അനന്ത്നാഗിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി സൂചന
Tuesday, September 19, 2023 1:58 AM IST
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള സൈനികനീക്കം ആറാം ദിവസവും തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ച് ഭീകരരെ പുറത്തുചാടിക്കാനാണ് ശ്രമം.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ നാലു സുരക്ഷാസൈനികരാണു വീരമൃത്യു വരിച്ചത്.
സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി തെളിവു ലഭിച്ചു. സൈന്യം നശിപ്പിച്ച ഒളിയിടത്തിനു സമീപം ഒരു മൃതദേഹം കിടക്കുന്നതായി ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായി. ഗുഹകൾക്കു സമാനമായ നിരവധി ഒളിയിടങ്ങളാണ് നിബിഡ വനമേഖലയിലുള്ളത്. ഡ്രോണുകൾക്കു പുറമേ ഹെലികോപ്റ്ററുകളും സൈന്യം ഉപയോഗിക്കുന്നു.
ജനവാസകേന്ദ്രങ്ങളിലേക്ക് ഭീകരർ കടക്കാതിരിക്കാൻ വനമേഖലയുടെ സമീപത്തെ പോഷ് ക്രീരി മേഖലയും സൈന്യം വളഞ്ഞിട്ടുണ്ട്.
നാല് സൈനികരുടെ ഓരോ തുള്ളി ചോരയ്ക്കും പകരം ചോദിക്കണമെന്ന് കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കാഷ്മീർ ഡിവൈസ്പി ഹുമയൂൺ ഭട്ടിന്റെ വസതിയിൽ ഇന്നലെ ലഫ്. ഗവർണർ മനോജ് സിൻഹ സന്ദർശനം നടത്തി. ബഡ്ഗാമിലാണ് ഭട്ടിന്റെ വസതി. ഇദ്ദേഹത്തിന്റെ പിതാവ് ഗുലാം ഹസൻ ഭട്ട് റിട്ടയേഡ് ഐജിയാണ്.