നാന്ദെഡ് ആശുപത്രിയിൽ രണ്ടുദിവസത്തിനിടെ 31 മരണം
Wednesday, October 4, 2023 1:38 AM IST
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ നാന്ദെഡിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ ഏഴു പേർകൂടി മരിച്ചു. ഇതോടെ ഡോ. ശങ്കർറാവു ചവാൻ ഗവ. മെഡിക്കൽ കോളജിൽ രണ്ടു ദിവസത്തിനിടെ മരണം 31 ആയി.
24 മണിക്കൂറിനിടെ 24 പേർ മരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആദ്യം മരിച്ച 31 പേരിൽ 12 പേർ നവജാത ശിശുക്കളാണ്. ഇന്നലെ മരിച്ചവരിൽ നാലു പേർ കുട്ടികളാണ്. മരിച്ചവർ പലവിധ രോഗങ്ങളുള്ളവരാണെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
നാന്ദെഡ് ആശുപത്രിയിൽ രോഗികൾ കൂട്ടത്തോടെ മരിച്ചതിൽ സർക്കാരിനെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി അശോക് ചവാൻ രംഗത്തെത്തി. രോഗികളുടെ മരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചവാൻ ആവശ്യപ്പെട്ടു. നാന്ദെഡ് ആണ് ചവാന്റെ രാഷ്ട്രീയ തട്ടകം.
മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ്റിഫ് ഇന്നലെ ആശുപത്രി സന്ദർശിച്ചു. ഓരോ മരണവും സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. മരുന്നിനു ദൗർലഭ്യമില്ലായിരുന്നുവെന്നും സംഭവത്തിൽ ഗൗരവതരമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.