പഴയ പാർലമെന്റ് മന്ദിരം നിർമിച്ചത് ഇന്ത്യക്കാരുടെ വിയർപ്പും അധ്വാനവും കൊണ്ട്: പ്രധാനമന്ത്രി
Tuesday, September 19, 2023 1:58 AM IST
ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരം നിർമിക്കാനുള്ള തീരുമാനം വിദേശ ഭരണാധികാരികളുടേതാണെങ്കിലും ഇന്ത്യക്കാരുടെ വിയർപ്പും അധ്വാനവും പണവും കൊണ്ടാണതു നിർമിച്ചതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പൈതൃക കെട്ടിടത്തിലെ അവസാന ദിവസം സ്വാതന്ത്ര്യത്തിനു ശേഷം സേവനമനുഷ്ഠിച്ച 7,500ലധികം പാർലമെന്റ് അംഗങ്ങൾക്കു സമർപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കം കുറിച്ചു നടത്തിയ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.
നിരവധി ചരിത്രപരമായ തീരുമാനങ്ങളുടെയും ദീർഘകാല പ്രശ്നങ്ങളുടെയും പരിഹാരത്തിന് സഭ സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളിൽ രാജ്യം കാത്തുസൂക്ഷിച്ച ഐക്യം ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യ ഐക്യത്തോടെ നിലനിൽക്കുമോ ഇല്ലയോ എന്ന് പല വിമർശകരും ചിന്തിച്ചിരുന്നു.
പക്ഷേ അവയെല്ലാം തെറ്റാണെന്നു തെളിയിച്ചു. പാർലമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരുന്നു. പാർലമെന്റിന്റെ 75 വർഷത്തെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമായി ഇന്ത്യക്കാരുടെ നേട്ടങ്ങൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാൻ 3ന്റെ വിജയത്തിൽ ഇന്ത്യ മാത്രമല്ല, ലോകമാകെ അഭിമാനിക്കുന്നു. സാങ്കേതികവിദ്യ, ശാസ്ത്രം, ശാസ്ത്രജ്ഞരുടെ സാധ്യതകൾ, രാജ്യത്തെ 140 കോടി ജനങ്ങളുടെ ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ ശക്തിയുടെ ഒരു പുതിയ രൂപം ഇതിലൂടെ എടുത്തുകാട്ടി. ശാസ്ത്രജ്ഞരെ വീണ്ടും അഭിനന്ദിക്കുന്നു. ജി 20യുടെ വിജയത്തിനു നന്ദി പറയുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥയും 2001ൽ പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണവും ജനാധിപത്യത്തിന്റെ മാതാവിനു നേരേയുണ്ടായ ആക്രമണങ്ങളാണ്. ബംഗ്ലാദേശ് വിമോചനം, അനുച്ഛേദം 370 റദ്ദാക്കൽ, ജിഎസ്ടി, വണ് റാങ്ക് വണ് പെൻഷൻ, 10 ശതമാനം സാന്പത്തിക സംവരണം എന്നിവ മുതൽ യുപിഎ കാലത്തെ വോട്ടിനു കോഴവരെ പരാമർശിച്ച പ്രധാനമന്ത്രി പക്ഷേ, ത്രിതല പഞ്ചായത്ത് രൂപീകരണം, തൊഴിലുറപ്പ്, വിദ്യാഭ്യാസ അവകാശം അടക്കമുള്ള കോണ്ഗ്രസ് ഭരണകാലത്തെ നേട്ടങ്ങൾ മിക്കതും വിസ്മരിച്ചു.
നെഹ്റു ഇൻ, രാജീവ് ഔട്ട്; മൻമോഹൻ സിംഗിന് കുത്ത്
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രി, പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെയും ദർശനത്തെ പ്രശംസിച്ചപ്പോഴും രാജീവ് ഗാന്ധിയെയും മൻമോഹൻ സിംഗിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാർലമെന്റിൽ പരാമർശിച്ചില്ല. കോണ്ഗ്രസ് എംപിമാർ വിളിച്ചു പറഞ്ഞെങ്കിലും രാജീവിനെക്കുറിച്ചു മോദി ഒന്നും മിണ്ടിയില്ല. രാജേന്ദ്ര പ്രസാദ് മുതൽ രാം നാഥ് കോവിന്ദും ദ്രൗപതി മുർമുവുംവരെയുള്ളവരുടെ മാർഗനിർദേശം പാർലമെന്റിനു ലഭിച്ചുവെന്നു പറഞ്ഞപ്പോഴും ഭാരതരത്ന പ്രണാബ് മുഖർജി അടക്കമുള്ളവരെക്കുറിച്ചു പ്രസംഗത്തിൽ മോദി പരാമർശിച്ചില്ല.
ജവഹർലാൽ നെഹ്റു പാർലമെന്റിൽ നടത്തിയ ചരിത്രപ്രസിദ്ധമായ “എ ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെയാകെ പ്രചോദിപ്പിക്കുമെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് വിമോചന പ്രസ്ഥാനവും അതിന്റെ പിന്തുണയും കണ്ടത് ഈ പാർലമെന്റാണ്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ ആക്രമണത്തിനു സാക്ഷ്യം വഹിച്ചതും ഇതേ പാർലമെന്റാണെന്നു മോദി പറഞ്ഞു. നെഹ്റുവിനെ പ്രശംസിച്ച മോദി, വോട്ടിനു കോഴ വിവാദം പരാമർശിച്ചു മൻമോഹനെ നോവിക്കാനും മറന്നില്ല.
ഒരു മണിക്കൂർ നീണ്ട തന്റെ പ്രസംഗം പൂർത്തിയാക്കിയയുടൻ മോദി ലോക്സഭയിൽ നിന്നുപോയി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ശ്രദ്ധയോടെയും തടസപ്പെടുത്താതെയുമാണ് ഇന്നലെ മോദിയെ കേട്ടിരുന്നത്. മണിപ്പുർ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച ശേഷം സഭാനടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം നേതൃയോഗം ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു.