ട്രെയിൻ യാത്രയുടെ വീഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി
Wednesday, October 4, 2023 1:47 AM IST
ന്യൂഡൽഹി: ബിലാസ്പുരിൽനിന്നു റായ്പുരിലേക്കുള്ള രാഹുൽ ഗാന്ധി ട്രെയിൻ യാത്രയുടെ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ്. പതിമൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സ്ലീപ്പർ കംപാർട്ട്മെന്റുകളിൽ രാഹുൽ വിവിധ ഗ്രൂപ്പുകളുമായി സംവദിക്കുന്നതു കാണാം.
ടേബിൾ ടെന്നീസ്, കബഡി, ഹോക്കി താരങ്ങളുമായി അദ്ദേഹം സംവദിച്ചു. പെണ്‍കുട്ടികളുടെ ഒരു സംഘം പാട്ടു പാടുന്നതും വീഡിയോയിലുണ്ട്. കോടിക്കണക്കിനാളുകളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നു.
ട്രെയിൻ രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. ബിലാസ്പുർ മുതൽ റായ്പുർ വരെയുള്ള തന്റെ യാത്രയെ ‘അവിസ്മരണീയം’ എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധി രണ്ടു മണിക്കൂർ കടന്നുപോയത് അറിഞ്ഞില്ലെന്നും പറഞ്ഞു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രാഹുലിനൊപ്പമുണ്ടായിരുന്നു.