണ് നിങ്ങൾ അറിയപ്പെടുന്നത്. നിലവിൽ അണ്ണാ ഡിഎംകെ ബിജെപിക്കൊപ്പമില്ല. സഖ്യം വേണമോയെന്ന് തെരഞ്ഞെടുപ്പുസമയത്ത് തീരുമാനിക്കും. ഞങ്ങളുടെ നിലപാട് ഇതാണ്. ഒരു നേതാവാകാനുള്ള കഴിവ് അണ്ണാമലൈക്കില്ല. സ്വന്തം വളർച്ച മാത്രമാണ് അയാളുടെ ലക്ഷ്യം. സഖ്യം അവസാനിപ്പിക്കുന്നതിൽ ബിജെപിക്കു മാത്രമാണു നഷ്ടം.’’-ജയകുമാർ കൂട്ടിച്ചേർത്തു.
മുൻ മന്ത്രിമാരും അണ്ണാ ഡിഎംകെ നേതാക്കളുമായ സെല്ലൂർ കെ. രാജു, സി.വി. ഷൺമുഖം എന്നിവരും അണ്ണാമലൈയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.
ബിജെപിയുടെ വളർച്ചയും അണ്ണാമലൈയെപ്പോലുള്ള യുവനേതാക്കളുടെ ഔന്നത്യവും അംഗീകരിക്കുന്നത് അണ്ണാഡിഎംകെയ്ക്കു പ്രശ്നമാണെന്നു ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഢി തിരിച്ചടിച്ചു.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിൽ സന്ദർശിച്ച് ദിവസങ്ങൾക്കകമാണ് ബിജെപി-അണ്ണാ ഡിഎംകെ ബന്ധം വിച്ഛേദിക്കപ്പെട്ടത്.
അണ്ണാ ഡിഎംകെയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ മുന്പും അണ്ണാമലൈ നടത്തിയിരുന്നു. എന്നാൽ, കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.