ഉത്തരകാശി രക്ഷാദൗത്യം അന്തിമഘട്ടത്തിൽ
Friday, November 24, 2023 1:37 AM IST
ഡെറാഡൂണ്: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞ് 13 ദിവസമായി ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്.
ദൗത്യം ഇന്നലെത്തന്നെ പൂർത്തിയാകേണ്ടതായിരുന്നെങ്കിലും ഡ്രില്ലിംഗ് നടത്തുന്ന ഓഗർ മെഷീന്റെ ബ്ലേഡ് തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലുള്ള ഇരുന്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് തകരാറിലായി. ഡ്രില്ലിംഗ് അവസാനഘട്ടത്തിൽ എത്തിനിൽക്കെ തൊഴിലാളികൾക്ക് പുറത്തിറങ്ങാനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടയിലാണു തകരാർ സംഭവിച്ചത്.
22 ടൺ ഭാരം വരുന്ന ഓഗർ മെഷീൻ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതും ദൗത്യം വൈകാനിടയാക്കി. ഡ്രില്ലിംഗ് പൂർത്തിയാക്കി രക്ഷാപ്രവർത്തകർക്ക് തൊഴിലാളികളുടെ അടുത്തെത്താൻ ഇനിയും അഞ്ചു മുതൽ ആറു മണിക്കൂർ വരെ വേണ്ടിവന്നേക്കുമെന്നാണ് രാത്രി വൈകിയുള്ള റിപ്പോർട്ട്. അതിനാൽത്തന്നെ ഇന്നു രാവിലെയോടെ രക്ഷാദൗത്യം ലക്ഷ്യം കണ്ടേക്കുമെന്നാണു സൂചന.
ഡ്രില്ലിംഗ് നടത്തുന്ന ഓഗർ മെഷീന് തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലുള്ള ലോഹപാളികളിൽ തട്ടി സംഭവിക്കുന്ന തകരാറുകളാണ് രക്ഷാദൗത്യം അപ്രതീക്ഷിതമായി വൈകാനിടയാക്കുന്നതെന്ന് ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സ് പറഞ്ഞു. എങ്കിലും ഓരോ നിമിഷവും ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ദൗത്യം അവസാനഘട്ടത്തിൽ എത്തിയതായും അദ്ദേഹം പറഞ്ഞു.
80 സെന്റിമീറ്റർ വ്യാസമുള്ള ഒന്പത് പൈപ്പുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിലൂടെ മുന്നോട്ടു നീക്കിയിട്ടുണ്ട്. തൊഴിലാളികളിലേക്കെത്താൻ ആകെ പത്തു കുഴലുകളാണു വേണ്ടത്.
സർവ്വം സജ്ജം
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആംബുലൻസുകൾ തയാറാക്കി നിർത്തിയിരിക്കുകയാണ്. തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ഓക്സിജൻ സൗകര്യത്തോടെ 41 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി തുരങ്കത്തിനു സമീപം താത്കാലിക ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.
15 ഡോക്ടർമാരുൾപ്പെടുന്ന വൻ മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാന്പ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിംഗും രക്ഷാപ്രവർത്തനം വിലയിരുത്താൻ എത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിച്ചു.
കഴിഞ്ഞ 12ന് പുലർച്ചെ 5.30-നായിരുന്നു തുരങ്കം ഭാഗികമായി തകർന്നത്. തുരങ്കത്തിന്റെ പ്രവേശനകവാടത്തിൽനിന്ന് 200 മീറ്റർ ഉള്ളിലായിരുന്നു അപകടം. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.
തൊഴിലാളികളെ സ്ട്രെച്ചറിൽ എത്തിക്കും
ഡ്രില്ലിംഗിലൂടെ സ്ഥാപിക്കുന്ന പൈപ്പിലൂടെ നിരങ്ങിനീങ്ങി തൊഴിലാളികൾ സ്വയം പുറത്തിറങ്ങുന്നതിനെക്കുറിച്ചാണ് രക്ഷാപ്രവർത്തകർ ആദ്യം ആലോചിച്ചത്. എന്നാൽ, തൊഴിലാളികളിൽ ചിലർ ക്ഷീണിതരായതിനാൽ ഈ തീരുമാനം പിന്നീട് പിൻവലിച്ചു.
പകരം, ദേശീയ ദുരന്തനിവാരണ സേനയിലെ വിദഗ്ധർ പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തെത്തി സ്ട്രെച്ചറുകളിൽ ഓരോരുത്തരെയായി പുറത്തെത്തിക്കാനാണു തീരുമാനമെന്ന് ദേശീയ ദുരന്ത നിവാരണസേന ഡയറക്ടർ ജനറൽ അതുൽ കാർവാൽ പറഞ്ഞു. കൂടുതൽ ക്ഷീണമുള്ളവരെയായിരിക്കും ആദ്യം പുറത്തെത്തിക്കുക.