രജൗരിയിൽ ഉന്നത ലഷ്കർ കമാൻഡർ അടക്കം രണ്ടു ഭീകരരെ വധിച്ചു
Friday, November 24, 2023 1:37 AM IST
രജൗരി/ജമ്മു: കാഷ്മീരിലെ രജൗരിയിൽ ഉന്നത ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അടക്കം രണ്ടു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഒരു സൈനികൻകൂടി ഇന്നലെ വീരമൃത്യു വരിച്ചു. ഇതോടെ ബാജിമാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ വീരൃമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി.
ബുധനാഴ്ച രണ്ടു ക്യാപ്റ്റന്മാരടക്കം നാലു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്നലെ കൂടുതൽ സൈനികരെത്തി പ്രദേശം വളഞ്ഞ് രണ്ടു ഭീകരരെയും വകവരുത്തുകയായിരുന്നു.
പാക് പൗരനായ ഖ്വാരിയാണ് കൊല്ലപ്പെട്ട ലഷ്കർ കമാൻഡർ. ഇയാൾ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനം നേടിയ കൊടും ഭീകരനാണ്. ഒരു വർഷമായി രജൗരി കേന്ദ്രീകരിച്ചാണ് ഇയാളും സംഘവും പ്രവർത്തിക്കുന്നത്.
സ്ഫോടകവസ്തു നിർമാണത്തിലും ഗുഹകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിലും ഇയാൾ വിദഗ്ധനാണ്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
കർണാടക സ്വദേശിയായ ക്യാപ്റ്റൻ എം.വി. പ്രൻജൽ (63 രാഷ്ട്രീയ റൈഫിൾസ്), യുപി സ്വദേശിയായ ക്യാപ്റ്റൻ ശുഭം (സ്പെഷൽ ഫോഴ്സസ്), കാഷ്മീർ സ്വദേശിയായ ഹവിൽദാർ അബ്ദുൾ മജീദ്, ഉത്തരാഖണ്ഡുകാരനായ ലാൻസ് നായിക് സഞ്ജയ് ബിഷ്ട്, യുപി സ്വദേശി പാരാട്രൂപ്പർ സച്ചിൻ ലൗർ എന്നിവരാണു വീരമൃത്യു വരിച്ച സൈനികർ.