നിജ്ജാറിനെ കൊലപ്പെടുത്തിയത് ഐഎസ്ഐയെന്ന് റിപ്പോർട്ട്
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് റിപ്പോർട്ട്. ഇന്ത്യ-കാനഡ ബന്ധം വഷളാക്കാനായിരുന്നു ഈ നീക്കമെന്നാണു റിപ്പോർട്ട്.
കാനഡയിലെ ഐഎസ്ഐ ഉദ്യോഗസ്ഥരായ റഹത് റാവുവും താരിഖ് കിയാനിയുമാണു നിജ്ജാറിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു സൂചന. ഐഎസ്ഐക്കുവേണ്ടി കാനഡയിലെ കൂടുതൽ ദൗത്യങ്ങളും ചെയ്യുന്നത് ഇവരാണ്. ഇന്ത്യയിൽനിന്നു വരുന്നവരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെട്ടവരുമായ ഭീകരർ പോലും ഇവരുടെ നിയന്ത്രണത്തിലുണ്ട്.
നിജ്ജാറുമായി അടുത്തിടപഴകുന്നത് അപരിചിതർക്ക് അസാധ്യമാണ്. ഇയാൾക്കു ചുറ്റും സദാസമയവും അംഗരക്ഷകരുണ്ടായിരുന്നു. എന്നാൽ, നിജ്ജാറിന്റെ താമസസ്ഥലത്തിനടുത്തായി നിരവധി മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ താമസിക്കുന്നുണ്ട്. മേജർ ജനറൽമാർ മുതൽ ഹവിൽദാർ വരെയുള്ള മുൻ ഐഎസ്ഐ ഉദ്യോഗസ്ഥർ ഇതിലുണ്ട്. നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ചുമതല ഇവരിൽ ആർക്കെങ്കിലും നല്കിയിരിക്കാമെന്നാണു വിവരം.