മാനഭംഗത്തിനിരയായ പെൺകുട്ടി രക്തം വാർന്ന നിലയിൽ തെരുവിൽ
Thursday, September 28, 2023 5:36 AM IST
ഉജ്ജയ്ൻ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ തെരുവിലൂടെ രക്തം വാർന്ന നിലയിൽ അലഞ്ഞുനടന്ന 12 വയസുള്ള പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായെന്നു വൈദ്യപരിശോധനാഫലം. പ്രത്യേക അന്വേഷണസംഘം ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് ഇൻഡോർ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ 25നാണ് പെൺകുട്ടിയെ ഉജ്ജയ്ൻ നഗരത്തിൽ മഹാകാൽ പോലീസ് സ്റ്റേഷനു സമീപം കണ്ടെത്തിയത്. പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വൈദ്യപരിശോധനയിൽ കൂട്ടമാനഭംഗത്തിനിരയായെന്നു സ്ഥിരീകരിച്ചതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു.
പെൺകുട്ടിയെ ഉത്തർപ്രദേശിൽനിന്നു തട്ടിക്കൊണ്ടുവന്നതാകാമെന്ന നിഗമനത്തിലാണു പോലീസ്. വിവരങ്ങൾ പറഞ്ഞു തരാൻ കുട്ടിക്കു കഴിയുന്നില്ലെന്നു പോലീസ് പറഞ്ഞു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കുറ്റവാളികളുടെ താവളമായി മധ്യപ്രദേശ് മാറിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആരോപിച്ചു.
അത്യന്തം ഹൃദയഭേദകമാണ് ഇതുവരെയുള്ള വിവരങ്ങൾ. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ കുട്ടി അബോധാവസ്ഥയിൽ റോഡിൽ വീഴുകയായിരുന്നു. ഇരയായ കുട്ടിക്ക് ധനസഹായം നല്കണമെന്നും പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു.