ലഖിംപുർ കർഷക കൂട്ടക്കൊല:പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീംകോടതി പിരിച്ചുവിട്ടു
Tuesday, September 19, 2023 1:58 AM IST
ന്യൂഡൽഹി: ലഖിംപൂർ കർഷക കൂട്ടക്കൊല അന്വേഷിക്കുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സുപ്രീംകോടതി. അന്വേഷണത്തിന് മേൽനോട്ടം നൽകുന്നതിന് നിയോഗിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയ്നിനെയും സുപ്രീംകോടതി ഔദ്യോഗിക ചുമതലകളിൽനിന്നു നീക്കം ചെയ്തു.
കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി അഭിഭാഷകർ കത്തയച്ചതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവർ ഇന്നലെ വാദം കേട്ടത്.
മുൻ ജഡ്ജി രാകേഷ് കുമാർ ജെയിനിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വർഷം ജനുവരിയിൽ രണ്ട് എഫ്ഐആറുകൾ സമർപ്പിച്ചതായും ഇതോടെ അന്വേഷണം പൂർത്തിയാക്കിയതായും വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത് കണക്കിലെടുത്ത് കേസിലെ അന്വേഷണത്തിനായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി അവസാനിച്ചെന്നും ബെഞ്ച് വ്യക്തമാക്കി.
ഇപ്പോൾ കേസ് വിചാരണ കോടതിയുടെ പരിഗണനയിലാണെന്നും കോടതി കൂട്ടിച്ചേർത്തു. പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായാൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.