ചന്ദ്രബാബു നായിഡു കേസ്: ജസ്റ്റീസ് ഭട്ടി പിന്മാറി
സ്വന്തം ലേഖകൻ
Thursday, September 28, 2023 5:36 AM IST
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹർജി കേൾക്കുന്നതിൽനിന്നു സുപ്രീംകോടതി ജഡ്ജി എസ്. വി.എൻ. ഭട്ടി പിന്മാറി.
ആന്ധ്രാ സ്വദേശിയായ താൻ കേസ് കേൾക്കുന്നത് അനുചിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എസ് വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് മുന്പാകെയാണു കേസ് ഇന്നലെ ലിസ്റ്റ് ചെയ്തത്. കേസ് വാദം കേൾക്കുന്നതിന് പരിഗണിച്ചപ്പോൾ ജസ്റ്റീസ് ഖന്ന, ഭട്ടിക്ക് കേസ് കേൾക്കുന്നതിൽ ചില തടസങ്ങളുണ്ടെന്ന് നായിഡുവിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെയോട് പറഞ്ഞു.
അടുത്തയാഴ്ച കേസ് ഉചിതമായ ബെഞ്ച് മുന്പാകെ ലിസ്റ്റ് ചെയ്യുമെന്നും ജസ്റ്റീസ് ഖന്ന വ്യക്തമാക്കി. ജസ്റ്റീസ് ഭട്ടി കേസ് കേൾക്കുന്നതിൽനിന്നു പിന്മാറിയ സാഹചര്യത്തിൽ നായിഡുവിന്റെ അഭിഭാഷകർ അടിയന്തര ലിസ്റ്റിംഗിനായി ചീഫ് ജസ്റ്റീസിന് മുന്പാകെ വിഷയം പരാമർശിച്ചു. ഇതെത്തുടർന്ന് ഒക്ടോബർ മൂന്നിന് വിഷയം ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അനുമതി നൽകി. തനിക്കെതിരേ ചുമത്തിയ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന നായിഡുവിന്റെ ഹർജി ആന്ധ്രാപ്രദേശ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.