പ്രതിപക്ഷത്തെ ഇരുട്ടിലാക്കരുതെന്ന് മല്ലികാർജുൻ ഖാർഗെ
Tuesday, September 19, 2023 1:58 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പ്രതിപക്ഷത്തെ ഇരുട്ടിൽ നിർത്തുന്നതായിരുന്നില്ല നെഹ്റുവിന്റെ കാഴ്ചപ്പാടെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നെഹ്റുവിന്റെ കാഴ്ചപ്പാട് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നുവെന്നും പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്തിയ പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു.
സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രസിദ്ധമായ സ്വാതന്ത്ര്യ ദിന സന്ദേശം ഉദ്ധരിച്ചുള്ള മോദിയുടെ പ്രസംഗത്തിന് പിന്നാലെയാണ് ഖാർഗെയുടെ മറുപടി.
നെഹ്റു ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയ സംഭാവനകളെ അനുസ്മരിച്ച ഖാർഗെ , പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകുകയും ഭരണഘടനയുടെ അടിത്തറയിടുകയും ചെയ്ത നെഹ്റുവിന്റെ കാഴ്ചപ്പാട് എല്ലാവരെയും ഉൾക്കൊള്ളുന്നതായിരുന്നുവെന്ന് ഓർമിപ്പിച്ചു.
നെഹ്റു പ്രതിപക്ഷത്തെയും ഒപ്പം നിർത്തിയപ്പോൾ മോദി സർക്കാർ പ്രതിപക്ഷത്തെ ഇരുട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. പാർലമെന്റ് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിലൂടെ സർക്കാർ എന്തു നേട്ടമാണ് കൈവരിച്ചതെന്നും പേരു മാറ്റുന്നതിലൂടെ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
അക്രമം രൂക്ഷമായ മണിപ്പുർ ഇനിയും സന്ദർശിക്കാൻ മോദി തയാറാകാത്തതിനെയും പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ സഭയിൽ ഹാജരാകാത്തതിനെയും കുറ്റപ്പെടുത്തിയ ഖാർഗെ പ്രധാനമന്ത്രി ചടങ്ങു തീർക്കുന്നത് പോലെയാണ് പാർലമെന്റിൽ പ്രസംഗിക്കുന്നതെന്നും പറഞ്ഞു.
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് പോലും വിടാതെ ബുള്ളറ്റ് ട്രെയിനുകളെക്കാൾ വേഗത്തിലാണ് മോദി സർക്കാർ ബില്ലുകൾ പാസാക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ എംപിമാരുടെ ചെറിയ തെറ്റുകൾക്കുപോലും അവരെ ശിക്ഷിക്കുന്ന സഭാധ്യക്ഷൻ ബിജെപി എംപിമാരുടെ നിയമ ലംഘനത്തിനുനേർക്ക് കണ്ണടയ്ക്കുന്നുവെന്നും സഭാധ്യക്ഷൻ എല്ലാവരുടെയും രക്ഷാധികാരിയാണെന്നും ഖാർഗെ ഓർമിപ്പിച്ചു.