രാജസ്ഥാനിൽ പ്രചാരണത്തിനു കൊട്ടിക്കലാശം; വോട്ടെടുപ്പ് നാളെ
Friday, November 24, 2023 1:37 AM IST
ജയ്പുരിൽനിന്ന് ജോർജ് കള്ളിവയലിൽ
രാഷ്ട്രീയനേതാക്കളിൽ ചങ്കിടിപ്പും ഉദ്വേഗവുമേറ്റി രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലെത്തുക. ബിജെപി ഭരണം തിരിച്ചുപിടിക്കുമോയെന്നതിലും ചരിത്രം തിരുത്തി കോണ്‍ഗ്രസ് ഭരണത്തുടർച്ച നേടുമോയെന്നതിലും ഇരുപക്ഷത്തെയും നേതാക്കൾ ഇന്നലെയും ആശയക്കുഴപ്പത്തിലാണ്.
ഭരണവിരുദ്ധ വികാരവും സച്ചിൻ പൈലറ്റിന്റെ ഗുജ്ജർ സമുദായത്തിലെ പരിഭവങ്ങളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപി രാജസ്ഥാനിൽ അധികാരത്തിലെത്തുമെന്ന് ദേശീയമാധ്യമങ്ങൾ മുൻകൂട്ടി പ്രവചിക്കുകയും ചെയ്തു. എന്നാൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ കോണ്‍ഗ്രസ് നടത്തിയ തിരിച്ചുവരവ് മത്സരം ഫോട്ടോഫിനിഷിലേക്കാണു നയിച്ചത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഭിന്നതകൾ മാറ്റിവച്ചു പ്രചാരണം കൊഴുപ്പിച്ചതാണ് കോണ്‍ഗ്രസിനു പ്രതീക്ഷയേകിയത്. എന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി പരമാവധി സന്നാഹങ്ങളുമായി പോർക്കളത്തിൽ സജീവമായത് ബിജെപി അണികളിലും പ്രത്യാശ നൽകുന്നു.
ജയ്പുരിൽ ഇന്നലെ മോദി നടത്തിയ റോഡ് ഷോയിൽ വൻ ജനാവലി പങ്കെടുത്തു. ഗെഹ്ലോട്ട് സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും സച്ചിൻ പൈലറ്റിനെ ഒതുക്കിയെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ ഊന്നൽ.
ബിജെപിയുടെ വാഗ്ദാനങ്ങളേക്കാളേറെ കോണ്‍ഗ്രസിനെയും ഗെഹ്ലോട്ടിനെയും കടന്നാക്രമിച്ചു വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമവും പ്രകടമായി. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരേയായിരുന്നു അജ്മീറിലെ റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചത്.
ചുരു ജില്ലയിലെ താരാനഗറിൽ രാഹുൽഗാന്ധിയും മുഖ്യമന്ത്രി ഗെഹ്ലോട്ടും സംയുക്തമായി നടത്തിയ കോണ്‍ഗ്രസ് ഗാരന്റി റാലിയിലും വൻ ജനപങ്കാളിത്തം കാണാനായി.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് അദാനിക്കും കൂട്ടർക്കും സാധാരണക്കാരെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയാണ് മോദിയെന്ന് രാഹുൽ ആരോപിച്ചു. ബിജെപിയുടെ വഞ്ചന തിരിച്ചറിയണമെന്നും വൻ വികസനം നടപ്പാക്കിയ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേറ്റണമെന്നും രാഹുലും ഗെഹ്ലോട്ടും അഭ്യർഥിച്ചു. കോണ്‍ഗ്രസിൽ ചേർന്ന കർഷകനേതാവ് രാംപാൽ ജാട്ടിനെ മുഖ്യമന്ത്രി നേരിട്ട് ആശ്ലേഷിച്ചു സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചു.
ഉദയ്പുരിലെ മാവ്ലിയിൽ നടന്ന റാലിയിൽ മോദിക്കെതിരേ രൂക്ഷവിമർശനമാണു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയത്. ക്രിക്കറ്റ് കളി കാണാൻ അഹമ്മദാബാദിലേക്കു പോകാൻ സമയം കണ്ടെത്തിയ മോദിക്ക് മണിപ്പുരിലെ ജനതയ്ക്ക് ആശ്വാസമേകാനും സമാധാനത്തിനു മുൻകൈയെടുക്കാനും അവിടെവരെ പോകാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് സഗ്വാരയിലെ ഗായത്രി പീഠിൽ നടന്ന കോണ്‍ഗ്രസ് റാലിയിൽ പ്രിയങ്ക ഗാന്ധി വദ്ര കുറ്റപ്പെടുത്തി.
വികസന, ക്ഷേമ കാര്യങ്ങളേക്കാളേറെ ജാതിപരിഗണനകൾ തന്നെയാകും നാളെ ബൂത്തിലെത്തുന്ന വോട്ടർമാരെ കൂടുതൽ സ്വാധീനിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു പിന്നിൽ അടിയുറച്ചു നിന്ന ഗുജ്ജർ വോട്ടുകളിൽ ഒരുവിഭാഗം ഇക്കുറി കോണ്‍ഗ്രസിനെ കൈവിട്ടേക്കും.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നു മുൻകൂട്ടി പ്രഖ്യാപിക്കാത്തതാണ് ചില വോട്ടർമാരെ മാറി ചിന്തിപ്പിക്കുന്നത്. എന്നാൽ, ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം ഗുജ്ജർ സമുദായത്തെ ഒരുപരിധിവരെ തണുപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ ആകെയുള്ള ഒന്‍പത് ഗുജ്ജർ എംഎൽഎമാരും ഇപ്പോൾ കോണ്‍ഗ്രസുകാരാണ്. ഇതിനുപുറമെ അന്‍പതോളം മണ്ഡലങ്ങളിൽ ഗുജ്ജർ വോട്ടുകൾ കോണ്‍ഗ്രസിനും ബിജെപിക്കും നിർണായകമാണ്. രാജസ്ഥാനിലെ പ്രബലരായ ജാട്ടുകളും പിന്നാക്ക മീണ വിഭാഗവും ഏതെങ്കിലും ഒരു പക്ഷത്ത് പൂർണമായി വോട്ട് ചെയ്യാനിടയില്ല.
ഒന്‍പതു ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോണ്‍ഗ്രസ് അണിയറനീക്കം നടത്തുന്പോൾ സവർണ, പിന്നാക്ക വോട്ടുകൾ പരമാവധി കീശയിലാക്കാൻ ബിജെപിയും തന്ത്രങ്ങൾ പയറ്റുകയാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജാതി സെൻസസ് ബിജെപിക്കു ക്ഷീണമായി. വനിത, യുവ വോട്ടർമാരും നഗരവാസികളുമാകും നിർണായകമാകുക.