അമൃത ഷേർഗിലിന്റെ ചിത്രത്തിന് 61.8 കോടി രൂപ
Tuesday, September 19, 2023 1:58 AM IST
ന്യൂഡൽഹി: വിഖ്യാത ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗിലിന്റെ ദ സ്റ്റോറി ടെല്ലർ എന്ന ചിത്രത്തിന് ലേലത്തിൽ ലഭിച്ചത് 61.8 കോടി രൂപ. ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 1937ലെ ചിത്രമാണ് ‘ദ സ്റ്റോറി ടെല്ലർ’.
മുംബൈ ആസ്ഥാനമായ ലേലശാലയായ സഫ്രോൺ ആർട്ടിലായിരുന്നു ലേലം. കഴിഞ്ഞ മാസം സയിദ് ഹൈദർ റാസയുടെ ജെസ്റ്റേഷൻ എന്ന ചിത്രം 51.75 കോടി രൂപയ്ക്കു ലേലത്തിൽ പോയിരുന്നു. എം.എഫ്. ഹുസൈൻ, ജാമിനിറോയി, എഫ്.എസ്. സൂസ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും ലേലത്തിനെത്തിയിരുന്നു.
1913 ജനുവരി 30നു ജനിച്ച അമൃത ഷേർ ഗിലിന്റെ പിതാവ് ഇന്ത്യക്കാരനും അമ്മ ഹംഗേറിയനുമാണ്. 1921ൽ ഷേർഗിൽ കുടുംബം ഇന്ത്യയിലെത്തി സിംലയിൽ താമസമാക്കി. 1941ൽ, 28-ാം വയസിൽ അമൃത ഷേർഗിൽ അന്തരിച്ചു.