ഇഡിയുടെ പ്രത്യേകാധികാരം: ഹർജി പിൻവലിച്ച് ഛത്തീസ്ഗഡ്
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അധികാരങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള റിട്ട് ഹർജി പിൻവലിച്ച് ഛത്തീസ്ഗഡ് സർക്കാർ.
ഛത്തീസ്ഗഡ് സർക്കാരിന്റെ ഹർജി പിൻവലിക്കാൻ നിർദേശമുണ്ടെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
പിഎംഎൽഎ വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ശരിവച്ച 2022ലെ വിജയ് മദൻലാൽ ചൗധരി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച സാഹചര്യത്തിലാണു ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടി.
പിഎംഎൽഎ വകുപ്പുകൾ ഉപയോഗപ്പെടുത്തിയുള്ള ഇഡിയുടെ അറസ്റ്റ്, അറ്റാച്ച്മെന്റ്, തെരച്ചിൽ, പിടിച്ചെടുക്കൽ, കർശനമായ ജാമ്യവ്യവസ്ഥകൾ എന്നിവയെ ശരിവയ്ക്കുന്ന 2022ലെ സുപ്രീംകോടതി വിധിയാണ് പ്രത്യേക ബെഞ്ച് പുനഃപരിശോധിക്കുക.
ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന റിവ്യൂ ഹർജികളിൽ ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബേല എം.ത്രിവേദി എന്നിവരാണ് വാദം കേൾക്കുക. ഇഡി സമൻസുകളെ ചോദ്യം ചെയ്തു ഛത്തീസ്ഗഡ് കോണ്ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഈ വർഷം ആദ്യം ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചിരുന്നു.
ചോദ്യം ചെയ്യൽ, മൊഴിയെടുക്കൽ, രേഖകൾ സമർപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യക്തികളെ വിളിച്ചുവരുത്താനുള്ള ഇഡിയുടെ അധികാരം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മദൻലാൻ ചൗധരി കേസിൽ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.