സ്വവർഗ വിവാഹം പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ
Friday, November 24, 2023 1:37 AM IST
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയുടെ വാദം തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു സുപ്രീംകോടതി.
ഹർജിക്കാർ കോടതിയിൽ ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 28നാണ് പുനഃപരിശോധനാ ഹർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിഭാഷകരായ മുകുൾ റോഹ്തഗി, മേനക ഗുരുസ്വാമി, അരുന്ധതി കട്ജു, കരുണ നുണ്ടി എന്നിവരാണ് ജഡ്ജിമാരുടെ ചേംബറിൽ വാദം കേൾക്കുന്നതിനു പകരം തുറന്ന കോടതിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
മൂന്നു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഒക്ടോബർ 17ന് സ്വവർഗവിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി തള്ളിയത്.