നെഹ്റുവിന്റെ പ്രസംഗം പ്രചോദിപ്പിക്കുന്നതു തുടരുമെന്ന് പ്രധാനമന്ത്രി
Tuesday, September 19, 2023 1:58 AM IST
ന്യൂഡൽഹി: പാർലമെന്റിൽ ജവഹർലാൽ നെഹ്റു നടത്തിയ സ്വാതന്ത്ര്യദിന അർധരാത്രിയിലെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെയും ജനപ്രതിനിധികളെയും പ്രചോദിപ്പിക്കുന്നതു തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരുകൾ വരും പോകും പക്ഷേ ഈ രാജ്യം നിലനിൽക്കുമെന്ന അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗവും ലോക്സഭയിലെ ഇന്നലത്തെ പ്രസംഗത്തിൽ മോദി പരാമർശിച്ചു.
‘ലോകം ഉറങ്ങുന്ന അർധരാത്രിയുടെ ആഘാതത്തിൽ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.’ എന്ന് 1947 ഓഗസ്റ്റ് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഥമ പ്രധാനമന്ത്രി നെഹ്റു പറഞ്ഞിരുന്നു.
നെഹ്റുജിയുടെ സ്ട്രോക്ക് ഓഫ് മിഡ്നൈറ്റ് പ്രസംഗത്തിന്റെ പ്രതിധ്വനി നമ്മെ പ്രചോദിപ്പിക്കും. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശിന്റെ വിമോചനത്തിനും പാർലമെന്റ് സാക്ഷിയായി.
എ.ബി. വാജ്പേയിയുടെ വാക്കുകളും മോദി ഉദ്ധരിച്ചു. പ്രധാനമന്ത്രി ആയിരിക്കെ അന്തരിച്ച ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവർക്ക് പാർലമെന്റ് ആദരാഞ്ജലിയർപ്പിച്ച കാര്യവും മോദി അനുസ്മരിച്ചു.