ഡീപ് ഫേക്ക് നിയമം മൂലം നിയന്ത്രിക്കാൻ കേന്ദ്രം
Friday, November 24, 2023 1:37 AM IST
ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഡീപ് ഫേക്കുകൾ നിയന്ത്രിക്കാൻ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. അപകീർത്തികരമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർക്കും അവ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും പിഴയടക്കമുള്ള ശിക്ഷ ഏർപ്പെടുത്താനാണു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി നിലവിലുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യുകയോ പുതിയ നിയമങ്ങൾ കൊണ്ടുവരുകയോ ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
സമൂഹമാധ്യമ കന്പനി പ്രതിനിധികളുടെയും സാങ്കേതികരംഗത്തെ വിദ്ഗധരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള ജോലികൾ ഇന്നുതന്നെ ആരംഭിക്കും.
ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ അവ തയാറാകും. ഡിസംബർ ആദ്യവാരം വീണ്ടും യോഗം ചേർന്നു കരട് റെഗുലേഷനിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡീപ് ഫേക്കുകൾ സമൂഹത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ്. അതിനാൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഡീപ് ഫേക്കുകൾ, കണ്ടെത്തുക, തടയുക, പരാതി അറിയിക്കൽ സംവിധാനം ശക്തിപ്പെടുത്തുക, ഉപഭോക്താക്കൾക്കിടയിൽ ബോധവത്കരണം നടത്തുക തുടങ്ങിയ മേഖലകളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ആവശ്യമുണ്ടെന്ന് സമൂഹമാധ്യമ കന്പനികൾ സമ്മതിച്ചെന്നു മന്ത്രി പറഞ്ഞു.
വിദേശത്തു സൃഷ്ടിക്കപ്പെടുന്ന കണ്ടന്റുകളാണെങ്കിലും ഇന്ത്യയിൽ പ്രചരിക്കപ്പെട്ടാൽ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
ഡീപ് ഫേക്ക് വീഡിയോകൾക്കെതിരേ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വെർച്വലായി നടന്ന ജി 20 യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.