പുതിയ പാർലമെന്റിലേക്കുള്ള മാറ്റത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും: മോദി
Tuesday, September 19, 2023 1:58 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് ഇന്നു മാറുന്പോഴും പഴയ പാർലമെന്റ് വരും തലമുറകൾക്കു പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ യാത്രയുടെ സുപ്രധാന അധ്യായമാണിത്. പുതിയ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് രാജ്യം പുതിയ പാർലമെന്റിലേക്കു പ്രവേശിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ, രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും മണിപ്പുർ കലാപവും അടക്കമുള്ളവ ഉയർത്തി ബിജെപി സർക്കാരിനെതിരേ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ഇതര നേതാക്കളും രൂക്ഷവിമർശനം ഉയർത്തി.
പ്രതിപക്ഷത്തെ ഒപ്പം കൊണ്ടുപോകുകയും ഭരണഘടനയുടെ അടിത്തറ പാകുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്ത ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയ സംഭാവനകൾ വഴികാട്ടിയാണെന്നു ഖാർഗെ ഓർമപ്പെടുത്തി.
ഒരു പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിലൂടെ രാജ്യം നയിക്കപ്പെടുന്നതിനെക്കുറിച്ചും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ചും കേന്ദ്ര ഏജൻസികളുടെ തെരഞ്ഞെടുത്ത ഉപയോഗത്തെക്കുറിച്ചും ജനമനസുകളിൽ ആശങ്കയുണ്ടെന്ന് ലോക്സഭയിൽ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും പാർലമെന്റിൽ ഉൾപ്പെടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും എല്ലാവരെയും ഉൾക്കൊള്ളുന്ന കാര്യത്തിലും കൂടുതൽ വിശാലത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കംകുറിച്ചു ലോക്സഭയിൽ ‘ഇന്ത്യൻ പാർലമെന്ററി യാത്രയുടെ 75 വർഷങ്ങൾ- നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമകൾ, പഠനങ്ങൾ’ എന്ന ചർച്ച തുടങ്ങി പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചതു മുതലുള്ള 75 വർഷം സമ്മേളിച്ച പാർലമെന്റിലെ അവസാന ദിവസം കൂടിയായിരുന്നു ഇന്നലെ. ഇന്നു മുതൽ പുതിയ പാർലമെന്റിലാകും ലോക്സഭയും രാജ്യസഭയും സമ്മേളിക്കുക.
സംയുക്ത പാർലമെന്റ് സമ്മേളനം ചേർന്നിരുന്ന വിഖ്യാതമായ സെൻട്രൽ ഹാൾ പുതിയ കെട്ടിടത്തിൽ ഇല്ലാത്തതിനാൽ ഇന്നു രാവിലെ സെൻട്രൽ ഹാളിൽ ലോക്സഭാ, രാജ്യസഭാംഗങ്ങളുടെ സംയുക്ത സമ്മേളനം ചേർന്ന്, ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷമാകും പുതിയ മന്ദിരത്തിൽ സഭ സമ്മേളിക്കുക.
ഗണേശ ചതുർഥി ദിനം പ്രമാണിച്ചാണു പുതിയ പാർലമെന്റിലേക്കു മാറ്റം ഇന്നു നടത്തുന്നത്.